
ഇസ്രയേല്‍- ഹമാസ് സംഘര്‍ഷങ്ങള്‍ക്കിടെ പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൈതാനത്ത് പതാക വീശി പലസ്‌തീന് ഐക്യദാര്‍ഢ്യം അറിയിച്ചു എന്ന വീഡിയോ പ്രചാരണം വ്യാജമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ റോണോയെ കുറിച്ച് മറ്റൊരു പ്രചാരണവും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. പലസ്‌തീന്‍ പതാകയണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ് ചിത്രം സഹിതം ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്.
പ്രചാരണം
J4 Media എന്ന ഫേസ്‌ബുക്ക് പേജില്‍ 2023 ഒക്ടോബര്‍ 10-ാം തിയതിയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'ഫലസ്തീന്‍ പതാകയണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ' എന്ന് മലയാളത്തില്‍ തലക്കെട്ടോടെയാണ് ചിത്രം. പലസ്‌തീന്‍ എന്നെഴുതിയ ഷാള്‍ ക്രിസ്റ്റ്യാനോ അടക്കമുള്ള നാല് പേരുടെയും കഴുത്തില്‍ കാണാം.
ഫേസ്‌ബുക്ക് പോസ്റ്റ്
വസ്‌തുത
എന്നാല്‍ ഈ ചിത്രം ഇപ്പോഴത്തേത് അല്ല, 2009ലേതാണ് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഈ ചിത്രം 2009 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന FIFA World Player Gala 2008ല്‍ ക്രിസ്റ്റ്യാനോ പങ്കെടുക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. 2009ല്‍ സൂറിച്ചില്‍ നടന്ന പരിപാടിയുടെ ചിത്രമാണിത് എന്ന് 2010ലും 2012ലും പ്രത്യക്ഷപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നു. ഈ പോസ്റ്റുകളിലുള്ളത് വസ്‌തുതയോ എന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തി.
എഫ്‌ബി പോസ്റ്റുകള്‍
പലസ്‌തീന്‍ പതാകയല്ല, ക്രിസ്റ്റ്യാനോയും കൂടെയുള്ളവരും ധരിച്ചിരിക്കുന്നതായി കാണുന്നത് പലസ്‌തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ ലോഗോയുള്ള ഷാളാണ്. പലസ്‌തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ ലോഗോ താഴെ നല്‍കുന്നു. ഇതേ ലോഗോ ഷാളിന്‍റെ അറ്റത്തും കാണാം.
പലസ്‌തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ലോഗോ
ചിത്രത്തില്‍ ക്രിസ്റ്റ്യാനോയ്ക്കൊപ്പം പോസ് ചെയ്‌തിരിക്കുന്നവരില്‍ ഏറ്റവും വലത് നില്‍ക്കുന്ന ആള്‍ പലസ്‌തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തലവന്‍ ജിബ്രില്‍ റജൂബാണ്. ക്രിസ്റ്റ്യാനോയ്‌ക്ക് പുറമെ റജൂബും ഇതേ ചടങ്ങില്‍ വച്ച് ഫിഫയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു എന്ന് ഗെറ്റി ഇമേജസിന്‍റെ ചിത്രം വ്യക്തമാക്കുന്നു. ഇരുവരും ചടങ്ങളില്‍ ഒരേസമയം പങ്കെടുത്തിരുന്നു എന്ന് ഇക്കാര്യം തെളിയിക്കുന്നു. അതിനാല്‍തന്നെ പലസ്‌തീന്‍ ഫുട്ബോള്‍ അധികൃതര്‍ക്കൊപ്പം റോണോ പോസ് ചെയ്‌തിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് മനസിലാക്കാം.
ഗെറ്റി ഇമേജസ് ചിത്രം
അതേസമയം ചടങ്ങില്‍ വച്ച് പലസ്‌തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തലവനും താരങ്ങള്‍ക്കുമൊപ്പം പോസ് ചെയ്ത റോണോ പലസ്‌തീന് പിന്തുണ അറിയിച്ചതായി മാധ്യമവാര്‍ത്തകളൊന്നും കണ്ടെത്താനായില്ല.
നിഗമനം
'പലസ്‌തീന്‍ പതാകയണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ' എന്ന് ഈ ചിത്രം കണ്ട് പറയാനാവില്ല. ഫിഫ അവാര്‍ഡിനിടെ 2009ല്‍ പലസ്‌തീന്‍ ഫുട്ബോള്‍ അസോസിയേഷനും താരങ്ങള്‍ക്കുമൊപ്പം റോണോ പോസ് ചെയ്‌തതിന്‍റെ ചിത്രമാണിത്. ചിത്രത്തില്‍ ക്രിസ്റ്റ്യാനോ ധരിച്ചിരിക്കുന്നത് പലസ്‌തീന്‍ പതാകയല്ല, പലസ്‌തീന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ ലോഗോയുള്ള ഷാളാണ്. സമാനമായി സിആര്‍7 ഇസ്രയേല്‍ മന്ത്രി അടക്കമുള്ളവരുമായി മുമ്പ് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തിട്ടുണ്ട് എന്നും വ്യക്തമായിട്ടുണ്ട്.
റോണോ 2019ലെ ഇസ്രയേല്‍ വിദേശകാര്യ മന്ത്രിക്കൊപ്പം- ചിത്രം
Read more: 'പലസ്തീന്‍ പതാക വീശി ഗാസയ്ക്ക് പിന്തുണയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'! വീഡിയോ വൈറല്‍, ശരിയോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം