ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ യാത്രക്കാരനെ പുള്ളിപ്പുലി ആക്രമിച്ചോ? വീഡിയോയുടെ സത്യമെന്ത് ‌‌| Fact Check

Published : Jan 08, 2026, 03:41 PM IST
Fact-Check

Synopsis

ട്രെയിനിന് സമാന്തരമായി പുള്ളിപ്പുലി ഓടിയെത്തുന്നതും, ഒരു യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് താഴെ വീഴുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയുടെ യാഥാര്‍ഥ്യം ഫാക്‌ട് ചെക്കിലൂടെ പരിശോധിക്കാം. 

അമരാവതി: മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ പുള്ളിപ്പുലി ആക്രമിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുള്ളിപ്പുലി ട്രെയിനിന് സമാന്തരമായി ഏറെ നേരം ഓടുന്നതും ഒടുവില്‍ ട്രെയിനിലേക്ക് ചാടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. പുള്ളിപ്പുലിയുമായുള്ള മല്‍പ്പിടുത്തത്തിനിടെ ഒരു യാത്രക്കാരന്‍ താഴെ വീഴുന്നതും വീഡിയോയിലുണ്ട്. എന്താണ് ഈ വീഡിയോയുടെ വസ്‌തുത എന്ന് പരിശോധിക്കാം.

പ്രചാരണം

വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍. അതിന് സമാനന്തരമായി പാഞ്ഞടുക്കുകയാണ് ഒരു പുള്ളിപ്പുലി. ആദ്യം ഒരുവട്ടം ട്രെയിന്‍ ജനാലയ്‌ക്ക് അരികിലൂടെ പാഞ്ഞുകയറാന്‍ ശ്രമിച്ച് ശൗര്യം കാണിക്കുന്നുണ്ട് ഈ പുള്ളിപ്പുലി. അതുകഴിഞ്ഞ്, ട്രെയിനിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഒരു യാത്രക്കാരന്‍റെ നേര്‍ക്ക് പുള്ളിപ്പുലി ചാടിയടുക്കുന്നു. മല്‍പ്പിടുത്തത്തിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീഴുന്നു. ഇത്രയുമാണ് മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ നടന്ന സംഭവത്തിന്‍റേത് എന്ന പേരില്‍ എക്‌സില്‍ വൈറലായ വീഡിയോയില്‍ കാണുന്നത്.

വസ്‌തുതാ പരിശോധന 

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ പുള്ളിപ്പുലി ആക്രമിച്ചതായുള്ള വീഡിയോയില്‍ ഒട്ടേറെ അസ്വാഭാവികതകള്‍ കാണാം. ദൃശ്യങ്ങളില്‍ ചിലയിടത്ത് പുള്ളിപ്പുലിയുടെ ശരീര ഭാഗങ്ങള്‍ മാഞ്ഞുപോയത് പോലെ തോന്നിക്കുന്നുണ്ട്. ഇത്തരം പിഴവുകള്‍ സാധാരണയായി എഐ നിര്‍മ്മിത വീഡിയോകളില്‍ സംഭവിക്കാറുണ്ട്. പുള്ളിപ്പുലി പിടിക്കുന്നതും ട്രാക്കിലേക്ക് വീഴുന്നതുമായ ആളുടെ ശരീര ആംഗ്യങ്ങള്‍ സ്വാഭാവികമല്ല എന്നതും സംശയാസ്‌പദമാണ്. വൈറല്‍ വീഡിയോ യഥാര്‍ഥമല്ല എന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നത്. ഒരു യാത്രക്കാരന്‍ താഴെ വീഴുമ്പോളും സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് പ്രതികരണമൊന്നും ഇല്ല എന്നത് സംശയം വര്‍ധിപ്പിക്കുന്നു. വീഡിയോയില്‍ പലയിടത്തും ട്രെയിന്‍ സീറ്റുകളിലും ട്രെയിന്‍റെ വശങ്ങളിലെ വിന്‍ഡോയിലും വ്യത്യാസങ്ങളും പ്രകടം.

ഈ സംശയങ്ങളെത്തുടര്‍ന്ന് വീഡിയോ എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചു. ഈ പരിശോധനയില്‍ എഐ ഡിറ്റക്ഷന്‍ ടൂളായ ഡീപ്‌ഫേക്ക്-ഒ-മീറ്റര്‍ നല്‍കിയ ഫലം ഈ ദൃശ്യങ്ങള്‍ എഐ സൃഷ്‌ടിയാണ് എന്നായിരുന്നു.

നിഗമനം

മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഒരു യാത്രക്കാരനെ പുള്ളിപ്പുലി ആക്രമിക്കുന്നതായുള്ള വീഡിയോ യഥാര്‍ഥമല്ല, എഐ നിര്‍മ്മിതമാണ്.

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

ആരും വിശ്വസിക്കല്ലേ, എം എസ് ധോണിയുടെയും ഭാര്യയുടെയും ആ ചിത്രം വ്യാജം ‌‌| Fact Check
ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ