'ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം'; ആ ഇ-മെയിലില്‍ ക്ലിക്ക് ചെയ്യല്ലേ

Published : Oct 13, 2025, 04:08 PM IST
fact check

Synopsis

ഇ-പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം എന്നുപറഞ്ഞാണ് ഇ-മെയില്‍ വരുന്നത്. ഈ മെയില്‍ വ്യാജമാണെന്നും ആരും സംശയാസ്‌പദമായ ഇമെയിലുകളോടും ലിങ്കുകളോടും കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുത് എന്ന് അഭ്യര്‍ഥിച്ചും പിഐബി. 

ദില്ലി: ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം എന്ന സബ്‌ജക്റ്റില്‍ വ്യാജ ഇ-മെയിലുകള്‍ വ്യാപകമാവുന്നു. ഇ-പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ് എന്ന വിവരണത്തോടെയാണ് ഈ ഇ-മെയിലുകള്‍ വരുന്നത്. എന്നാല്‍ ഈ ഇ-മെയില്‍ വ്യാജമാണെന്നും ക്ലിക്ക് ചെയ്‌തോ മറുപടി നല്‍കിയോ ആരും വഞ്ചിതരാവരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്‌ട് ചെക്ക് വിഭാഗം അഭ്യര്‍ഥിച്ചു.

ഇ-പാന്‍ കാര്‍ഡിന്‍റെ പേരില്‍ സൈബര്‍ തട്ടിപ്പ്

ഇ-പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നുപറഞ്ഞാണ് പൊതുജനങ്ങള്‍ക്ക് ഇ-മെയിലുകള്‍ ലഭിക്കുന്നത്. ആദായനികുതി വകുപ്പ് പുറത്തിറക്കുന്ന ഏറ്റവും പ്രധാന രേഖകളിലൊന്നാണ് പാന്‍ കാര്‍ഡ് എന്ന് ഈ ഇ-മെയില്‍ പറയുന്നു. എന്നാല്‍, ഇ-പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം എന്ന തരത്തില്‍ വരുന്ന ഈ ഇ-മെയില്‍ വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം എന്ന് പിഐബി ഫാക്‌ട് ചെക്ക് വ്യക്തമാക്കി. ഇത്തരത്തില്‍ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും ആവശ്യപ്പെടുന്ന സംശയാസ്‌പദമായ ഇ-മെയിലുകളോടും ലിങ്കുകളോടും കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുത് എന്നും പിഐബി അഭ്യര്‍ഥിച്ചു. ലഭിക്കുന്ന ലിങ്കുകളില്‍ ആരും ക്ലിക്ക് ചെയ്യരുത്. എപികെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ സെന്‍സിറ്റീവായ വിവരങ്ങള്‍ ചോരുകയും ഹാക്കര്‍മാര്‍ സിസ്റ്റത്തിലേക്ക് നുഴഞ്ഞുകയറുകയും ചെയ്യും. അതിനാല്‍ എപികെ ഫയലുകളോടും അകലം പാലിക്കുക. 

ഇന്‍കം ടാക്‌സ് വകുപ്പ് ഇ-മെയിലുകള്‍ വഴി ഒരിക്കലും വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെടാറില്ല എന്നോര്‍ക്കുക. പിന്‍ നമ്പറുകള്‍, പാസ്‌വേഡുകള്‍, ക്രഡിറ്റ് കാര്‍ഡ് ആക്‌സസ് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മറ്റ് സാമ്പത്തിക അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആദായ നികുതി വകുപ്പ് ഇ-മെയിലിലൂടെ പൊതുജനങ്ങളോട് ആവശ്യപ്പെടാറില്ല.

 

 

എങ്ങനെ ഫിഷിംഗ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യാം?

സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഫിഷിംഗ് ശ്രമങ്ങള്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിന്‍റേത് എന്ന വ്യാജേനുള്ള ഇ-മെയിലുകള്‍ ലഭിക്കുകയോ വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്‌താല്‍, ആ വെബ്‌സൈറ്റിന്‍റെയും ഇമെയിലിന്‍റെയും യുആര്‍എല്‍ webmanager@incometax.gov.in എന്ന വിലാസത്തിലേക്ക് അയക്കുക. incident@cert-in.org.in മെയില്‍ ഐഡിയിലേക്ക് ഒരു കോപ്പി വയ്‌ക്കുകയും ചെയ്യാം. ഇതിന് പുറമെ ആ സന്ദേശമോ, ഇ-മെയിലിന്‍റെ ഇന്‍റര്‍നെറ്റ് ഹെഡറോ അയക്കുകയുമാവാം. ആരാണ് വ്യാജ മെയില്‍ അയച്ചത് അത് കണ്ടെത്താന്‍ ഏറെ സഹായകമാവുന്ന ഘടകമാണ് ഇന്‍റര്‍നെറ്റ് ഹെഡര്‍ എന്നത്. പരാതിയോ ഇന്‍റര്‍നെറ്റ് ഹെഡറോ അയച്ചുകഴിഞ്ഞാല്‍ പിന്നീട്, നേരത്തെ ലഭിച്ച സംശയാസ്‌പദമായ ഇ-മെയില്‍ സൂക്ഷിക്കേണ്ടതില്ല. അത് ഡിലീറ്റ് ചെയ്യുകയാണ് ഏറ്റവും ഉചിതം. ആദായനികുതി വകുപ്പുമായി ബന്ധമില്ലാത്ത ഫിഷിംഗ് മെയിലുകള്‍ ലഭിച്ചാലും അത് incident@cert-in.org.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check