കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണത്തിന് 25 കിലോ അരി നല്‍കുന്നില്ല, പ്രചാരണം വ്യാജം | Fact Check

Published : Aug 31, 2025, 03:36 PM IST
Fact Check

Synopsis

‘25 കിലോ അരിയാണ് ഇത്തവണ ഓണക്കിറ്റായി കൊടുക്കുന്നത്. അത് കുട്ടികളെ കൊണ്ട് ഇങ്ങനെ ഒറ്റക്ക് എടുപ്പിക്കുന്നത് ശരിയല്ല. അരി വാങ്ങാന്‍ രക്ഷിതാക്കളും പോവണം’- എന്നും വ്യാജ സ്ക്രീന്‍ഷോട്ടില്‍ പറയുന്നു

ഓണക്കാലമാണ്. സോഷ്യല്‍ മീഡിയയില്‍ ഓണ സംബന്ധമായും വ്യാജ പ്രചാരണങ്ങളുണ്ട്. ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 25 കിലോഗ്രാം വീതം അരി വിതരണം ചെയ്യുന്നു എന്നായിരുന്നു ഒരു പ്രചാരണം. ഇതിന്‍റെയടക്കം വസ്‌തുത വിശദമായി അറിയാം.

പ്രചാരണം- 1

‘2025ലെ ഓണക്കാലത്ത് 25 കിലോഗ്രാം വീതം അരിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്’- എന്നുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇക്കഴിഞ്ഞ ആഴ്‌ച വ്യാപകമായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന്‍റേത് എന്ന് തരത്തിലുള്ള ഒരു സ്ക്രീന്‍ഷോട്ടാണ് എഫ്‌ബിയില്‍ ഒരാള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. '25 കിലോ അരിയാണ് ഇത്തവണ ഓണക്കിറ്റായി കൊടുക്കുന്നത്. അത് കുട്ടികളെ കൊണ്ട് ഇങ്ങനെ ഒറ്റക്ക് എടുപ്പിക്കുന്നത് ശരിയല്ല. അരി വാങ്ങാന്‍ രക്ഷിതാക്കളും പോവണം'- എന്ന് മന്ത്രി ശിവന്‍കുട്ടി ഒരു ചിത്രം സഹിതം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്‌തതായാണ് പ്രചാരണം.

വസ്‌തുത

എന്നാല്‍ ഓണക്കിറ്റായി വിദ്യാര്‍ഥികള്‍ക്ക് 25 കിലോ വീതം അരി നല്‍കുന്നതായി ഒരു പോസ്റ്റും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പരിശോധനയില്‍ കാണാനായില്ല. ഓണത്തിന് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യും- എന്ന കുറിപ്പോടെ മന്ത്രി ഓഗസ്റ്റ് 20ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടില്‍ എഡിറ്റിംഗ് നടത്തിയാണ്, 25 കിലോ അരി വിതരണം ചെയ്യുന്നു എന്ന തലത്തിലുള്ള വ്യാജ പ്രചാരണം ചിലര്‍ നടത്തുന്നത്. ഓണക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് നാല് കിലോ വീതം അരിയാണ്.

പ്രചാരണം- 2

ഉത്തരേന്ത്യയിലെ പലയിടങ്ങളിലും മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും അടുത്തിടെയുണ്ടായിരുന്നു. ഹിമാചല്‍പ്രദേശിലും ജമ്മുവിലും പഞ്ചാബിലും അതിശക്തമായ മഴ കനത്ത നാശം വിതച്ചു. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ ഒരു വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി. വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയ ട്രെയിനിന്‍റെ ദൃശ്യങ്ങളാണിത്. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.

വസ്‌തുത

വെള്ളപ്പൊക്കത്തില്‍ ട്രെയിന്‍ മുങ്ങിപ്പോയതായുള്ള വീഡിയോ പ്രചാരണം വാസ്‌തവവിരുദ്ധമാണ്. ഇങ്ങനെയൊരു സംഭവമേയില്ല എന്നതാണ് ഒരു യാഥാര്‍ഥ്യം. ട്രെയിന്‍ പൂര്‍ണമായും മുങ്ങിപ്പോയ സംഭവമുണ്ടായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയാവുമായിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. വൈറല്‍ വീഡിയോ യഥാര്‍ഥ സംഭവത്തിന്‍റേത് അല്ലെന്നും എഐ നിര്‍മ്മിതമാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് അനാവശ്യ ഭീതി സൃഷ്‌ടിക്കുമെന്നും, എപ്പോഴും ഇത്തരം ദൃശ്യങ്ങള്‍ വെരിഫൈ ചെയ്യണമെന്നും പിഐബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

പ്രചാരണം- 3

അനേകായിരം മനുഷ്യര്‍ ഒരു തെരുവിലൂടെ നടന്നുനീങ്ങുന്ന മനോഹര കാഴ്‌ച. ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യില്‍ നിന്നുള്ളതാണ് ഈ ദൃശ്യം എന്നായിരുന്നു കേരളത്തിലടക്കം ഫേസ്ബുക്കില്‍ നടന്ന പ്രചാരണം. 'രാഹുല്‍ ഗാന്ധി ബിഹാറിന്‍റെ ഭൂമിയില്‍ പ്രളയമായി അലയടിക്കുന്നു'- എന്ന തലക്കെട്ടിലാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ്ബുക്കില്‍ ആളുകള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയുടെ വസ്‌തുതയും മറ്റൊന്നായിരുന്നു.

വസ്‌തുത

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ എഫ്‌ബിയില്‍ കാണുന്ന വീഡിയോ ബിഹാറില്‍ നിന്നുള്ളതുമല്ല, പഴയതുമാണ്. ഒഡിഷയിലെ വിഖ്യാതമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിന്‍റെ ഭാഗമായുള്ള റാലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. ഇതാണ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയുടേത് എന്ന കുറിപ്പുകളോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. വീഡിയോയ്ക്ക് വോട്ടര്‍ അധികാര്‍ യാത്രയുമായോ ബിഹാറുമായോ രാഹുല്‍ ഗാന്ധിയുമായോ യാതൊരു ബന്ധവുമില്ല.

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check