
റാബത്ത്: 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ ഞെട്ടല്‍ മൊറോക്കന്‍ ജനതയ്‌ക്ക് മാറിയിട്ടില്ല. ഈ നൂറ്റാണ്ടില്‍ മൊറോക്കോയെ ഏറ്റവും ദാരുണമായി ഉലച്ച ഭൂകമ്പത്തില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായി. ആയിരക്കണക്കിനാളുകളുടെ കിടപ്പാടം നഷ്‌ടമായപ്പോള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണം പോലും നിശ്ചയമില്ല. എവിടെത്തിരിഞ്ഞാലും ദുരിതക്കാഴ്‌ചകള്‍ മാത്രമുള്ള മൊറോക്കോയില്‍ നിന്ന് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഏറെ നിലകളുള്ള പടുകൂറ്റന്‍ കെട്ടിടം നിമിഷങ്ങള്‍ കൊണ്ട് നിലംപരിശാകുന്നതിന്‍റെ വീഡിയോയാണിത്. എന്നാല്‍ ഈ വീഡിയോയ്‌ക്ക് ഒരു പ്രശ്‌നമുണ്ട്.
പ്രചാരണം
മൊറോക്കോ ഭൂകമ്പത്തിന്‍റേത് എന്ന തലക്കെട്ടുകളോടെയാണ് ബഹുനില കെട്ടിടം തകര്‍ന്നുവീഴുന്നതിന്‍റെ വീഡിയോ പലരും സാമൂഹ്യമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ചിരിക്കുന്നത്. ആദ്യം കെട്ടിടത്തിന്‍റെ ഒരു ഭാഗം തകരുകയും പിന്നാലെ പൂര്‍ണമായും അത് നിലംപതിക്കുന്നതുമാണ് വീഡിയോയില്‍. കെട്ടിടം തകരുന്നത് നിരവധി ആളുകള്‍ നോക്കിനില്‍ക്കുന്നതും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതും കാണാം. നിരവധി പേരാണ് ഈ വീഡിയോ ഇതേ അവകാശവാദത്തോടെ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെയാണ് മൊറോക്കോയിലെ ഭൂകമ്പത്തിന്‍റെ ദൃശ്യങ്ങളാണോ എന്ന സംശയം ഉടലെടുത്തത്. എന്താണ് ഈ വീഡിയോയുടെ യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.
വസ‌്‌തുത
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് മൊറോക്കോന്‍ ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ല. ഇതേ വീഡിയോ 2023 ഫെബ്രുവരി 12ന് അഡാന സിറ്റി എന്ന അക്കൗണ്ട് ട്വീറ്റ് ചെയ്‌തതായി കാണാം. തുര്‍ക്കിയിലെ വലിയ പട്ടണമാണ് അഡാന. തുര്‍ക്കിയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ കേടുപാട് സംഭവിച്ച കെട്ടിടം നിയന്ത്രിത സ്ഫോടനം ഉപയോഗിച്ച് പിന്നീട് തകര്‍ക്കുകയായിരുന്നു എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നത്. മൊറോക്കോ ഭൂകമ്പത്തില്‍ കെട്ടിടം തകരുന്നത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ ഇക്കാരണത്താല്‍ തന്നെ പഴയതാണ് എന്നും തുര്‍ക്കിയില്‍ നിന്നുള്ളതാണെന്നും ഉറപ്പിക്കാം.
Read more: എല്ലാം തകര്‍ന്നടിയുന്ന കാഴ്‌ച; ഇത് മൊറോക്കന്‍ ഭൂകമ്പത്തിന്‍റെ ഭീതിജനകമായ ദൃശ്യങ്ങളോ- Fact Check
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.