മുംബൈയില്‍ ബിജെപി വിതരണം ചെയ്ത തെരഞ്ഞെടുപ്പ് കിറ്റില്‍ സ്വര്‍ണ ബിസ്‌കറ്റോ? വസ്തുത വിശദമാക്കി ഫാക്ട് ചെക്ക്

By Web TeamFirst Published May 14, 2024, 8:19 AM IST
Highlights

400 സീറ്റുകള്‍ നേടാനുള്ള നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും പദ്ധതി ഇതാണോ? എന്ന ചോദ്യത്തോടെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കാണ്. തെറ്റായ അനവധി വീഡിയോകളും ചിത്രങ്ങളുമൊക്കെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലൊരു പ്രചാരണമാണ് മഹാരാഷ്ട്രയിലെ മുംബൈയില്‍ ബിജെപി സ്വര്‍ണ ബിസ്‌കറ്റുകള്‍ വിതരണം ചെയ്യുന്നു എന്നുള്ളത്. ഇതിന്‍റെ വസ്തുത പരിശോധിക്കാം. 

പ്രചാരണം
 
'ബിഗ്‌ ബ്രേക്കിംഗ്. മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ബിജെപിയുടെ പരിപാടികള്‍ നോക്കുക. ബിജെപി പോസ്റ്ററും ബാനറും ഒരു ഗോള്‍ഡ് കോയിനും മുംബൈയിലെ ഘട്കോപാറില്‍ വിതരണം ചെയ്യുന്ന എല്ലാ ബാഗുകളിലും അടങ്ങിയിരിക്കുന്നു. 400 സീറ്റുകള്‍ നേടാനുള്ള നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും പദ്ധതി ഇതാണോ?'- എന്നുമുള്ള കുറിപ്പോടെയാണ് ഒര മിനുറ്റും 30 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിജെപിയുടെ ചിഹ്നം ആലേഖനം ചെയ്തിട്ടുള്ള ഒരു സഞ്ചി തുറക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഈ കിറ്റില്‍ നിന്ന് എന്തൊക്കെയോ സാധനങ്ങള്‍ പുറത്തെടുക്കുന്നതായി കാണാം. 

Latest Videos

വസ്തുത

എന്നാല്‍ മുംബൈയില്‍ ബിജെപി സ്വര്‍ണ ബിസ്കറ്റുകള്‍ വിതരണം ചെയ്തതായുള്ള വീഡിയോ പ്രചാരണം വ്യാജമാണ് എന്നാണ് ദി ക്വിന്‍റ് കണ്ടെത്തിയിരിക്കുന്നത്. ഒരു പെര്‍ഫ്യൂം കുപ്പി സഞ്ചിയില്‍ നിന്ന് പുറത്തെടുക്കുന്നതിനെയാണ് സ്വര്‍ണ ബിസ്‌കറ്റായി തെറ്റിദ്ധരിച്ചിരിക്കുന്നത്. ബിജെപിയുടെ ഒരു പോസ്റ്ററും ബാനറും പ്ലാസ്റ്റിക് പെര്‍ഫ്ര്യൂം ബോട്ടിലും അടങ്ങുന്ന കിറ്റാണ് വീഡിയോയില്‍ കാണുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍ കാണുന്നത് എന്നവകാശപ്പെടുന്ന പെര്‍ഫ്യൂ ബോട്ടില്‍ വാര്‍ത്തയുടെ അവസാനം എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ എടുത്ത് കാണിക്കുന്നുണ്ട്. 

നിഗമനം 

മുംബൈയില്‍ ബിജെപി തെരഞ്ഞെടുപ്പ് കിറ്റിനൊപ്പം സ്വര്‍ണ ബിസ്കറ്റ് വിതരണം ചെയ്തതായുള്ള പ്രചാരണം തെറ്റാണ് എന്നാണ് മാധ്യമവാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. അതേസമയം കിറ്റില്‍ നിന്ന് സ്വ‍ര്‍ണ ബിസ്കറ്റ് പിടികൂടിയതായി വാര്‍ത്തകളൊന്നും ലഭ്യമല്ല. 

Read more: ട്രക്ക് നിറയെ സ്വര്‍ണനാണയങ്ങളും നോട്ടുകെട്ടുകളും പൊലീസ് പിടികൂടിയതായി ചിത്രം; സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!