Fact Check: 'ഇന്ത്യന്‍ ദേശീയഗാനം ലോകത്തെ മികച്ചത്'; പതിറ്റാണ്ട് പഴക്കമുള്ള വ്യാജ സന്ദേശവുമായി ഹരിശ്രീ അശോകന്‍

By Web TeamFirst Published Dec 6, 2021, 3:01 PM IST
Highlights

ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വ്യാജ പ്രചാരണമാണ് ഹരിശ്രീ അശോകന്‍ ഷെയര്‍ ചെയ്‌ത് പുലിവാല്‍ പിടിച്ചത്

കൊച്ചി: ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌‌കോ (UNESCO) തെരഞ്ഞെടുത്തു എന്ന വ്യാജ സന്ദേശം (False Claim) ഫേസ്‌ബുക്കില്‍ പങ്കുവെച്ച് ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകന്‍ (Harisree Ashokan). ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വ്യാജ പ്രചാരണമാണ് ഹരിശ്രീ അശോകന്‍ ഷെയര്‍ ചെയ്‌ത് പുലിവാല്‍ പിടിച്ചത്. പോസ്റ്റിന് താഴെ നടനെ തിരുത്തി നിരവധി പേര്‍ രംഗത്തെത്തി. 

'എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. നമ്മുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ അല്‍പം മുമ്പ് തെരഞ്ഞെടുത്തിരിക്കുന്നു' എന്ന് തുടങ്ങുന്ന സന്ദേശമാണ് ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്. ജനഗണമനയിലെ ഓരോ വാക്കിന്‍റേയും അര്‍ഥം വിശദമാക്കുന്ന നീണ്ട കുറിപ്പ് ഇതിനൊപ്പമുണ്ടായിരുന്നു. ദേശീയഗാനത്തിന്‍റെ അര്‍ഥം എല്ലാവരും മനസിലാക്കാന്‍ കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. 

വ്യാജ സന്ദേശത്തിന്‍റെ സ്‌ക്രീന്‍ഷോട്ട്

വസ്‌തുത 

എന്നാല്‍ ഹരിശ്രീ അശോകന്‍ പങ്കുവെച്ച സന്ദേശം വ്യാജമാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിഞ്ഞതാണ്. ഈ സന്ദേശം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2008ല്‍ ഈ സന്ദേശം ഈ-മെയില്‍ വഴി പ്രചരിച്ചിരുന്നു. അന്ന് സന്ദേശം തെറ്റാണെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തതാണ്. പിന്നീട് 2018ലും 2019ലും ഉള്‍പ്പടെ സമാന വ്യാജ സന്ദേശം വൈറലായി. 

click me!