അയോധ്യയെയും ശ്രീരാമനെയും കുറിച്ച് നടി ഉര്‍വശി ഇങ്ങനെ പറഞ്ഞിട്ടില്ല, ചിത്രം പഴയത്; നടക്കുന്നത് വ്യാജ പ്രചാരണം

By Jomit JoseFirst Published Jan 24, 2024, 1:02 PM IST
Highlights

അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്ന് നടി പറഞ്ഞതായും പലരുടെയും ഫേസ്ബുക്ക് പോസ്റ്റുകളിലുണ്ട്

തിരുവനന്തപുരം: അയോധ്യയുമായി ബന്ധപ്പെട്ട് നടി ഉര്‍വശിയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പ്രചാരണം സജീവം. 'രാമന്‍ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ' എന്നുമൊക്കെ നടി പറഞ്ഞതായാണ് ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്. ഈ പോസ്റ്റുകളുടെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

'ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ'- എന്ന് നടി ഉര്‍വശി പറഞ്ഞതായാണ് കാര്‍ഡ് സഹിതം ഫേസ്ബുക്ക് പോസ്റ്റുകള്‍. ഇത്തരം പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു. 

വസ്‌തുതാ പരിശോധന

നടി ഉര്‍വശി പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വസ്തുത അറിയാന്‍ അവരുടെ പേരിലുള്ള സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചു. തന്‍റെ പേരില്‍ പ്രചരിക്കുന്ന വാക്കുകളെ കുറിച്ച് ഉര്‍വശിയുടെ പ്രതികരണം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണാനായി. എന്നാല്‍ ഈ ഇന്‍സ്റ്റ, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് നീല ടിക് മാര്‍ക് കാണാത്തതിനാല്‍ നടിയെ ഫോണില്‍ വിളിച്ച് വിശദാംശങ്ങള്‍ തിരക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിനോട് ഉര്‍വശിയുടെ സ്റ്റാഫിന്‍റെ പ്രതികരണം ഇങ്ങനെ...

'ആരോ ഉര്‍വശി മാഡത്തിന്‍റെ പേരില്‍ അടിച്ചിറക്കിയ വ്യാജ പ്രതികരണമാണിത്. മാഡം ഇങ്ങനെയൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു തെറ്റായ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ഞങ്ങളുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉര്‍വശി മാഡം അതിന്‍റെ ഞെട്ടലിലാണ്. മാഡത്തിന്‍റെ വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം' എന്നും ഉര്‍വശിയുടെ സ്റ്റാഫ് വ്യക്തമാക്കി. 

നിഗമനം

'ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ' എന്ന് നടി ഉര്‍വശി പറഞ്ഞതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണ്. ഉര്‍വശിയുടെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണ് എന്ന് നടിയുടെ സ്റ്റാഫ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിനോട് വ്യക്തമാക്കി. 

Read more: പേര് യശോദ, അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് 51 ലക്ഷം രൂപ നല്‍കിയ സ്ത്രീയുടെ ചിത്രമോ ഇത്? വസ്തുത അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!