
ഫേസ്ബുക്കില്‍ വൈറലായ ഒരു ചിത്രമുണ്ട്. മണ്ണില്‍ നിന്ന് ഇഞ്ചുകള്‍ മാത്രം ഉയരം വച്ചിട്ടുള്ള പേരച്ചെടികളില്‍ നിറയെ പേരക്ക കായ്ച്ചു കിടക്കുന്നതും അതിനരികെ ഒരു കര്‍ഷന്‍ ഇരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. കാണുമ്പോള്‍ അസാധാരണമായി തോന്നുന്ന ഈ ഫോട്ടോയുടെ വസ്‌തുത എന്താണ് എന്ന് നോക്കാം.
പ്രചാരണം
'മണ്ണില്‍ പൊന്നു വിളയിക്കുന്ന ഈ കര്‍ഷകന് കൊടുക്കാം ഇന്നത്തെ ലൈക്ക്' എന്ന തലക്കെട്ടിലാണ് ചിത്രം 'വൈറല്‍ ഫോട്ടോസ്' എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. കാണുന്നവരെല്ലാം തലയില്‍ കൈവെച്ച് അത്ഭുതപ്പെടുന്ന തരത്തിലാണ് പേരച്ചെടികളില്‍ നിറയെ പേരക്ക കായ്ച്ച് കിടക്കുന്നത്. ഇലകളേക്കാള്‍ കായകള്‍ എന്ന പ്രയോഗം ശരിയാണെന്ന് തോന്നിക്കുന്നതാണ് ഈ ചിത്രം.
വസ്‌തുതാ പരിശോധന
ഒറ്റ കാഴ്‌ചയില്‍ തന്നെ അസ്വാഭാവികത തോന്നുന്ന ഈ ചിത്രം വസ്‌തുതാ പരിശോധനയ്ക്ക് വിധേയമാക്കി. ഈ ചിത്രം സൂക്ഷിച്ച് നോക്കിയപ്പോള്‍, എഐ നിര്‍മിതമാണെന്ന സൂചന ലഭിച്ചു. ചിത്രത്തില്‍ പേരച്ചെടികള്‍ക്ക് സമീപമിരിക്കുന്നയാളുടെ കൈകള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് കൈകകള്‍ കാണാനായി. ഇത് എഐ നിര്‍മിത ചിത്രങ്ങളില്‍ പൊതുവായി സംഭവിക്കാറുള്ള പിഴവാണ്. മാത്രമല്ല, പേരക്കകള്‍ കയ്യിലെടുത്ത് ചേര്‍ത്തുപിടിക്കുമ്പോള്‍ കൈകള്‍ തമ്മില്‍ ചേര്‍ച്ചയില്ലായ്‌മയും പ്രകടമായി കാണാം.
ഈ ഫോട്ടോ എഐ നിര്‍മിതമോ എന്നുറപ്പിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫോട്ടോകള്‍ തിരിച്ചറിയുന്ന ഓണ്‍ലൈന്‍ ടൂളുകളുടെ സഹായം തേടി. ഈ ഫോട്ടോ എഐ നിര്‍മിതമാകാന്‍ 99.4 ശതമാനം സാധ്യതയാണ് ഹൈവ് മോഡറേഷന്‍ ടൂള്‍ പരിശോധനാ ഫലമായി തന്നത്. ഇതോടെ ഫോട്ടോയുടെ വസ്തുത ഉറപ്പിക്കാനായി.
നിഗമനം
കുഞ്ഞ് ചെടിയില്‍ ഇലകളേക്കാള്‍ കൂടുതല്‍ പേരക്കകള്‍ കായ്ച്ചു കിടക്കുന്നതും ഒരു കര്‍ഷകന്‍ അതിന്‍റെ അടുത്ത് ഇരിക്കുന്നതുമായ ചിത്രം എഐ നിര്‍മിതമാണ്.
Read more: കറുത്ത മഷിയില്‍ എഴുതുന്ന ചെക്കുകള്‍ ഇനി നിയമവിരുദ്ധമോ? Fact Check