മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഒരു യാത്രക്കാരനെ പുള്ളിപ്പുലി ആക്രമിക്കുന്നതായുള്ള വീഡിയോ യഥാര്‍ഥമല്ല, എഐ നിര്‍മ്മിതമാണ്.
സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത കാലം. 2026-ന്‍റെ ആദ്യ വാരവും സോഷ്യല്‍ മീഡിയ കണ്ടത് അനേകം ഫേക്ക് വീഡിയോകള്‍, ചിത്രങ്ങള്‍, പ്രചാരണങ്ങള്‍. അവയില്‍ ചിലതിനെ കുറിച്ച് വിശദമായി അറിയാം.
പ്രചാരണം- 1
മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ പുള്ളിപ്പുലി ആക്രമിച്ചതായി ഒരു വീഡിയോ. ഇക്കഴിഞ്ഞ ആഴ്‌ച സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞോടിയ ഒരു വീഡിയോ ആയിരുന്നു ഇത്. ട്രെയിനിന് സമാന്തരമായി പുള്ളിപ്പുലി കുതിക്കുന്നതായിരുന്നു ദൃശ്യങ്ങളുടെ തുടക്കം. ട്രെയിനിലേക്ക് പുള്ളിപ്പുലി ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ നിലതെറ്റി ട്രാക്കിലേക്ക് വീഴുന്നതും വീഡിയോയിലുണ്ടായിരുന്നു. എക്‌സിലും ഫേസ്ബുക്കിലും ഏറെ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയുടെ യാഥാര്‍ഥ്യം എന്തായിരുന്നു?

വസ്‌തുത
മഹാരാഷ്‌ട്രയിലെ അമരാവതിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഒരു യാത്രക്കാരനെ പുള്ളിപ്പുലി ആക്രമിക്കുന്നതായുള്ള വീഡിയോ യഥാര്‍ഥമല്ല, എഐ നിര്‍മ്മിതമാണ്. ദൃശ്യങ്ങളില്‍ ചിലയിടത്ത് പുള്ളിപ്പുലിയുടെ ശരീര ഭാഗങ്ങള്‍ മാഞ്ഞുപോയത് പോലെ കാണാം. ട്രാക്കിലേക്ക് വീണ ആളുടെ ശരീര ആംഗ്യങ്ങള്‍ സ്വാഭാവികമായിരുന്നില്ല. ഈ രണ്ട് തെളിവുകള്‍ മാത്രം മതിയായിരുന്നു ഇതൊരു വ്യാജ വീഡിയോയാണ്, എല്ലെങ്കില്‍ എഐ സൃഷ്‌ടിയാണ് എന്നുറപ്പിക്കാന്‍.
പ്രചാരണം 2
രാജ്യത്ത് 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വാര്‍ത്തയാണ് മറ്റൊന്ന്. 2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുമെന്നായിരുന്നു പ്രചാരണം.
വസ്‌തുത
എന്നാല്‍ ഈ കിംവദന്തി പൂര്‍ണ്ണമായും വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് 'പിഐബി ഫാക്ട് ചെക്ക്' വിഭാഗം വിശദീകരണവുമായി രംഗത്തെത്തിയത്. 500 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും നിയമപരമായ സാധുതയുണ്ടാകും. അതായത്, സാധാരണ പോലെ ഇടപാടുകള്‍ക്ക് ഈ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. നോട്ട് നിരോധനം പോലുള്ള പ്രഖ്യാപനങ്ങള്‍ സ്ഥിരീകരിക്കാന്‍ ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളെ ആശ്രയിക്കുന്നതാണ് എപ്പോഴും ഉചിതം.
പ്രചാരണം 3
വെനസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമേരിക്കയുടെ ട്രംപ് ഭരണകൂടം പിടികൂടിയത് 2026-ന്‍റെ തുടക്കത്തില്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയായിരുന്നു. മഡുറോയുടെ അറസ്റ്റും അതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളെയും കുറിച്ചും അനേകം വ്യാജ പ്രചാരണങ്ങളുണ്ടായി. മഡുറോയുടെ അറസ്റ്റിന് പിന്നിലെ വെനസ്വേലയില്‍ ജനം തെരുവിലിറങ്ങി കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ശില്‍പങ്ങള്‍ തകര്‍ത്തുവെന്ന് പറഞ്ഞാണ് വീഡിയോ ഫേസ്ബുക്കില്‍ ഒരാള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വസ്‌തുത
എന്നാല്‍ ഈ വീഡിയോയ്‌ക്ക് വെനസ്വേലയോ നിക്കോളാസ് മഡുറോയുടെ അറസ്റ്റുമായോ യാതൊരു ബന്ധവുമില്ല. ഫിലിപ്പീന്‍സിലെ അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ ദൃശ്യങ്ങളാണ് വെനസ്വേലയിലേത് എന്ന അവകാശവാദത്തോടെ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് എന്നതാണ് വസ്‌തുത. 2025 ഡിസംബര്‍ മാസത്തിലാണ് ഈ പ്രതിഷേധം അരങ്ങേറിയത്. ഫിലിപ്പീന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനാന്‍ഡിന്‍റെ കോലം തകര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഫിലിപ്പീന്‍സില്‍ വെള്ളപ്പൊക്ക നിയന്ത്രണ പരിപാടികളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഈ പ്രതിഷേധം.


