ജോ ബൈഡന്‍റെ വലംകൈയായി ഇന്ത്യന്‍ വംശജന്‍; വാര്‍ത്ത സത്യമോ?

By Web TeamFirst Published Nov 14, 2020, 2:19 PM IST
Highlights

കമലാ ഹാരിസിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വംശജന്‍ കൂടി അമേരിക്കയുടെ നിര്‍ണായക സ്ഥാനത്തേക്ക് കടന്നുവരികയാണോ?
 

വാഷിംഗ്‌ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞില്ലെങ്കിലും അദേഹം തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. നിര്‍ണായക ചുമതലകളില്‍ ആളുകളെ നിയമിച്ച് തുടങ്ങിയ ബൈഡന്‍ രാഷ്‌ട്രീയ ഉപദേഷ്‌ടാവായി(Political Advisor) ഇന്ത്യന്‍ വംശജനെ നിയമിച്ചു എന്ന് പ്രചാരണങ്ങളുണ്ട്. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ വംശജന്‍ കൂടി അമേരിക്കയുടെ നിര്‍ണായക സ്ഥാനത്തേക്ക് കടന്നുവരികയാണോ?

പ്രചാരണം ഇങ്ങനെ

ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും നില്‍ക്കുന്ന യുവാവിന്‍റെ ചിത്രത്തോടൊപ്പമാണ് പ്രചാരണം. 'അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇന്ത്യന്‍ വംശജനായ അഹമ്മദ് ഖാനെ രാഷ്‌ട്രീയ ഉപദേശകനായി നിയമിച്ചു. അഹമ്മദ് ഖാന്‍ ഇന്ത്യന്‍ വംശജനാണ് എന്നുമാത്രമല്ല, അദേഹം ഹൈദരാബാദില്‍ നിന്നുള്ളയാളാണ്'. #Bignews എന്ന ഹാഷ്‌ടാഗോടെ ഹിന്ദിയിലാണ് ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുന്നത്. 

 

വസ്‌തുത

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഹമ്മദ് ഖാനെ രാഷ്‌ട്രീയ ഉപദേശകനായി ജോ ബൈഡന്‍ ഇതുവരെ നിയമിച്ചിട്ടില്ല. 

വസ്‌തുത പരിശോധന രീതി

പ്രചരിക്കുന്ന ചിത്രത്തിലുള്ളയാള്‍ അഹമ്മദ് ഖാന്‍ എന്ന പേരുകാരന്‍ തന്നെയെന്ന് ഇന്ത്യ ടുഡേ ഫാക്ട് ചെക്ക് ടീമിന്‍റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. 2015ല്‍ വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ ഈ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 'Draft Biden 2016' എന്ന രാഷ്‌ട്രീയ സമിതിയുടെ ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്നു അഹമ്മദ് ഖാന്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

ഈ ചിത്രം 2015ല്‍ അഹമ്മദ് ഖാന്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ പറയുന്നതു പോലെ അഹമ്മദിന് ബൈഡന്‍ പുതിയ എന്തെങ്കിലും ചുമതല നല്‍കിയതായി സ്ഥിരീകരണമില്ല. വൈറല്‍ സന്ദേശങ്ങളിലെ അവകാശവാദം അദേഹം ഇന്ത്യ ടുഡേയോട് നിഷേധിക്കുകയും ചെയ്തു. 

നിഗമനം

ജോ ബൈഡന്‍ ഇന്ത്യന്‍ വംശജനായ അഹമ്മദ് ഖാനെ രാഷ്‌ട്രീയ ഉപദേശകനായി നിയമിച്ചു എന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണ്. നിയമനം സംബന്ധിച്ച് ബൈഡന്‍റെ ഓഫീസില്‍ നിന്ന് ഇതുവരെ അഹമ്മദിന് സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ല.  


 

click me!