
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി ഒറ്റപ്പെട്ടുപോകുന്ന സ്‌ത്രീകള്‍ക്ക് വീട്ടിലെത്താന്‍ വാഹനത്തിന് 1091 & 7837018555 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കുകയോ മെസേജ് അയച്ചാലോ മതിയെന്ന സന്ദേശം നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരള പൊലീസിന്‍റേത് എന്ന തരത്തിലാണ് ഈ സന്ദേശം വ്യാപകമായിരിക്കുന്നത്. എന്നാല്‍ വൈറല്‍ സന്ദേശം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.
പ്രചാരണം ഇങ്ങനെ
പൊലീസ് ഫ്രീ റൈഡ് സ്കീം ലോഞ്ച് ചെയ്തിരിക്കുന്നു
'രാത്രികാലങ്ങളിൽ ഒറ്റപ്പെട്ടുപോവുന്ന സ്‌ത്രീകൾക്ക്, വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10നും പുലർച്ച ആറ് മണിക്കും ഇടയിൽ, പൊലീസ് ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24x7 സമയവും ഇവ പ്രവർത്തിക്കുന്നതാണ്. കൺട്രോൾ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്. സ്‌ത്രീകൾക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്‌കോൾ നൽകുകയോ ബ്ലാങ്ക് മെസേജ് നൽകുകയോ ചെയ്യാം. ഇത് പൊലീസിന് നിങ്ങളുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ ഉപകരിക്കും. നിങ്ങൾക്ക് അറിയാവുന്ന സ്ത്രീകൾക്കല്ലാം ഈ വിവരം കൈമാറുക'.
ഫേസ്‌ബുക്കിലും വാട്‌സ്‌ആപ്പിലുമാണ് ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. പ്രചരിക്കുന്ന വാട്‌സ്‌ആപ്പ് സന്ദേശത്തിലാവട്ടെ Kerala Police എന്ന് കുറിപ്പിന്‍റെ അടിയിലായി എഴുതിയിട്ടുണ്ട്. ഇതോടെ ഈ സന്ദേശം സത്യമാണ് എന്നുകരുതി വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.
വസ്‌തുത
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തെ കുറിച്ച് കേരള പൊലീസിന്‍റെ വിശദീകരണം ഇങ്ങനെ...'ഈ സന്ദേശം കേരള പൊലീസ് നല്‍കിയതല്ല, മറ്റൊരു സംസ്ഥാനത്തിന്‍റേതാണ്'. സംസ്ഥാന പൊലീസ് മീഡിയ സെന്‍റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഈ സന്ദേശം 2019 മുതല്‍ കേരളത്തിലുള്‍പ്പടെ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് എന്നും വ്യക്തമായിട്ടുണ്ട്. ഇന്ത്യയൊട്ടാകെ ഈ സൗജന്യ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും അന്ന് പ്രചാരണമുണ്ടായിരുന്നു.
അതേസമയം അവശ്യഘട്ടങ്ങളില്‍ സഹായത്തിന് 112 എന്ന നമ്പരിൽ വിളിച്ചോളൂ എന്ന മറുപടിയും കേരള പൊലീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫേസ്‌ബുക്ക് പേജില്‍ ഒരാളുടെ ചോദ്യത്തിനായിരുന്നു കേരള പൊലീസിന്‍റെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...