'സുശാന്ത് സിംഗിന് നീതി വേണം', നൈജീരിയയിലും പ്രതിഷേധമോ?

By Web TeamFirst Published Oct 14, 2020, 4:47 PM IST
Highlights

സുശാന്തിന്‍റെ മരണത്തിന് പിന്നിലെ വിവാദങ്ങള്‍ ഇപ്പോഴും സജീവമായിരിക്കേ വന്നിരിക്കുന്ന പ്രചാരണങ്ങള്‍ സത്യമോ?

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‌പുതിന്‍റെ മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് നൈജീരിയയില്‍ പ്രതിഷേധം നടന്നോ? നൈജീരിയയിലും പ്രതിഷേധമുയര്‍ന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. സുശാന്തിന്‍റെ മരണത്തിന് പിന്നിലെ വിവാദങ്ങള്‍ ഇപ്പോഴും സജീവമായിരിക്കേ വന്നിരിക്കുന്ന പ്രചാരണങ്ങള്‍ സത്യമോ?

പ്രചാരണം ഇങ്ങനെ

മൂന്ന് പേര്‍ പ്ലക്കാര്‍ഡും പിടിച്ചിരിക്കുന്ന ചിത്രം സഹിതമാണ് പ്രചാരണം. 'സുശാന്ത് സിംഗ് രാജ്‌പുതിന് നീതിക്കായുള്ള പോരാട്ടം ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും ഉയരുകയാണ്. നൈജീരിയക്ക് നന്ദിയറിയിക്കുന്നു. ബോളിവുഡിന് ഇതില്‍ നിന്ന് ചിലതൊക്കെ പഠിക്കാനുണ്ട്' എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. #AshamedOfBollywood എന്ന ഹാഷ്‌ടാഗ് സഹിതമായിരുന്നു ട്വീറ്റുകള്‍. 

 

വസ്‌തുത

ഫോട്ടോഷോപ്പ് ചെയ്‌ത് രൂപമാറ്റം വരുത്തിയ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍ യഥാര്‍ഥ ചിത്രം കണ്ടെത്താനായി. ഒക്‌ടോബര്‍ ഒന്‍പതിന് FR 24 ന്യൂസ് എന്ന മാധ്യമം നൈജീരിയയിലെ 'കൊള്ളവിരുദ്ധസേന'യുടെ(SARS) അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരുന്ന ചിത്രത്തില്‍ സുശാന്ത് കിംഗ് രാജ്‌പുതിന്‍റെ ഫോട്ടോ എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് ഇപ്പോഴത്തെ  പ്രചാരണം. ഒറിജിനല്‍ ചിത്രം ചുവടെ...

 

നിഗമനം

സുശാന്ത് സിംഗ് രാജ്‌പുതിന്‍റെ മരണത്തില്‍ നീതിയാവശ്യപ്പെട്ട് നൈജീരിയയില്‍ പ്രതിഷേധം നടന്നതായി തെളിവുകളില്ല. ഫോട്ടോഷോപ്പില്‍ രൂപമാറ്റം വരുത്തിയ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഫാക്‌ട്‌ചെക്ക് വിഭാഗമാണ് പ്രചാരണത്തിലെ വസ്‌തുത പുറത്തുകൊണ്ടുവന്നത്. 

വിങ്ങിപ്പൊട്ടുന്ന ആ സൈക്കിൾ റിക്ഷക്കാരന്‍റെ ചിത്രത്തിൽ ട്വിസ്റ്റ്, വസ്തുത പുറത്ത്


 

click me!