'മോര്‍ഫ് ചിത്രം',  ഏഷ്യാനെറ്റ് ന്യൂസിനെതിരായ കോടിയേരിയുടെ ആരോപണങ്ങൾ തെറ്റ്,  വസ്തുത ഇങ്ങനെ

By Web TeamFirst Published Sep 18, 2020, 9:19 PM IST
Highlights

ഇതുവരെ ഏഷ്യാനെറ്റ് ന്യൂസ് ഈ ചിത്രം വാർത്തകളിൽ ഉപയോഗിച്ചിട്ടില്ല. വിവാദ ഫോട്ടോയെ ചൊല്ലി ബിജെപി യുഡിഎഫ് ആരോപണങ്ങൾ വാർത്തയാപ്പോഴും ചിത്രം ഉൾപ്പെടുത്തിയില്ല

തിരുവനന്തപുരം: സ്വപ്ന സുരേഷിനൊപ്പം മന്ത്രിപുത്രന്‍ നിൽക്കുന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം മോർഫ് ചെയ്തതാണെന്നും ഇതിന് പിന്നിൽ മാധ്യമങ്ങളാണെന്നും കോടിയേരി ബാലകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസും ആധികാരികത നോക്കാതെ ചിത്രം പ്രചരിപ്പിച്ചെന്ന് കോടിയേരി ആരോപിച്ചു. എന്നാൽ ഒരുവാർത്തയിൽ പോലും ഏഷ്യാനെറ്റ് ന്യൂസ് വിവാദ ചിത്രം ഉപയോഗിച്ചിട്ടില്ല എന്നാണ് വസ്തുത.

സ്വപ്നക്കൊപ്പം മന്ത്രിപുത്രൻ എന്ന തരത്തിൽ ഫോട്ടോ പ്രചരിക്കുമ്പോൾ സിപിഎം പരിശോധന നടത്തുമോ എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ചോദ്യം. എന്നാൽ ആദ്യം കോടിയേരി മോർഫിംഗ് ആരോപിച്ചത് ഏഷ്യാനെറ്റ് ന്യൂസിനെതിരെയാണ്. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന തുടർ ചോദ്യത്തിൽ കോടിയേരി ആരോപണം ലഘൂകരിച്ചു.മാധ്യമങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നും ഇതിൽ ഏഷ്യാനെറ്റ് ന്യൂസും ഉണ്ടെന്നായിരുന്നു കോടിയേരിയുടെ തുടർ വിശദീകരണം.

എന്നാൽ ഇതുവരെ ഏഷ്യാനെറ്റ് ന്യൂസ് ഈ ചിത്രം വാർത്തകളിൽ ഉപയോഗിച്ചിട്ടില്ല. വിവാദ ഫോട്ടോയെ ചൊല്ലി ബിജെപി യുഡിഎഫ് ആരോപണങ്ങൾ വാർത്തയാപ്പോഴും ചിത്രം ഉൾപ്പെടുത്തിയില്ല. ഫോട്ടോ പുറത്തുവന്ന ശേഷമുള്ള വാർത്തകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നിരിക്കെയാണ് ആശയക്കുഴപ്പമുണ്ടാകും വിധമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ  പ്രസ്താവന. വാർത്താസമ്മേളന ഭാഗങ്ങൾ എഡിറ്റ് ചെയ്ത് സിപിഎം സൈബർ ഗ്രൂപ്പുകളിലും കോടിയേരിയുടെ ആരോപണം പ്രചരിക്കുകയാണ്.വിവാദ ചിത്രം മോർഫിംഗിലൂടെ നിർമ്മിച്ചതാണെന്ന് സിപിഎം വ്യക്തമാക്കുന്നതും ഇതാദ്യമാണ്.

click me!