
ദില്ലി: പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ രാജ്യം വര്‍ക്ക് ഫ്രം ഹോം അടക്കമുള്ള രീതികളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ, രാജ്യത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് വിലക്ക് പ്രഖ്യാപിച്ചോ നീതി ആയോഗ്. രാജ്യത്ത് രണ്ട് വര്‍ഷക്കാലം കണ്‍സ്‌ട്രക്ഷന്‍ ബാന്‍ നീതി ആയോഗ് പ്രഖ്യാപിച്ചതായി 'ദി ട്രിബ്യൂണ്‍' മെയ് 12ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം.
ഇന്ത്യയില്‍ രണ്ട് വര്‍ഷക്കാലത്തേക്ക് നിര്‍മ്മാണ വിലക്ക് നീതി ആയോഗ് പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വിവരങ്ങളുടെ വസ്‌തുതയറിയാന്‍ ഔദ്യോഗിക വൃത്തങ്ങളെ പൊതുജനങ്ങള്‍ ആശ്രയിക്കണമെന്നും പിഐബി ആവശ്യപ്പെട്ടു. മാത്രമല്ല, ദി ട്രൂബ്യൂണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത നീതി ആയോഗ് തള്ളിയിട്ടുമുണ്ട്. നിര്‍മ്മാണ പ്രവൃത്തികള്‍ വിലക്കാനായുള്ള ഒരു ശുപാര്‍ശയും നീതി ആയോഗ് പുറപ്പെടുവിച്ചിട്ടില്ലെന്ന് നീതി ആയോഗിന്‍റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ നിന്നുള്ള പോസ്റ്റില്‍ പറയുന്നു. വിവിധ ഓഫീസ് കെട്ടിടങ്ങളുടെ പുനർനിർമ്മാണ പദ്ധതികള്‍ അതത് മന്ത്രാലയം പിന്തുടരുന്നുണ്ടെന്നും പ്രക്രിയ മാറ്റിവയ്ക്കുന്നതിനുള്ള ഒരു ശുപാർശയും നീതി ആയോഗ് നൽകിയിട്ടില്ലെന്നും എക്‌സ് പോസ്റ്റില്‍ ഊന്നിപ്പറയുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കർശന നിയന്ത്രണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥന നടത്തിയിരുന്നു. ഇന്ധനം മിതമായി ഉപയോഗിക്കണം, മെട്രോ യാത്രയും വർക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കണം, ഒരു കൊല്ലത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണം, ഭക്ഷ്യ എണ്ണയുടെ ഉപയോഗം പത്ത് ശതമാനം കുറയ്ക്കണം എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.