കൊവിഡ് വാക്സിൻ സ്വീകരിച്ച പൂചിന്‍റെ മകൾ മരണപ്പെട്ടു എന്ന വാർത്ത സത്യമോ?

By Web TeamFirst Published Aug 21, 2020, 3:54 PM IST
Highlights

വാക്സിന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് ലോക വ്യാപകമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടയ്ക്കാണ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച പുചിന്റെ മകള്‍ കാതറീന തിഖോനോവ മരിച്ചതായുള്ള വാര്‍ത്തയെത്തുന്നത്. എന്നാല്‍ ഈ പ്രചാരണത്തിന്‍റെ വസ്തുതയെന്താണ്? റഷ്യ നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച റഷ്യന്‍ പ്രസിഡന്‍റിന്‍റെ മകള്‍ മരിച്ചോ?

ലോകം കൊവിഡ് മഹാമാരി മൂലം ഏറെ ദുരിതമനുഭവിക്കുന്നതിനിടെയാണ് ലോകത്തിലെ ആദ്യ കൊവിഡ് വാക്സിന്‍ വികസിപ്പിച്ചതായി റഷ്യ പ്രഖ്യാപിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസ‌ർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ രജിസ്റ്റർ ചെയ്തത്. തന്‍റെ മകള്‍ക്ക് വാക്സിന്‍ നല്‍കിയെന്നും വ്ളാദിമർ പൂചിന്‍ പ്രഖ്യാപിച്ചിരുന്നു. വാക്സിന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് ലോക വ്യാപകമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടയ്ക്കാണ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച പുചിന്റെ മകള്‍ കാതറീന തിഖോനോവ മരിച്ചതായുള്ള വാര്‍ത്തയെത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത വൈറലാവാന്‍ അധിക സമയം വേണ്ടി വന്നില്ല. എന്നാല്‍ ഈ പ്രചാരണത്തിന്‍റെ വസ്തുതയെന്താണ്? റഷ്യ നിര്‍മ്മിച്ച കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച റഷ്യന്‍ പ്രസിഡന്‍റിന്‍റെ മകള്‍ മരിച്ചോ?


പ്രചാരണം

'റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമർ പൂചിന്‍റെ മകള്‍ കൊവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചതിന് പിന്നാലെ മരിച്ചു'. എന്നാണ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 15നായിരുന്നു ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാക്സിന്‍റെ അപ്രതീക്ഷിത പാര്‍ശ്വഫലമാണ് പുചിന്‍റെ മകളുടെ മരണമെന്നും മോസ്കോയിലായിരുന്നു പുചിന്‍റെ മകളുടെ അന്ത്യമെന്നും വ്യാപക പ്രചാരണം നേടിയ വാര്‍ത്ത വാദിക്കുന്നു. കാതറീന തിഖോനോവയ്ക്ക് ശരീരത്തിന്‍റെ താപനിലയില്‍ രണ്ടാം ഡോസോടെ കാര്യമായ വ്യതിയാനമുണ്ടായി. ഡോക്ടര്‍മാര്‍ക്ക് കാതറീനയെ രക്ഷിക്കാനായില്ല, ഇന്നലെ രാത്രിയോടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ടൊറൊന്‍റെ ടുഡേ ഡോട്ട് നെറ്റ് അവകാശപ്പെടുന്നു. ട്വിറ്ററിലടക്കം നിരവധിപ്പേരാണ് ഈ വിവരം പങ്കുവച്ചത്. വാക്സിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തായിരുന്നു പ്രചാരണങ്ങള്‍


വസ്തുത

 

റഷ്യ വികസിപ്പിച്ചെടുത്ത വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച പുചിന്‍റെ മകള്‍ കാതറീന തിഖോനോവ മരിച്ചതായുള്ള പ്രചാരണം തെറ്റാണ്.


വസ്തുതാ പരിശോധനാരീതി

 

കാതറീന തിഖോനോവയുടെ മരണം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് വസ്തുതാ പരിശോധനയില്‍ വ്യക്തമായി. ഇത്തരത്തിലുള്ള ഒരു സ്ഥിരീകരണവും റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ നിന്നുമുണ്ടായിട്ടില്ല.  ഈ വിവരം പ്രസിദ്ധീകരിച്ച വെബ്സൈറ്റ് 2020ലാണ് നിര്‍മ്മിച്ചിട്ടുള്ളത്. റഷ്യയിലെ ചില ഉദ്യോഗസ്ഥരാണ് വാര്‍ത്തയ്ക്ക് ആധാരമെന്ന് ആദ്യം അവകാശപ്പെട്ട റിപ്പോര്‍ട്ട് പിന്നീട് ഒരു യുട്യൂബ് ചാനലിലെ പ്രചാരണവും റിപ്പോര്‍ട്ടിന് ആധാരമാണെന്ന് വാര്‍ത്തയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ യുട്യൂബ് വീഡിയോ ഇതിനോടകം പിന്‍വലിച്ചിട്ടുമുണ്ട്. വസ്തുതയല്ലെന്നും വിശദീകരണങ്ങളാണെന്നുമുള്ള കുറിപ്പോടെയാണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചിലത് ശരിയും മറ്റ് ചിലത് ശരിയോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണെന്നാണ് ഇവരുടെ അവകാശ നിരാകരണം വിശദമാക്കുന്നുമുണ്ട്. 

 

നിഗമനം

കൊവിഡ് വാക്സിന്‍ സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമർ പൂചിന്‍റെ മകള്‍ കാതറീന തിഖോനോവ മരിച്ചെന്ന പ്രചാരണം വ്യാജമാണ്. 
 

click me!