Fact Check | 'ഒറ്റ പ്രസവത്തില്‍ 14 കുട്ടികള്‍, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍'; കഴിഞ്ഞ ആഴ്‌ചയും വ്യാജ പ്രചാരണങ്ങളുടെ പ്രളയം

Published : Sep 07, 2025, 02:50 PM IST
Fact Check

Synopsis

കഴിഞ്ഞ ആഴ്‌ച കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വ്യാജ പ്രചാരണങ്ങളും അവയുടെ നിജസ്ഥിതിയും അറിയാം

ഫാക്‌ട് ചെക്ക്- 1

ഒറ്റ പ്രസവത്തില്‍ 14 കുട്ടികള്‍. അങ്ങനെയൊരു വീഡിയോ ഇന്‍സ്റ്റഗ്രാമും യൂട്യൂബും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. അമ്മയെയും കുഞ്ഞുങ്ങളെയും ആരോഗ്യ വിദഗ്‌ധര്‍ പരിശോധിക്കുന്നതാണ് ആശുപത്രിയില്‍ നിന്നുള്ള വീഡിയോയില്‍ കാണുന്നത്. യഥാര്‍ഥ സംഭവത്തിന്‍റേത് എന്ന അവകാശവാദത്തോടെ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോയുടെ വസ്‌തുത എല്ലാവരും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

ഒറിജിനല്‍ എന്ന രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഈ വീഡിയോ എഐ നിര്‍മ്മിതമാണ് എന്നതാണ് യാഥാര്‍ഥ്യം. എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീഡിയോകളില്‍ പൊതുവായി കാണുന്ന പിഴവുകള്‍ ഈ വീഡിയോയിലും കാണാം. അതായത്, മുഖത്തും കൈകളിലുമെല്ലാം അസാധാരണമായ രൂപങ്ങള്‍ തെളിഞ്ഞുവരുന്നത് വീഡിയോയില്‍ പ്രകടമാണ്. ഇത്തരം അസാധാരണത്വം എഐ വീഡിയോകളുടെ പൊതു ന്യൂനതയാണ്. മാത്രമല്ല, വൈറലായ ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതമാണെന്ന് ഹൈവ് പോലുള്ള എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ പരിശോധനയിലും തെളിയുന്നു.

ഫാക്‌ട് ചെക്ക്- 2

ഒരു ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ വക സൗജന്യ ലാ‌പ്‌ടോപ്പ് ലഭിക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ മറ്റൊരു പ്രചാരണം. 'സ്റ്റുഡന്‍റ്‌സ് ലാപ്‌ടോപ്പ് സ്‌കീം 2025' എന്ന പേരിലാണ് ഒരു ലിങ്ക് സഹിതം വാട്‌സ്ആപ്പ് മെസേജ് പ്രചരിക്കുന്നത്. സംഭവം യഥാര്‍ഥമാണെന്ന് കരുതി നിരവധി പേര്‍ ഈ മെസേജ് പങ്കുവെക്കുകയും ചെയ്‌തു. എന്നാല്‍ 'സ്റ്റുഡന്‍റ്‌സ് ലാപ്‌ടോപ്പ് സ്‌കീം 2025' എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിനൊരു പദ്ധതിയില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. ആരും വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്‌ത് വഞ്ചിതരാവരുത് എന്നും പിഐബി അഭ്യര്‍ഥിച്ചു. വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ ലാപ്‌ടോപ് പദ്ധതിയെ കുറിച്ചുള്ള വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഇതാദ്യമല്ല. കൊവിഡ് ലോക്‌ഡൗണ്‍ കാലത്ത് മുതല്‍ ഇത്തരം പ്രചാരണം സജീവമായിരുന്നു. ഈ വര്‍ഷം തന്നെ സമാനമായ സന്ദേശങ്ങള്‍ ഏറെ വാട്‌സ്ആപ്പില്‍ പ്രചരിച്ചിരുന്നു.

ഫാക്‌ട് ചെക്ക്- 3

മറ്റൊരു വ്യാജ പ്രചാരണം കേരളത്തില്‍ നടക്കാനിരിക്കുന്ന 'തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും ഒക്‌ടോബര്‍ വരെ അവസരം' എന്നതായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 'തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല. വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ചും, വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റിനെയോ സോഷ്യല്‍ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കണം' എന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check
ട്രക്ക് മറിഞ്ഞപ്പോള്‍ പണം വാരിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടിയതായുള്ള വീഡിയോ എഐ നിര്‍മ്മിതം| Fact Check