അയാള്‍ ശ്രമിച്ചത് നെതര്‍ലന്‍ഡ്സിനെ ജയിപ്പിക്കാന്‍; റഫറിക്കെതിരെ തുറന്നടിച്ച് എമിലിയാനോ മാര്‍ട്ടിനെസ്

By Web TeamFirst Published Dec 10, 2022, 12:14 PM IST
Highlights

നെതര്‍ലന്‍ഡ്സ് ഒരു ഗോള്‍ മടക്കിയതോടെ റഫറി എല്ലാ തീരുമാനങ്ങളും അവര്‍ക്ക് അനുകൂലമായാണ് എടുത്തത്. നിശ്ചിത സമയം കഴിഞ്ഞ് 10 മിനിറ്റാണ് മത്സരത്തില്‍ അധിക സമയം അനുവദിച്ചത്. അതും പോരാത്തതിന് ബോക്സിന് തൊട്ടു പുറത്ത് അനാവശ്യമായി ഫ്രീ കിക്കുകള്‍ നല്‍കി.

ദോഹ: ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്സ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്‍റോണിയോ മറ്റേയുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജന്‍റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. എങ്ങനെയും നെതര്‍ലന്‍ഡ്സിനെക്കൊണ്ട് സമനില ഗോള്‍ അടിപ്പിക്കാനാണ് റഫറി ശ്രമിച്ചതെന്നും അയാളൊരു കഴിവുകെട്ടവനാണെന്നും എമിലിയാനോ മാര്‍ട്ടിനെസ് മത്സരശേഷം പറഞ്ഞു.

കളിയുടെ ഭൂരിഭാഗം സമയവും ഞങ്ങള്‍ നന്നായി കളിച്ചു. ഞങ്ങള്‍ 2-0ന് ലീഡെടുത്തതോടെ കളി ഞങ്ങളുടെ നിയന്ത്രണത്തിലായി.എന്നാല്‍ അതിനിടെ വന്ന അപ്രതീക്ഷിത ഗോള്‍ എല്ലാം തകിടം മറിച്ചു. അപ്രതീക്ഷിതമായിട്ടായിരുന്നു  അവരുടെ ആദ്യ ഗോള്‍ വന്നത്. പെട്ടെന്നുള്ള ഫ്ലിക്ക് എനിക്ക് കാണാനായില്ല. അതിനുശേഷമാണ് റഫറി എല്ലാ തീരുമാനങ്ങളും അവര്‍ക്ക് അനുകൂലമായി എടുക്കാന്‍ തുടങ്ങിയതെന്ന് മാര്‍ട്ടിനെസ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

എംബാപ്പെയെ പൂട്ടാന്‍ ഇംഗ്ലണ്ടിനായി തന്ത്രമൊരുക്കുന്നത് സാക്ഷാല്‍ മെസിയെ വരച്ച വരയില്‍ നിര്‍ത്തിയ പരിശീലകന്‍

നെതര്‍ലന്‍ഡ്സ് ഒരു ഗോള്‍ മടക്കിയതോടെ റഫറി എല്ലാ തീരുമാനങ്ങളും അവര്‍ക്ക് അനുകൂലമായാണ് എടുത്തത്. നിശ്ചിത സമയം കഴിഞ്ഞ് 10 മിനിറ്റാണ് മത്സരത്തില്‍ അധിക സമയം അനുവദിച്ചത്. അതും പോരാത്തതിന് ബോക്സിന് തൊട്ടു പുറത്ത് അനാവശ്യമായി ഫ്രീ കിക്കുകള്‍ നല്‍കി. അതും ഒന്നല്ല രണ്ടോ മൂന്നോ തവണ. അവരെ എങ്ങനെയും ഗോളടിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതായിരുന്നു കാര്യം. അയാളെപ്പോലുള്ള റഫറിമാരെയല്ല വേണ്ടത്, കാരണം അയാളൊരു കഴിവുകെട്ടവനാണ്-എമി പറഞ്ഞു.

നെതര്‍ലന്‍ഡ്സ് പരിശീലകന്‍ ലൂയി വാന്‍ഗാളിനെയും എമിലിയാനോ മാര്‍ട്ടിനെസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഫുട്ബോളില്‍ ഗ്രൗണ്ടിലാണ് കളിച്ചു കാണിക്കേണ്ടത്. എന്നാല്‍ കളിക്കു മുമ്പെ അവര്‍ ഒരുപാട് വിഡ്ഢിത്തരങ്ങള്‍ വിളിച്ചു പറഞ്ഞു. അതാണ് കളി ചൂടാക്കിയത്. അതെന്നെ കരുത്തനാക്കി. വാന്‍ഗാള്‍ വായടക്കുകയാണ് വേണ്ടത്. കളിയുടെ നിശ്ചിത സമയത്ത് നിര്‍ണായക രക്ഷപ്പെടുത്തല്‍ നടത്തി എനിക്ക് ടീമിനെ രക്ഷിക്കാനായില്ല. അതുകൊണ്ടുതന്നെ ഷൂട്ടൗട്ടില്‍ എനിക്കത് ചെയ്യണമായിരുന്നു. ദൈവത്തിന് നന്ദി, എനിക്ക് രണ്ട് കിക്കുകള്‍ രക്ഷപ്പെടുത്താനായി. കൂടുതല്‍ കിക്കുകള്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു.

റഫറി പുറത്തെടുത്തത് 16 കാര്‍ഡുകള്‍! അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരം ലോകകപ്പിലെ റെക്കോര്‍ഡ് പുസ്തകത്തില്‍

അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും റഫറിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് നിയോഗിക്കരുതെന്നും ഫിഫയുടെ നടപടി വരുമെന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും മെസി പറഞ്ഞിരുന്നു

click me!