Asianet News MalayalamAsianet News Malayalam

റഫറി പുറത്തെടുത്തത് 16 കാര്‍ഡുകള്‍! അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരം ലോകകപ്പിലെ റെക്കോര്‍ഡ് പുസ്തകത്തില്‍

ഫൗളിന്റെ കാര്യത്തില്‍ ലോകകപ്പ് ചരിത്രത്തിലാണ് മത്സരം രേഖപ്പെടുത്തുക. 43ആം മിനുറ്റില്‍ നെതര്‍ലന്റ് താരം ജൂറിയന്‍ ടിംബറില്‍ തുടങ്ങി ഷൂട്ടൗട്ടില്‍ വരെ താരങ്ങള്‍ മഞ്ഞ കാര്‍ഡ് കണ്ടു. മെസ്സിക്കും അര്‍ജന്റീനന്‍ പരിശീലകന്‍ സ്‌കലോണിക്കും സഹപരിശീലകനും കാര്‍ഡ് കിട്ടി.

Netherlands vs Argentina match recorded in world cup history after 16 cards
Author
First Published Dec 10, 2022, 10:32 AM IST

ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് പോരാട്ടം ഫൗളുകളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ലായിരുന്നു. ഒന്നാകെ 48 ഫൗളുകളാണ് മത്സരത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 30 എണ്ണം വച്ചത് നെതര്‍ലന്‍ഡ്സായിരുന്നു. 18 ഫൗളുകള്‍ മാത്രമാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. റഫറിക്ക് 16 കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു. ഇരു ടീമുകള്‍ക്കും എട്ടെണ്ണം വീതം. ഡെന്‍സല്‍ ഡംഫ്രീസിന് ചുവപ്പ് കാര്‍ഡായിരുന്നു.

ഫൗളിന്റെ കാര്യത്തില്‍ ലോകകപ്പ് ചരിത്രത്തിലാണ് മത്സരം രേഖപ്പെടുത്തുക. 43ആം മിനുറ്റില്‍ നെതര്‍ലന്റ് താരം ജൂറിയന്‍ ടിംബറില്‍ തുടങ്ങി ഷൂട്ടൗട്ടില്‍ വരെ താരങ്ങള്‍ മഞ്ഞ കാര്‍ഡ് കണ്ടു. മെസ്സിക്കും അര്‍ജന്റീനന്‍ പരിശീലകന്‍ സ്‌കലോണിക്കും സഹപരിശീലകനും കാര്‍ഡ് കിട്ടി. തുടര്‍ച്ചയായ മത്സരങ്ങളില്‍ കാര്‍ഡ് കിട്ടിയ അര്‍ജന്റീനന്‍ താരങ്ങളായ അക്യൂനക്കും ഗോണ്‍സാലോ മോന്‍ടിയലിനും സെമി പോരാട്ടം നഷ്ടമാകും. മഞ്ഞകാര്‍ഡുകളുടെ കണക്കില്‍ 2006ലെ പോര്‍ച്ചുഗല്‍- നെതലന്‍ഡ്‌സ് പോരാട്ടം രണ്ടാം സ്ഥാനത്തായി. നൂണ്‍ബെര്‍ഗ് യുദ്ധം എന്നറിയപ്പെടുന്ന മത്സരത്തില്‍ അന്ന് 16 പേര്‍ക്കാണ് റഫറി മഞ്ഞ കാര്‍ഡ് നല്‍കിയത്.

മത്സരം അധികസമയത്തും 2-2 സമനിലയില്‍ ആയതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിക്കേണ്ടി വന്നത്. 4-3ന്റെ വിജയമാണ് മെസിയും സംഘവും സ്വന്തമാക്കിയത്. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. നേരത്തെ മെസി, നിഹ്വെല്‍ മൊളീന എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. രണ്ട് ഗോള്‍ നേടിയ വൗട്ട് നെതര്‍ലന്‍ഡ്‌സിനെ തിരിച്ചെത്തിച്ചു.  ഇതോടെ തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടര്‍ മത്സരവും എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 114-ാം മിനുറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിന്റെ ഷോട്ട് ഗോളി തടുത്തിട്ടു.

എന്‍സോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് തൊട്ടുപിന്നാലെ ക്രോസ് ബാറിനെ ഉരുമി പോയി. പിന്നാലെ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ മുതലാക്കാനായില്ല. മെസി, എന്‍സോ എന്നിവരുടെ ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോയി. എന്‍സോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു.

നെയ്മറെ ആശ്വസിപ്പിച്ച് ക്രൊയേഷ്യൻ ഭാഗത്ത് നിന്നും ആ കുഞ്ഞുകൈകള്‍; കൈയ്യടിച്ച് കായിക ലോകം

അര്‍ജന്റീനന്‍ ഗോളി എമി മാര്‍ട്ടിനസ് പറവയാവുകയായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍. വാന്‍ഡൈക്കിന്റെ ആദ്യ കിക്ക് മാര്‍ട്ടിനസ് തടുത്തിട്ടു. അര്‍ജന്റീനക്കായി മെസിയുടെ മറുപടി നിസ്സാരമായി വലയിലെത്തി. സ്റ്റീവന്റെ രണ്ടാം കിക്കും മാര്‍ട്ടിനസിന്റെ പറക്കലില്‍ അവസാനിച്ചു. എന്നാല്‍ അര്‍ജന്റീനക്കായി പരേഡെസ് ലക്ഷ്യംകണ്ടു. പിന്നാലെ മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. ഡച്ചിനായി കോപ്‌മെനാഷും അര്‍ജന്റീനക്കായി മൊണ്ടൈലുമാണ് കിക്കെടുത്തത്. വൗട്ടിന്റെ നാലാം കിക്ക് ഗോളായപ്പോള്‍ എന്‍സോയുടെ കിക്ക് പാഴായി. ഡി ജോങിന്റെ അഞ്ചാം കിക്ക് നെതര്‍ലന്‍ഡ്സ് വലയിലെത്തിച്ചപ്പോള്‍ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അര്‍ജന്റീന 4-3ന് വിജയം സ്വന്തമാക്കി.

Follow Us:
Download App:
  • android
  • ios