
ഇറാൻ ഒരു അഗ്നിസ്ഫുലിംഗമാണ്. ആര് തൊട്ടാലും തൊടുന്നവരിലേയ്ക്ക് അത് അഗ്നി പടർത്തും. ഒരു തീഗോളം പോലെ ഉരുണ്ട് അത് ഖത്തറിലും എത്തി കത്തിപ്പടരുന്നത് ഇംഗ്ലണ്ടും ഇറാനും കളിക്കളത്തിൽ മുഖാമുഖം നിൽക്കുമ്പോൾ ലോകം കണ്ടു. കളിനിയമപ്രകാരം ഇറാന്റെ ദേശീയഗാനം മുഴങ്ങുന്നു. ഇറാന്റെ പതിനൊന്ന് യാഗാശ്വങ്ങൾക്ക് പക്ഷെ കുലുക്കമില്ല. അവരത് ഏറ്റുചൊല്ലുന്നില്ല. വിസ്മയം ആദ്യം ഗാലറിയിൽ. പിന്നെ ലോകമാകെപ്പടരുന്നു. അപ്പോഴും ഖുർദിഷ് പ്രവിശ്യകളിൽ നിർബാധം നരവേട്ട തുടരുകയായിരുന്നു.
പ്രക്ഷോഭകർ മരിച്ചു വീഴുകയായിരുന്നു. തെരുവിൽ നിന്ന് ആർത്തു പൊങ്ങുന്ന മനുഷ്യ രക്തത്തിന്റെ നിലവിളി ഇറാനിയൻ ദേശീയ ഗാനത്തെ പാപക്കറയുള്ളതാക്കി. അതേറ്റുപാടാൻ അവരില്ല. ക്യാപ്റ്റൻ ഇഹ്‌സാൻ ഹജ്‌സാഫിയും അയാളുടെ കൂട്ടുകളിക്കാരും. നോക്കിനോക്കി നിൽക്കെ ഇറാൻ എന്ന ഇരുട്ടറയെ ഭേദിച്ച് പതിനൊന്ന് കൂറ്റൻ പ്രകാശ ഗോപുരങ്ങളായി അവർ മാറി. അപ്പോഴും തുടക്ക വരയിൽ ചേർന്നുനിന്ന ബൂട്ടുകളിൽ ഒന്നിനുമാത്രം ഒരിളക്കം. ടീമിനൊപ്പമുള്ള ഇറാനിയൻ സർക്കാരിന്റെ ഉദ്യോഗസ്ഥൻ മാത്രം ദേശീയഗാനം മൂളിപ്പാടുന്നു. ആ ഗാനത്തെ പരിഹാസ്യമാക്കുന്ന അപശ്രുതിപോലെ.
ഹജ്സാഫിയുടെയും സംഘത്തിന്റെയും നാവനക്കാ പ്രതിഷേധം പിന്നീട് ഓരോ സിരകളിലേക്കും പടർന്നു കയറുന്നു. ഗാലറികൾ പ്രതിഷേധക്കൊടുമുടിയിലേയ്ക്ക്. മുഷ്ടി ചുരുട്ടിയ കൈകൾ കടൽത്തിരകൾ പോലെ ഉയർന്നു താഴുന്നു. ചിലർ വീർപ്പടക്കി നോക്കിനിൽക്കുന്നു. ചിലർ ഹൃദയത്തെ പൊള്ളിക്കുന്നത്രയും ചുട്ട കണ്ണീർ വാർക്കുന്നു. ഇതാണ് ഇറാൻ. മെഹ്സ അമിനിയെ ഉടലോടെ പരലോകത്തേയ്ക്ക് അയച്ച ഉഗ്രശാസനകളുടെ തടവറയല്ലത്. നാനൂറോളം പേരാണ് ഇതിനോടകം ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ രക്തസാക്ഷികളായത്. പതിനേഴായിരത്തോളം പേർ കൽത്തുറുങ്കിൽ അടക്കപ്പെട്ടു. ഒരു ഡസനോളം പേരുടെ കുരുതി പ്രതിദിനം നടമാടുന്നു. അരഡസൻ ഗോളുകൾക്ക് ഇംഗ്ലണ്ടിനോട് ഇറാൻ അടിയറവ് പറയുമ്പോൾ തോറ്റത് ഹജ്സാഫിനും കൂട്ടുകളിക്കാരുമല്ല. ആ ജനതയുമല്ല. കൂച്ചുവിലങ്ങിട്ടു നിർത്തിയിട്ട് പായാൻ പറയുന്ന മതാന്ധദേശീയതയുടെ പൊയ്ക്കാലുകളാണ്. അതുകൊണ്ടാണ് ഇംഗ്ലീഷ് ടീം ഓരോ തവണ ഇറാന്റെ വല കുലുക്കുമ്പോഴും ഇറാനിയൻ ജനത ഏകാധിപതി തുലയട്ടെ എന്ന് ആർത്തുവിളിച്ചത്. അതാണ് യഥാർത്ഥ ഇറാന്റെ പരമോന്നത ദേശീയഗാനം.
എന്റെ ജനതയ്ക്ക് സന്തോഷം നഷ്ടമായിരിക്കുന്നു എന്നാണ് കളിക്ക് മുന്പ് മാധ്യമങ്ങളെ കണ്ടപ്പോൾ ഹജ്സാഫി പറഞ്ഞത്. രക്തസാക്ഷികളോടാണ് ഞങ്ങൾ കളിക്കാരുടെ ഐക്യദാർഢ്യമെന്നും ഹജ്സാഫി കൂട്ടിച്ചേർത്തു. സാഹചര്യം മോശമാണ്, രാജ്യത്തിന്റെ മാത്രമല്ല, ഞങ്ങൾ കളിക്കാരുടേയും. ഞങ്ങൾ ഇവിടെ വന്നിറങ്ങി. അതിന്റെയർത്ഥം ഞങ്ങൾ പ്രക്ഷോഭകരുടെ ശബ്ദം അല്ലെന്നല്ല. അവരെ ബഹുമാനിക്കുന്നില്ല എന്നുമല്ല. ഞങ്ങൾക്ക് എന്തെല്ലാമുണ്ടോ അതെല്ലാം അവർക്കുള്ളതാണ്. ഇറാനിലെ സമരങ്ങളുടെ മുഴക്കം തന്നെയായിരുന്നു ഹിജ്‌സാഫിയുടെ ഓരോ വാക്കിലും. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹജ്സാഫി ഉദ്ധരിച്ചതും രക്തസാക്ഷിത്വം വരിച്ച പത്തു വയസുകാരനായ പോരാളി കിയാൻ പിറഫാൽക്കിന്റെ വാക്കുകൾ. ഇന്ദ്രധനുസ്സിന്റെ ദേവതയുടെ തിരുനാമത്തിൽ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഹിജ്‌സാഫി അഭിമുഖം തുടങ്ങിയത്.
എങ്കിലും വിദ്യാലയങ്ങൾക്ക് അവധി കൊടുത്തും തത്സമയ സംപ്രേഷണം ഒരുക്കിയും കന്നിക്കളിയുടെ കൃത്രിമ മധുരം സമ്മാനിക്കാൻ സംവിധാനം ഒരുക്കിയ ഇറാൻ സർക്കാർ തങ്ങളെ നാണം കെടുത്തിയ ഹജ്സാഫിയെ വെറുതേ വിടാൻ പോകുന്നില്ല. അവിടെ കാത്തിരിക്കുന്നത് എന്തെല്ലാം കൊടിയ ദുരിതങ്ങളാണെന്ന് ഹജ് സാഫിക്കും സംഘത്തിനും അറിയില്ല. ഭയമല്ലാതെ മറ്റൊന്നും നഷ്ടപ്പെട്ടാനില്ലാത്ത അവർക്കാകട്ടെ എന്തെല്ലാം സഹിച്ചു കൂടാ. ഇറാന്റെ സ്വന്തം മെസ്സി സർദാൻ അസ്മോൻ ഇൻസ്റ്റാഗ്രാമിൽ എഴുതിയ പോലെ. എന്നെ നിങ്ങൾ ദേശീയ ടീമിൽ നിന്ന് ചവുട്ടി പുറത്താക്കിയേക്കും. അത് ഇറാനിയൻ സ്ത്രീയുടെ മുടിനാരിഴയുടെ വിലയുടെ ഏഴയലത്ത് എത്തില്ല.
ദക്ഷിണകൊറിയയിൽ മത്സരിക്കാനെത്തി.യപ്പോൾ ശിരോവസ്ത്രം ഒഴിവാക്കിയ ക്ലൈംബർ എൽനാസ് റെകാബി, ഇപ്പോൾ ഹജ്സാഫിയും കൂട്ടുകാരും.....മെഹ്സ അമിനിയുടെ രക്തം ചിന്തിയ ഇറാനിൽ മാറ്റത്തിനായി ആഞ്ഞടിക്കുന്ന കൊടുംകാറ്റിൽ അന്നാട്ടിലെ കായികതാരങ്ങളും അണിചേർന്നിരിക്കുന്നു. ആ പ്രതിഷേധസ്വരം ലോകമെമ്പാടും അലയടിക്കുന്നു.