Latest Videos

വലയില്‍ കിട്ടിയത് ലക്ഷങ്ങളുടെ മുതല്‍, ആവശ്യക്കാരായി പ്രമുഖ ഭക്ഷണശാലകള്‍, ഒടുവിൽ 'ഫുഡി'കൾക്ക് നിരാശ

By Web TeamFirst Published Sep 21, 2023, 11:21 AM IST
Highlights

പാകം ചെയ്യുമ്പോള്‍ നിറം മാറുമെങ്കിലും രുചി ഒന്നാണെങ്കിലും അപൂര്‍വ്വ ഇനങ്ങളെ അകത്താക്കാനുള്ള ഭക്ഷണ പ്രേമികളുടെ താല്‍പര്യമാണ് നീല കൊഞ്ചിന് വന്‍ വില നല്‍കാന്‍ ഭക്ഷണ ശാലകളെ പ്രേരിപ്പിക്കുന്നത്.

പാരീസ്: വലയില്‍ കിട്ടിയത് ലക്ഷങ്ങള്‍ വിലവരുന്ന അപൂര്‍വ്വ മത്സ്യം. വന്‍തുക വാഗ്ദാനം ചെയ്ത് പ്രമുഖ ഭക്ഷണ ശാലകള്‍ എന്നിട്ടും ഞെട്ടിക്കുന്ന തീരുമാനവുമായി മത്സ്യ വ്യാപാരി. പിടിക്കാന്‍ അനുമതിയുള്ള വലുപ്പത്തിലുള്ള നീല കൊഞ്ചാണ് ഫ്രാന്‍സിലെ മത്സ്യവ്യാപാരിക്ക് കഴിഞ്ഞ ദിവസം ലഭിച്ചത്. കണ്ടെത്താനുള്ള സാധ്യത അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒന്നാണ് നീലക്കൊഞ്ച്. ജനിതകപരമായ മാറ്റമാണ് ലോബ്സ്റ്ററുകളുടെ ഈ നിറം മാറ്റത്തിന് കാരണം. സമൂഹമാധ്യമങ്ങളില്‍ കൊഞ്ചിന്റെ ചിത്രം പങ്കുവച്ചപ്പോള്‍ നിരവധി ഭക്ഷണ ശാലകളാണ് അപൂര്‍വ്വ മത്സ്യത്തിന് ആവശ്യക്കാരായെത്തിയത്.

ലക്ഷങ്ങളുടെ ഓഫര്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ തല്‍ക്കാലം പണം മാറ്റി നിര്‍ത്തി ചിന്തിക്കാനാണ് ലെസ് വിവിയേര്‍സ് നോയര്‍മോട്ടിയര്‍ എന്ന ഈ മത്സ്യ വ്യാപാരിയുടെ തീരുമാനം. വിനോദ സഞ്ചാര വകുപ്പുമായി ബന്ധപ്പെട്ട് വലയിലായ പെണ്‍കൊഞ്ചിന് ഒരു വീട് കണ്ടെത്തി വിട്ടയക്കാനുള്ള ശ്രമമാണ് വ്യാപാരി നടത്തുന്നത്. സെന്റ് ഗിലീസിലെ ഒരു ദ്വീപിന് സമീപത്ത് നിന്നാണ് നീല ലോബ്സ്റ്ററിനെ കണ്ടെത്തുന്നത്. ചെറിയ ബ്രൌണ്‍ നിറത്തില്‍ കാണുന്ന ലോബ്സ്റ്ററുകള്‍ പാകം ചെയ്യുന്നതോടെ ചുവപ്പ് നിറമാകാറാണ് പതിവ്. പാകം ചെയ്യുമ്പോള്‍ നിറം മാറുമെങ്കിലും രുചി ഒന്നാണെങ്കിലും അപൂര്‍വ്വ ഇനങ്ങളെ അകത്താക്കാനുള്ള ഭക്ഷണ പ്രേമികളുടെ താല്‍പര്യമാണ് നീല കൊഞ്ചിന് വന്‍ വില നല്‍കാന്‍ ഭക്ഷണ ശാലകളെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഫ്ലോറിഡയില്‍ കണ്ടെത്തിയ ഓറഞ്ച് നിറമുള്ള ലോബ്സ്റ്ററിനെ നിലവില്‍ ഒരു അക്വേറിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചില പ്രോട്ടീനുകളിലെ മാറ്റമാണ് ഇത്തരത്തില്‍ കൊഞ്ചുകളുടെ തോടിലെ നിറം മാറ്റത്തിന് കാരണമാകുന്നത്. ഇതിന് മുന്‍പ് 2014, 2020, 2021 വര്‍ഷങ്ങളില്‍ നീല കൊഞ്ചിനെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!