വെജിറ്റേറിയനാകാം, പക്ഷേ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കണേ...

By Web TeamFirst Published Sep 2, 2020, 7:51 PM IST
Highlights

പഠനം തുടങ്ങുന്ന കാലത്ത് ഇതില്‍ പങ്കെടുക്കുന്ന 146 പേരുടേയും രക്തസമ്മര്‍ദ്ദം, രക്തത്തിലെ കൊഴുപ്പ്, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നോര്‍മലായിരുന്നു. എന്നാല്‍ പഠന കാലാവധി തീരുമ്പോഴേക്ക് ഏകദേശം പകുതി പേരുടെയും രക്തസമ്മര്‍ദ്ദം, രക്തത്തിലെ കൊഴുപ്പ്, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് 'അബ്‌നോര്‍മല്‍' ആയി മാറിയിരുന്നു

സസ്യങ്ങളെ മാത്രം ആശ്രയിച്ചുള്ള ഡയറ്റാണ് വെജിറ്റേറിയന്‍ ഡയറ്റ്. പൊതുവേ ഇത് വളരെ ആരോഗ്യകരമാണെന്ന് തന്നെയാണ് വയ്പ്. എന്നാല്‍ എല്ലാ വെജിറ്റേറിയന്‍ ഡയറ്റും ആരോഗ്യകരം ആകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

നമ്മള്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, ഒഴിവാക്കുന്നവ എല്ലാം ഏതെല്ലാം തരത്തിലാണ് ശരീരത്തെ സ്വാധീനിക്കുന്നതെന്ന് മനസിലാക്കണം. അതല്ലെങ്കില്‍ 'ബാലന്‍സ്ഡ്' ആയി ആരോഗ്യത്തെ കൊണ്ടുപോകാനാകില്ലെന്നും പ്രത്യക്ഷമായും പരോക്ഷമായും ഇത് ഹൃദയാരോഗ്യത്തെയാണ് ബാധിക്കുകയെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.

'യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസ് 2020' എന്ന സമ്മേളനത്തിലാണ് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. പത്ത് വര്‍ഷം നീണ്ട പഠനമായിരുന്നുവത്രേ ഇത്. വെജിറ്റേറിയന്‍ ഡയറ്റുമായി മുന്നോട്ടുപോകുന്ന 146 പേരുടെ ആരോഗ്യത്തെ ഇത്രയും വര്‍ഷങ്ങള്‍ പഠിച്ച ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

 

 

പഠനം തുടങ്ങുന്ന കാലത്ത് ഇതില്‍ പങ്കെടുക്കുന്ന 146 പേരുടേയും രക്തസമ്മര്‍ദ്ദം, രക്തത്തിലെ കൊഴുപ്പ്, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് നോര്‍മലായിരുന്നു. എന്നാല്‍ പഠന കാലാവധി തീരുമ്പോഴേക്ക് ഏകദേശം പകുതി പേരുടെയും രക്തസമ്മര്‍ദ്ദം, രക്തത്തിലെ കൊഴുപ്പ്, രക്തത്തിലെ പഞ്ചസാര എന്നിവയുടെ അളവ് 'അബ്‌നോര്‍മല്‍' ആയി മാറിയിരുന്നു. 

ഇത് ഇവര്‍ കഴിച്ചിരുന്ന വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ 'ക്വാളിറ്റി' (ഗുണമേന്മ), 'ക്വാണ്ടിറ്റി' (അളവ്) എന്നിവയെ ആശ്രയിച്ച് സംഭവിച്ചതാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മര്‍ദ്ദമായാലും, രക്തത്തിലെ കൊഴുപ്പായാലും, രക്തത്തിലെ പഞ്ചസാരയുടെ അളവായാലും ഇവയെല്ലാം തന്നെ ഹൃദയവുമായി ബന്ധം പുലര്‍ത്തുന്ന അവസ്ഥകളാണ്. അതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യമാണ് ഇത്തരത്തില്‍ മോശം ഡയറ്റിനെ തുടര്‍ന്ന് അവതാളത്തിലാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്‌നം കാര്യമായി ബാധിക്കുകയെന്നും ഇവര്‍ കണ്ടെത്തി. സസ്യാഹാരങ്ങളില്‍ തന്നെ പ്രോസസ്ഡായ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കി ധാന്യങ്ങള്‍, പഴങ്ങള്‍, ഫ്രഷ് പച്ചക്കറികള്‍, നട്ട്‌സ് എന്നിവ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് കൊണ്ട് ഈ പ്രശ്‌നങ്ങളെ വലിയൊരു പരിധി വരെ അകറ്റിനിര്‍ത്താമെന്ന് വിദഗ്ധര്‍ പറയുന്നു. 

 

 

റിഫൈന്‍ഡ് ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, ജ്യൂസുകള്‍, മധുരം ചേര്‍ത്ത വിഭവങ്ങള്‍ എന്നിവ അധികമായി കഴിക്കുന്നത് അനാരോഗ്യകരമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. പൊതുവേ മാംസാഹാരം കുറയ്ക്കുന്നത് തന്നെയാണ് ഹൃദയാരോഗ്യത്തിന് ഉത്തമമെന്നും പഠനം അടിവരയിട്ട് പറയുന്നുണ്ട്. 

Also Read:- ഹൈപ്പോതൈറോയ്ഡിസം; ഒഴിവാക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍....

click me!