ഉയര്‍ന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുതേ...

By Web TeamFirst Published Jan 12, 2023, 8:13 AM IST
Highlights

രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി. നെഞ്ചുവേദന, തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാൻ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് പൊതുവേയുള്ള ലക്ഷണങ്ങള്‍.

രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. 

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ചാട്ട് മസാലയും അത്തരം മറ്റ് മസാലകളും പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് കലർന്ന ചേരുവകളാണ്. രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ഉപ്പിലെ സോഡിയം അമിതമാകുന്നത് വൃക്കകളുടെ ആരോഗ്യത്തെയും മോശമായി ബാധിച്ചേക്കാം. 

രണ്ട്...

മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റും പരമാവധി ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇവ കൊളസ്ട്രോള്‍ കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനുമുള്ള സാധ്യതയുണ്ട്. 

മൂന്ന്... 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കാരണം അവയില്‍ ഉപ്പിന്‍റെ അളവ് കൂടുതലാവാം. അവ രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. അതിനാല്‍ ഇവയും ഒഴിവാക്കാം. 

നാല്...

പിസ, സാന്‍വിച്ച് തുടങ്ങിയ ജങ്ക് ഫുഡ്സും ഒഴിവാക്കുന്നതാണ്  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലത്. ഇത്തരം ജങ്ക് ഫുഡില്‍  ഉപ്പിന്റെ അളവ് അതിശയിപ്പിക്കുന്നതാണ്. ഒരു ഇടത്തരം വലിപ്പമുള്ള പിസയിൽ ഏകദേശം 3,500 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. 

അഞ്ച്...

സംസ്കരിച്ച മാംസത്തിൽ അമിതമായ അളവിൽ സോഡിയം അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, അവ സാധാരണയായി വളരെ കൊഴുപ്പുള്ളതും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുന്നതുമാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്ന് പരമാവധി കുറയ്ക്കുക. 

ആറ്...

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്. ശരീര ഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും. 

ഏഴ്...

മധുര പാനീയങ്ങളും ഒഴിവാക്കുക. ഇവ ഭാരം കൂട്ടുക മാത്രമല്ല, രക്തസമ്മർദ്ദം ഉയർത്താനും കാരണമാകും. 

Also Read: വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ സ്‌നാക്‌സ്...

click me!