മുരിങ്ങക്കായ കഴിക്കുന്നത് കൊണ്ട് നേടാം പല ആരോഗ്യഗുണങ്ങള്‍...

By Web TeamFirst Published Apr 29, 2021, 9:37 PM IST
Highlights

അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ഒരുകൂട്ടം ഘടകങ്ങളടങ്ങിയിരിക്കുന്നു എന്നതിനാല്‍ തന്നെ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് നമ്മെ സഹായിക്കുന്നു. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാന്‍ മുരിങ്ങക്കായയ്ക്കുള്ള കഴിവ് ആരോഗ്യവിദഗ്ധര്‍ എടുത്തുപറയുന്നതാണ്

മലയാളികളെ സംബന്ധിച്ച് നാടന്‍ രുചികള്‍ എപ്പോഴും ഒരു ദൗര്‍ബല്യമാണ്. വീട്ടുമുറ്റത്തെ ചീര, അടുക്കളത്തോട്ടത്തിലെ വഴുതന, പറമ്പിലെ മുരിങ്ങ, പപ്പായ, തക്കാളി, വെണ്ടയ്ക്ക, മുളക്, പയര്‍, പാവല്‍ എന്നിങ്ങനെ എത്രയോ തനിനാടന്‍ രുചികള്‍ക്ക് വേണ്ട കൂട്ടുകള്‍ നമുക്ക് പരിസരങ്ങളില്‍ നിന്ന് തന്നെ കിട്ടാറുണ്ട്. 

ഇപ്പോള്‍ നഗരകേന്ദ്രീകൃതമായി അധികപേരും സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് ജീവിതത്തെ മാറ്റിനടുമ്പോഴും ആ പഴയ ഭക്ഷണ സംസ്‌കാരം മറക്കാന്‍ മലയാളികള്‍ക്ക് സാധിക്കുന്നില്ല. അതിനാല്‍ തന്നെ നാട്ടുരുചിക്കൂട്ടുകളെല്ലാം ഇപ്പോള്‍ മിക്ക വിപണികളിലും ലഭ്യമാണ്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു പച്ചക്കറിയാണ് മുരിങ്ങക്കായ. 

സാമ്പാറും അവിയലും മാത്രമല്ല, തോരനും മസാലക്കറിയും എന്തിനധികം അച്ചാര്‍ വരെ തയ്യാറാക്കാവുന്നതാണ് മുരിങ്ങക്കായ കൊണ്ട്. രുചിയെക്കാളധികം ആരോഗ്യഗുണങ്ങളാണ് പലപ്പോഴും മുരിങ്ങക്കായയെ വ്യത്യസ്തമാക്കുന്നത്. അത്രമാത്രം ഫലമാണ് ഈ പച്ചക്കറിക്ക് നല്‍കാനാവുക. 

ഈ കൊവിഡ് കാലത്ത് നമ്മള്‍ ആരോഗ്യം സംബന്ധിച്ച് ഏറ്റവുമധികം ചര്‍ച്ച ചെയ്തിട്ടുള്ളത് രോഗ പ്രതിരോധശേഷിയെ കുറിച്ചാണ്. മുരിങ്ങക്കായയുടെ കാര്യത്തിലും എടുത്തുപറയേണ്ടൊരു ഗുണം അതിന് രോഗ പ്രതിരോധശേഷിയെ ശക്തമാക്കാനുള്ള കഴിവുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ നിലവിലെ മോശം സാഹചര്യത്തില്‍ ഡയറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നായി മുരിങ്ങക്കായും പരിഗണിക്കാം. 

വൈറ്റമിന്‍-ബി, വൈറ്റമിന്‍-സി, ആന്റിഓക്‌സിഡന്റുകള്‍, സിങ്ക്, അയേണ്‍, ഫൈബര്‍ എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളുടെയും സ്രോതസാണ് മുരിങ്ങക്കായ. ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നത് മുതല്‍ എല്ലിന് ബലം നല്‍കാന്‍ വരെ ഈ പച്ചക്കറി നമ്മെ സഹായിക്കുന്നു. 

അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ഒരുകൂട്ടം ഘടകങ്ങളടങ്ങിയിരിക്കുന്നു എന്നതിനാല്‍ തന്നെ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് നമ്മെ സഹായിക്കുന്നു. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാന്‍ മുരിങ്ങക്കായയ്ക്കുള്ള കഴിവ് ആരോഗ്യവിദഗ്ധര്‍ എടുത്തുപറയുന്നതാണ്. വൈറല്‍ ബാധകളെ എതിര്‍ക്കാനും രക്തത്തെ ശുദ്ധിയാക്കാനും പ്രതിരോധവ്യവസ്ഥയെ ബലപ്പെടുത്താനുമെല്ലാം മുരിങ്ങക്കായ ഏറെ സഹായകമാണ്. 

Also Read:- വേനല്‍ക്കാലത്ത് കഴിക്കാം ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ ഈ ഭക്ഷണങ്ങള്‍...

കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കഴിയാവുന്നിടത്തോളം വീട്ടില്‍ തന്നെ തുടരുന്നതാണ് സുരക്ഷിതമെന്ന് നമുക്കറിയാം. ഒപ്പം തന്നെ ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടും, ഡയറ്റ് മുഖേനയുമെല്ലാം ശരീരത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്. അതിനായി മുരിങ്ങക്കായ പോലെ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന വിവിധയിനം ഭക്ഷണങ്ങളെ കുറിച്ചും ഈ ഘട്ടത്തില്‍ മനസിലാക്കാം. അവ ഡയറ്റിലുള്‍പ്പെടുത്തിക്കൊണ്ട് ആരോഗ്യത്തെ പിടിച്ചുനിര്‍ത്താനുള്ള ആര്‍ജ്ജവവും നമുക്ക് കാണിക്കാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!