ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

By Web TeamFirst Published Jan 26, 2020, 9:54 AM IST
Highlights

2018ലെ Globocan-ന്‍റെ പഠനം അനുസരിച്ച് ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറ്റവും അധികം കാണപ്പെടുന്ന രണ്ടാമത്തെ ക്യാന്‍സറാണ് ശ്വാസകോശാര്‍ബുദം. ഏകദേശം 48,698 പേര്‍ക്കാണ് 2018ല്‍ രോഗം സ്ഥിരീകരിച്ചത്. 

ലോകത്തേറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് ശ്വാസകോശ ക്യാൻസർ. അടുത്തകാലം വരെ തീരെ ചികിത്സയില്ലാത്ത ഒന്നായാണിത് കണക്കാക്കപ്പെട്ടിരുന്നത്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കാനായാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങളുടെ പട്ടികയില്‍ ശ്വാസകോശ ക്യാന്‍സറും ഇടംപിടിച്ചു. 

സ്‌പോഞ്ച്‌ പോലുള്ള രണ്ട് അറകള്‍ ചേര്‍ന്നതാണ് നമ്മുടെ ശ്വാസകോശം. ഇതില്‍ വലത് അറയെ മൂന്നും ഇടത് അറയെ രണ്ടും ലോബുകളായി തിരിച്ചിട്ടുണ്ട്. ഈ ലോബുകളിലെയോ ശ്വാസനാളത്തിലെയോ അല്ലെങ്കില്‍ ശ്വാസനാളീശാഖകളിലെയോ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്ന അവസ്ഥയാണ് ശ്വാസകോശ ക്യാന്‍സര്‍. 

2018ലെ Globocan-ന്‍റെ പഠനം അനുസരിച്ച് ഇന്ത്യയിലെ പുരുഷന്മാരില്‍ ഏറ്റവും അധികം കാണപ്പെടുന്ന രണ്ടാമത്തെ ക്യാന്‍സറാണ് ശ്വാസകോശാര്‍ബുദം. ഏകദേശം 48,698 പേര്‍ക്കാണ് 2018ല്‍ രോഗം സ്ഥിരീകരിച്ചത്. 19,097 സ്ത്രീകളിലും ശ്വാസകോശാര്‍ബുദം കണ്ടെത്തി.  പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം.

 പുകവലിയാണ് ശ്വാസകോശ അർബുദത്തിനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന്. പുകയിലയിൽ നിരവധി രാസവസ്തുക്കളും ക്യാൻസറിന് കാരണമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രധാനമായും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നത്. 

ആപത്കരമായ രാസവസ്തുക്കളാണ് ശ്വാസകോശ അർബുദത്തിന് മറ്റൊരു കാരണം. യുറേനിയം, ആർസെനിക്, കാഡ്മിയം, ക്രോമിയം, നിക്കൽ, ചില പെട്രോളിയം വസ്തുക്കൾ എന്നിവയും ശ്വാസകോശ അർബുദത്തിന് കാരണമാകും. ശ്വാസകോശ ക്യാൻസർ സുഖപ്പെടുത്താൻ ഒരു ഭക്ഷണത്തിനും ആവില്ല. എന്നാൽ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ ആരോഗ്യഭക്ഷണം രോഗത്തെ പ്രതിരോധിക്കും. ശ്വാസകോശ ക്യാൻസർ തടയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം…

തക്കാളി...

ശ്വാസകോശ ക്യാൻസറിനോട് പൊരുതാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം തക്കാളിയിൽ ധാരാളമുണ്ട്. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ലൈക്കോപീൻ, ശ്വാസകോശ ക്യാൻസറിന്റെ വ്യാപനം തടയാൻ സഹായിക്കുന്നു.

ബ്രൊക്കോളി...

ക്രൂസിഫെറസ് വെജിറ്റബിൾ ആയ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശ ക്യാൻസർ തടയാനും ശ്വാസകോശത്തിൽ നിന്ന് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കി രോഗപ്രതിരോധ സംവിധാനം ശക്തമാക്കാനും സഹായിക്കും. ബ്രൊക്കോളിയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ശ്വാസകോശ ക്യാൻസറിന്റെ വ്യാപനം തടയാൻ സഹായിക്കും.

സവാള...

സവാളയിൽ ക്വെർസെറ്റിൻ എന്ന സംയുക്തം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സവാള വളരെ മികച്ചതാണ്.

‌ ക്യാരറ്റ്...

കണ്ണിന്‍റെ ആരോഗ്യത്തിനു മാത്രമല്ല, ശ്വാസകോശ ക്യാൻസറിൽ നിന്നും ക്യാരറ്റ് സംരക്ഷണമേകും. കാരറ്റിലടങ്ങിയ വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ സ്ത്രീകളിൽ ശ്വാസകോശ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഫ്രണ്ടിയേഴ്സ്ഇൻ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇലക്കറികൾ...

ശ്വാസകോശ ക്യാൻസഫിൽ നിന്ന് രക്ഷനേടാൻ ഏറ്റവും മികച്ചതാണ് ഇലക്കറികൾ. പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും ​പഠനങ്ങൾ പറയുന്നു. 


 
 

click me!