പർപ്പിൾ കാബേജ് കഴിച്ചാലുള്ള 6 ​ഗുണങ്ങൾ

By Web TeamFirst Published Dec 12, 2019, 3:51 PM IST
Highlights

പർപ്പിൾ കാബേജിലെ ജീവകം എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

പർപ്പിൾ കാബേജ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പാർപ്പിൾ കാബേജ്. പർപ്പിൾ കാബേജ് അഥവാ റെഡ് കാബേജ് Brassicaceae കുടുംബത്തിൽപ്പെട്ടതാണ്. പച്ചകാബേജിന്റെ രുചിയിൽനിന്നു തികച്ചും വ്യത്യസ്തമാണ് ഇതിന്റെ രുചി.. 

ഒരു കപ്പ് (89 ഗ്രാം) പർപ്പിൾ കാബേജിൽ 28 കാലറി മാത്രമേ ഉള്ളൂ. 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, ജീവകം സി, കെ, എ, മാംഗനീസ്, ജീവകം B6, ഫോളേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം ഇവയും ഉണ്ട്. പച്ച കാബേജിനേക്കാൾ പത്തിരട്ടി ജീവകം എ പർപ്പിൾ കാബേജിലുണ്ട്.

പർപ്പിൾ കാബേജിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം...

1. കണ്ണുകളെ സംരക്ഷിക്കുന്നു...‍

പർപ്പിൾ കാബേജിലെ ജീവകം എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും. 

2. ശരീരഭാരം കുറയ്ക്കാം...

കാലറി വളരെ കുറവാണിതിന്. നാരുക‌ളും ജീവകങ്ങളും ധാതുക്കളും ധാരാളമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ പർപ്പിൾ കാബേജ് ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്താം. ചെറിയ അളവിൽ പ്രോട്ടീനും ഇതിലുണ്ട്. 

3. യുവത്വം നിലനിർത്തും...

 പർപ്പിൾ കാബേജിൽ അടങ്ങിയ സംയുക്തങ്ങൾ യുവത്വം നിലനിർത്താൻ സഹായിക്കും. കാബേജിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു. ചർമത്തെ ഫ്രഷ് ആയി നിലനിർത്താൻ ഇത് സഹായിക്കും. ജീവകം എയും ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. പർപ്പിൾ കാബേജിൽ അടങ്ങിയ സൾഫർ കെരാറ്റിൻ ഉൽപാദനത്തിന് ആവശ്യമാണ്. ആരോഗ്യമുള്ള തലമുടി, നഖങ്ങൾ, ചർമം ഇവയ്ക്കെല്ലാം പിന്നിൽ കെരാറ്റിൻ എന്ന പ്രോട്ടീൻ ആണ്. 

4. അൾസർ തടയും...

പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസ് ആക്കി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്.

  5. എല്ലുകളുടെ ആരോഗ്യം...

ധാതുക്കൾ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകൾക്ക് ആരോഗ്യമേകും. മഗ്നീഷ്യം, കാൽസ്യം, മാംഗനീസ്, മറ്റു ധാതുക്കൾ ഇവ പർപ്പിൾ കാബേജിലുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. സന്ധിവാതം, ഓസ്റ്റിയോപോറോസിസ്, എല്ലുകൾക്കുണ്ടാകുന്ന മറ്റു രോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും എല്ലുകളുടെ മിനറൽ ഡെൻസിറ്റി കൂട്ടാനും പർപ്പിൾ കാബേജ് സഹായിക്കും. 

6. മെറ്റബോളിസം കൂട്ടും...

 പർപ്പിൾ കാബേജിൽ ജീവകം ബി കോംപ്ലക്സ് ഉണ്ട്. ഇത് ചില മെറ്റബോളിക് എൻസൈമുകൾക്കും കോശങ്ങളിലെ മെറ്റബോളിസത്തിനും ആവശ്യമാണ്. പർപ്പിൾ കാബേജിന്റെ ഉപയോഗം ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

click me!