ആരോഗ്യം സംരക്ഷിച്ചു കൊണ്ട് നോമ്പെടുക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Apr 21, 2020, 10:51 AM IST
Highlights

കൊവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവര്‍ വ്രതം എടുക്കരുത്.  കൊവിഡ് രോഗികളും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍  മതനിയമം പുറപ്പെടുവിക്കുക വരെ ചെയ്തു.  

ജീവിതക്രമത്തിൽനിന്ന് പൊടുന്നനെ ഒരു മാറ്റമാണ് റംസാൻ വ്രതം ആരംഭിക്കുമ്പോള്‍ സംഭവിക്കുന്നത്. അതിനാല്‍ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധ നല്‍കണം. ഇക്കാലത്ത് ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങൾ, ഭക്ഷണക്രമീകരണങ്ങൾ എന്നിവ ഏതെല്ലാമാണെന്ന് നോക്കാം.

1. ആദ്യമേ തന്നെ കൊവിഡ് പശ്ചാത്തലം പരിഗണിച്ച് കൊവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവര്‍ വ്രതം എടുക്കരുത്. കൊവിഡ് രോഗികളും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍  മതനിയമം പുറപ്പെടുവിക്കുക വരെ ചെയ്തു.  കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നില മോശമാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അവരും നോമ്പെടുക്കേണ്ടതില്ല.

2.  മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്നിട്ട് നോമ്പ് തുറക്കുമ്പോള്‍ കഴിയുന്നത്ര അളവില്‍ ഭക്ഷണം കഴിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. അത് ആരോഗ്യത്തെ ബാധിക്കും. നോമ്പ് തുറക്കുമ്പോള്‍ ആദ്യം മിതമായ ഭക്ഷണം  കഴിക്കുക. കുറച്ച് സമയത്തിന് ശേഷം നന്നായി ഭക്ഷണം കഴിക്കാം.

3. നോമ്പ് തുറക്കുമ്പോള്‍ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദമാണെന്നത് ശാസ്ത്രീയ സത്യമാണ്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടന്‍ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുളള സാധ്യത കുറക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തി ക്ഷീണം ഇല്ലാതാക്കും. 

4. നോമ്പ് തുറക്കുമ്പോള്‍ ബിരിയാണി, ഇറച്ചി, മീൻ, പൊറോട്ട എന്നിവയ്ക്കു പകരം ചോറ്, കഞ്ഞി, ചെറുപയർ, ചീര, മുരിങ്ങ, പച്ചക്കറികൾ, പഴങ്ങള്‍  എന്നിവ കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജ്യൂസ് കഴിക്കുന്നതിനെക്കാൾ പഴവർഗങ്ങൾ അതേ രൂപത്തിൽ തന്നെ കഴിക്കാന്‍ ശ്രമിക്കണം. 

5. എണ്ണയിൽ വറുത്ത ഭക്ഷണപദാർഥങ്ങളും എരിവ്, പുളി എന്നിവയും ഉപേക്ഷിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലതാണ്.

6. അത്താഴത്തിന് തലേദിവസത്തെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഴയഭക്ഷണം ആരോഗ്യപ്രദമമല്ലെന്ന് മാത്രമല്ല പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 

7.  നോമ്പുതുറ മുതല്‍ അത്താഴം വരെ ധാരാളം ശുദ്ധജലം കുടിക്കുക.

8. എന്തെങ്കിലും രോഗത്തിനു സ്ഥിരമായി മരുന്നു കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ അതു നോമ്പുകാലത്ത് നിര്‍ത്തരുത്. 

click me!