കുട്ടികൾക്ക് വേണം മികച്ചൊരു ഡയറ്റ് പ്ലാൻ; ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ

By Web TeamFirst Published Jul 29, 2019, 12:40 PM IST
Highlights

കുട്ടികൾക്ക് ഫാസ്റ്റ് ഫുഡ് നൽകുന്നത് ഒഴിവാക്കുക പകരം പോഷക​ഗുണമുള്ളതും ആവശ്യമുള്ളതുമായ ഭക്ഷണങ്ങൾ മാത്രം നൽകുക. ബുദ്ധി വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഏറെ ആവശ്യമായ ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. 

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച മാതാപിതാക്കള്‍ വളരെ ശ്രദ്ധയോടെ നോക്കികാണേണ്ട പ്രായമാണ് കുട്ടിക്കാലം. ശാരീരികവളര്‍ച്ചയോടൊപ്പം തലച്ചോറും വികസിക്കുന്ന ഈ കാലഘട്ടത്തില്‍ ബുദ്ധിവളര്‍ച്ചയ്ക്കു സഹായിക്കുന്ന കളികളും മറ്റും മാത്രം പോരാ, നല്ല ഭക്ഷണവും അത്യാവശ്യമാണ്. കുട്ടികൾക്ക് ഫാസ്റ്റ് ഫുഡ് നൽകുന്നത് ഒഴിവാക്കുക പകരം പോഷക​ഗുണമുള്ളതും ആവശ്യമുള്ളതുമായ ഭക്ഷണങ്ങൾ മാത്രം നൽകുക.

വിറ്റമിന്‍ സി, ഫോളിക് ആസിഡ്, ഫ്രക്‌ടോസ്, സിങ്ക്, സെലിനിയം, ഗ്ലൂക്കോസ് എന്നിവ നമ്മുടെ ശരീരത്തിന് വളരെ അവശ്യം വേണ്ട ഘടകങ്ങളാണ്. ശരീരത്തിന്റെയും തലച്ചോറിന്റെയും വളര്‍ച്ചയ്ക്ക് ഇവയില്‍ ചിലതു പൊതുവായി ആവശ്യമുണ്ട്. ഇവ അടങ്ങിയതും കുട്ടികൾക്ക് നിർബന്ധമായി കൊടുക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും ഏറെ ആവശ്യമായ ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. മത്തി, അയല, ചൂര, കീരിച്ചാള, കൊഴിയാള, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ ഒമേഗ 3 യുടെ കലവറയാണ്. ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രമിക്കണം.

രണ്ട്...

 സോയ, മത്തന്‍കുരു, ബദാം, വാള്‍നട്ട്, ഒലിവ് ഓയില്‍ എന്നിവയിൽ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. നല്ല പ്രോട്ടീനായ എസന്‍ഷ്യല്‍ അമിനോ ആസിഡും തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്. 

മൂന്ന്...

ഗ്ലൈസീമിക്‌സ് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കണം. അതായത് പെട്ടെന്ന് ദഹിക്കുന്നവ. പഞ്ച സാരയുടെ അളവ് കൂടുതലുള്ളവയില്‍ നാരുകളുടെ അംശം കുറവായിരിക്കും. നാരുകളും മാംസ്യവും ധാരാളമുള്ള ധാന്യങ്ങളാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വേണ്ട ഊര്‍ജം സാവധാനം കൊടുക്കുന്നവ. അതായത് ഗോതമ്പ്, കൂവരക്, കടല-പയര്‍ വര്‍ഗങ്ങള്‍, കൂണ്‍ വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം.

നാല്...

പഴവര്‍ഗങ്ങള്‍ തലച്ചോറിന്റെ വളര്‍ച്ചയെയും അതുവഴി ബുദ്ധിയേയും ത്വരതപ്പെടുത്തുന്നു. പഴങ്ങളുടെ കൂട്ടത്തില്‍ ബ്ലൂബെറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ഓര്‍മക്കുറവിനെ പരിഹരിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് പാര്‍ക്കിണ്‍സ് രോഗം, മറവിരോ​ഗം  എന്നിവയ്ക്ക് ഒരു മരുന്നു തന്നെയാണ്. ഈ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. 

അഞ്ച്...

കുട്ടികള്‍ക്ക് ദിവസം 200 - 300 ഗ്രാം പഴവര്‍ഗങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴങ്ങളും സാലഡ് രൂപത്തില്‍ ആകര്‍ഷമാക്കി നല്‍കാം. സൂപ്പും നല്ലതാണ്. വൈകുന്നേരങ്ങളില്‍ വീട്ടില്‍ തന്നെ തയാറാക്കുന്ന സ്‌നാക്കുകള്‍ നല്‍കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് ബേക്ക് ചെയ്തതും ആവിയില്‍ വേവിച്ചതും. മൈദ കൊണ്ടുള്ള ബേക്കറി പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. ഉണങ്ങിയ പഴങ്ങളും നട്ട്‌സും കൊറിക്കാന്‍ കൊടുക്കാം. ഈന്തപ്പഴം, ഏത്തപ്പഴം എന്നിവ വളരെ ഗുണകരമാണ്.


        
ആറ്...

പാല്‍ എന്നത് കുട്ടികള്‍ക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
കുട്ടികൾക്ക് ദിവസവും ഒരു ​ഗ്ലാസ് പശുവിൻ പാൽ നൽകുന്നത് വിളർച്ച വരാതിരിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുമെന്ന് നോർത്ത് കരോലിന സർവകലാശാലയിലെ പ്രൊഫസറായ ആമി ലാന പറയുന്നു.

ഏഴ്...

കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും നൽകാവുന്നതാണ്.  മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.

എട്ട്....

നെയ്യില്‍ വറുത്ത നേന്ത്രപ്പഴം കുട്ടികള്‍ക്ക് വളരെ നല്ലതാണ്. ഇവ കുട്ടികളിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. നേന്ത്രപ്പഴവും നെയ്യും പതിവായി നല്‍കാവുന്നതാണ്. നെയ്യ് വെറുംവയറ്റില്‍ നല്‍കുന്നതും തൂക്കകുറവും ഉന്മേഷമില്ലായ്മയും ഇല്ലാതാക്കാന്‍ ഉപകരിക്കും. ദിവസവും ഒരു ടീസ്പൂൺ നെയ്യ് കുട്ടികൾക്ക് നൽകുന്നത് മലബന്ധം, ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാൻ സഹായിക്കും.

click me!