95 % ബേബി ഫുഡിലും വിഷാംശം; കണ്ടെത്തലുമായി പഠനം

By Web TeamFirst Published Oct 18, 2019, 2:46 PM IST
Highlights

ആര്‍സെനിക്, ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ അപകടകാരികളായ മെറ്റലുകളാണ് അളവിലധികമായി ബേബി ഫുഡില്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്. പ്രധാന ബേബിഫുഡ് നിര്‍മ്മാതാക്കളായ 168 കമ്പനികളുടെ ഉത്പന്നങ്ങളാണ് ഗവേഷകര്‍ വിശദമായി പരിശോധിച്ചത്

ബേബി ഫുഡില്‍ വ്യാപകമായി വിഷാംശമായി കണക്കാക്കാവുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് മുമ്പ് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ ശരിവയ്ക്കുന്ന ഫലവുമായി ഇതാ അമേരിക്കയില്‍ പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. 

ആര്‍സെനിക്, ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ അപകടകാരികളായ മെറ്റലുകളാണ് അളവിലധികമായി ബേബി ഫുഡില്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്. പ്രധാന ബേബിഫുഡ് നിര്‍മ്മാതാക്കളായ 168 കമ്പനികളുടെ ഉത്പന്നങ്ങളാണ് ഗവേഷകര്‍ വിശദമായി പരിശോധിച്ചത്. 

ഇവയില്‍ 95 % ഉത്പന്നങ്ങളിലും വിഷാംശമായി കണക്കാക്കാവുന്ന മെറ്റലുകള്‍ അടങ്ങിയിട്ടുണ്ടത്രേ. 95 % ഉത്പന്നങ്ങളില്‍ ലെഡ്, 73 % ഉത്പന്നങ്ങളില്‍ ആര്‍സെനിക്, 75 % ഉത്പന്നങ്ങളില്‍ കാഡ്മിയം, 32 % ഉത്പന്നങ്ങളില്‍ മെര്‍ക്കുറി എന്നിങ്ങനെയാണ് കണ്ടെത്തിയത്. 

കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളാണിവ. അല്‍പാല്‍പമായി ഇത് ശരീരത്തിലെത്തുന്നതോടെ ക്രമേണ ഇത് കുഞ്ഞിന്റെ തലച്ചോറിനെ കാര്യമായി ബാധിക്കുന്നു. അരി, മധുരക്കിഴങ്ങ് എന്നിവയില്‍ നിന്നുത്പാദിപ്പിക്കുന്ന ബേബി ഫുഡിലും ഫ്രൂട്ട് ജ്യൂസുകളിലുമാണ് ഗവേഷകര്‍ ഏറെയും വിഷാംശം കണ്ടെത്തിയിട്ടുള്ളത്. 

പ്രമുഖരായ പല കമ്പനികളുടേയും ബേബി ഫുഡ് രാജ്യാതിര്‍ത്തികള്‍ കടന്നും വിപണി തേടി പേകാറുണ്ട്. അങ്ങനെയാകുമ്പോള്‍ അമേരിക്കയില്‍ നടന്ന പഠനം ഒരുപക്ഷേ, അവിടെ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് കണക്കാക്കപ്പെടുന്നത്. മറ്റ് പലയിടങ്ങളിലും, മാര്‍ക്കറ്റില്‍ സജീവമായി വിറ്റഴിക്കപ്പെടുന്ന ബേബി ഫുഡിന്റെ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന ആവശ്യവും ഇതോടൊപ്പം ഉയര്‍ന്നുവരുന്നുണ്ട്. 

click me!