മഞ്ഞളും മഞ്ഞപ്പൊടിയും!

By Web TeamFirst Published Sep 27, 2019, 2:06 PM IST
Highlights

ചോളപ്പൊടി, കിഴങ്ങുപൊടി, അറക്കപ്പൊടി, മണ്ണ്, ചോക്കുപൊടി, യെല്ലോ സ്റ്റോൺ പൗഡർ തുടങ്ങിയവയും ഇങ്ങനെ മഞ്ഞൾപ്പൊടിയുടെ തൂക്കം കൂട്ടാനായി ചേർക്കുന്നുണ്ട്. ഇങ്ങനെ ചേർക്കുന്ന അന്യവസ്തുക്കൾ തിരിച്ചറിയാതിരിക്കാൻ കൃത്രിമ നിറങ്ങൾ ചേർക്കുന്നു. 

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് മഞ്ഞൾ. മഞ്ഞൾപൊടി ചേരാത്ത കറികൾ നമുക്ക് അപൂർവ്വമാണ്. പഴയകാലത്ത് വീട്ടിൽ മഞ്ഞൾ ഉണക്കി പൊടിച്ചാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് മഞ്ഞൾപ്പൊടിയായി പാക്കറ്റിൽ വാങ്ങുകയാണ് എല്ലാവരും തന്നെ. എന്നാൽ ഇങ്ങനെ പാക്കറ്റിലാക്കി വരുന്ന പൊടികളിലാണ് മായം ചേർക്കലിന്റെ ആഘോഷമെന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ പറയുന്നു. ഗുണനിലവാരം കുറഞ്ഞതും വിഷകരവുമായ പൊടികൾ കലർത്തി കൃത്രിമ നിറവും ചേർത്ത പാക്കറ്റുകൾ കടകളിൽ നിരന്നിരിക്കുമ്പോൾ നല്ലതും ചീത്തയും തിരിച്ചറിയാനേ പറ്റില്ല! മഞ്ഞൾപ്പൊടിയെന്നല്ല മഞ്ഞപ്പൊടിയെന്നാണ് നമ്മൾ ഇപ്പോൾ കടകളിൽ ചെന്നു ചോദിക്കാറ്; പലപ്പോഴും അവർ തരുന്നതും അതു തന്നെയാണ് -- മഞ്ഞനിറത്തിലുള്ള പൊടി, മഞ്ഞൾപ്പൊടിയല്ല!

വിഷഹാരി  

വിഷഹാരിയെന്നതാണ് മഞ്ഞളിന്റെ ഏറ്റവും വലിയ ഗുണം. പച്ചക്കറികളിൽ അറിയാതെ എന്തെങ്കിലും മാലിന്യങ്ങളോ വിഷാംശങ്ങളോ ഉണ്ടെങ്കിൽ അവ ലഘൂകരിക്കുക എന്ന ഉപയോഗം കൂടി കറികളിൽ മഞ്ഞൾ ചേർക്കുന്നതിലുണ്ട്. മുറിവുകളിലും പുണ്ണുകളിലുമൊക്കെ അണുബാധ തടയാനും അവ ഉണങ്ങാനും മഞ്ഞൾ സഹായിക്കുന്നു. മഞ്ഞളിട്ടു തിളപ്പിച്ച പാൽ ഉത്തരേന്ത്യയിലെ വീടുകളിലെ ഒരു സ്ഥിരം ആരോഗ്യപാനീയമാണ്. മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകത്തിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഔഷധഗുണം നിമിത്തം ഒട്ടേറെ ആയുർവേദ ഔഷധങ്ങളിലെ ചേരുവ കൂടിയാണ് മഞ്ഞൾ. ക്ഷേത്രസംബന്ധമായ ആചാരങ്ങളിലും മഞ്ഞളിന് വലിയ സ്ഥാനമുണ്ട്.

മായം വരുന്ന വഴികൾ

മരുന്നുകൾക്കും മറ്റ് ആവശ്യങ്ങൾക്കും സത്ത് എടുക്കുന്നതിനായി ഉപയോഗിച്ച മഞ്ഞളിന്റെ ചണ്ടി ഉണക്കിപൊടിച്ച് മഞ്ഞൾപ്പൊടിക്കൊപ്പം കലർത്തി വിൽപ്പനക്കെത്തിക്കുന്നതാണ് ഏറ്റവും ലഘുവായ മായം ചേർക്കൽ. ചോളപ്പൊടി കിഴങ്ങുപൊടി, അറക്കപ്പൊടി, മണ്ണ്, ചോക്കുപൊടി, യെല്ലോ സ്റ്റോൺ പൗഡർ തുടങ്ങിയവയും മഞ്ഞൾപ്പൊടിയുടെ തൂക്കം കൂട്ടാനായി ചേർക്കുന്നുണ്ട്. ഇങ്ങനെ ചേർക്കുന്ന അന്യവസ്തുക്കൾ തിരിച്ചറിയാതിരിക്കാൻ കൃത്രിമ നിറങ്ങൾ ചേർക്കുന്നു. ലെഡ് ക്രോമേറ്റ്, മെറ്റാനിൽ യെല്ലോ, അനിലൈൻ ഡൈ, സുഡാൻ 3 തുടങ്ങിയ അപകടകരമായ രാസവസ്തുക്കളാണ് ഇങ്ങനെ നിറം കിട്ടാനായി ചേർക്കുന്നതെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. 

ക്യാൻസർ ഉണ്ടാക്കും

ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള ഒന്നാണ് സ്വാഭാവിക മഞ്ഞൾ. എന്നാൽ മായം ചേർത്ത മഞ്ഞപ്പൊടിയാകട്ടെ ക്യാൻസർ ഉണ്ടാക്കുന്നതുമാണ്. മായം കലർത്തിയ മഞ്ഞൾപ്പൊടിക്ക് നിറം ലഭിക്കാനായി ചേർക്കുന്ന കോൾ ടാർ ചായമായ ലെഡ് ക്രോമേറ്റ് പോലുള്ള രാസവസ്തുക്കൾ ക്യാൻസറിനു കാരണമാകുന്നവയാണ്. മായമായി കലർത്തുന്ന കിഴങ്ങുപൊടിയും അറക്കപ്പൊടിയും മണ്ണും കൽപ്പൊടിയുമൊക്കെ വയറിന്റെ ആരോഗ്യത്തെ തകിടം മറിക്കും. വിഷഹാരിയാണ് മഞ്ഞളെങ്കിൽ ഭക്ഷ്യവിഷബാധയുണ്ടാക്കുന്നതാണ് മഞ്ഞളിൽ ചേർക്കുന്ന മായങ്ങളൊക്കെ.

മായമറിയാൻ 

പച്ചവെള്ളത്തിൽ മഞ്ഞൾപ്പൊടി കലക്കി അല്പനേരം വച്ചിരുന്നാൽ വരുന്ന നിറവ്യത്യാസത്തിലൂടെ മഞ്ഞൾപ്പൊടിയെക്കുറിച്ച് നന്നായറിയാവുന്നവർക്ക് മായം ചേർത്തിട്ടുണ്ടെങ്കിൽ തിരിച്ചറിയാൻ പറ്റിയേക്കും. സ്വാഭാവിക മഞ്ഞളിന്റേത് ഇളം മഞ്ഞനിറവും മായം ചേർന്നവയുടേത് കടും നിറവുമായിരിക്കും. മണ്ണ്, അറക്കപ്പൊടി മുതലായവ പാത്രത്തിന്റെ അടിയിൽ വളരെ വേഗം അടിയുകയും ചെയ്യും. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യവും അളവുമൊക്കെ വ്യക്തമായറിയുന്നതിനും നിയമനടപടികൾക്കും ലബോറട്ടറിയിലെ രാസപരിശോധനകൾ അനിവാര്യമാണ്.
 

click me!