ശീലമാക്കൂ ആരോ​ഗ്യകരമായ ഭക്ഷണരീതി; വേണ്ടത് ഹെൽത്തി ഡയറ്റ് പ്ലാൻ

By Web TeamFirst Published Oct 16, 2019, 11:40 AM IST
Highlights

ഭക്ഷണശൈലിയും ജീവിതരീതിയുമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഭക്ഷ്യദൗര്‍ലഭ്യത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്താണ് ഓരോ ഭക്ഷ്യദിനവും കടന്നുപോകുന്നത്. 

ഇന്ന് ഒക്ടോബർ 16, ലോക ഭക്ഷ്യദിനം. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. 1945ൽ രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ നേതൃത്വത്തിൽ 1979 മുതലാണ് ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്.  

ലോകത്തെ ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റെയും പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാനും പരിഹാരമാർഗം കണ്ടെത്താനുമുള്ള ബോധവൽക്കരണം കൂടിയാണ് ഈ ദിനം. ലോകത്തെ 150 രാജ്യങ്ങളിലായാണ് ഭക്ഷ്യദിനാഘോഷം നടത്തുന്നത്. 820 ദശലക്ഷത്തിലധികം ആളുകൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

വിശപ്പുരഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതികള്‍ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.ലോകജനതയുടെ 20 ശതമാനംപേര്‍ ഇപ്പോഴും പട്ടിണിയിലാണെന്ന് കണക്കുകള്‍ പറയുന്നു. ഭക്ഷണം പാഴാക്കുന്നത് മാത്രമല്ല അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മാറ്റേണ്ട സമയമായിരിക്കുന്നു.

 ഭക്ഷണശൈലിയും ജീവിതരീതിയുമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഭക്ഷ്യദൗര്‍ലഭ്യത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്താണ് ഓരോ ഭക്ഷ്യദിനവും കടന്നുപോകുന്നത്. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണരീതികള്‍ എല്ലാവര്‍ക്കും  ലഭ്യമാക്കുന്നതും താങ്ങാവുന്നതുമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഈ വര്‍ഷം ലോക ഭക്ഷ്യദിനം ആവശ്യപ്പെടുന്നു. 

ഭക്ഷണരീതിയിൽ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ട സമയമായെന്നതാണ് ഈ ഭക്ഷ്യദിനം നമ്മെ ഓർമപ്പെടുത്തുന്നത്. ഭക്ഷണം പാഴാക്കില്ലെന്ന്  ഓരോ വ്യക്തിയും പ്രതിജ്ഞയെടുക്കുകയും അത് നടപ്പാക്കുകയും ചെയ്താല്‍ വിശപ്പുരഹിത ലോകമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എളുപ്പമാകും. എയ്ഡ്‌സ്, മലേറിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ചു മരിക്കുന്നതിലും വേദനാജനകമാണ് വിശപ്പുമൂലമുള്ള മരണം.

ലോകജനതയ്ക്ക് ആവശ്യമായ സുരക്ഷിതമായ പോഷകാഹാരം നൽകുകയും അത് എല്ലാവരിലും എത്തിക്കാനുള്ള സാഹചര്യവുമുണ്ടെങ്കിൽ മാത്രമേ ലോകത്ത് ഭക്ഷ്യസുരക്ഷ പ്രവർത്തികമാവുകയുള്ളൂ. ലോകത്തെ ഒരു വിഭാഗം അമിതാഹാരം മൂലം ആരോഗ്യപ്രശ്‌നങ്ങൾക്ക് പിന്നിൽ പായുമ്പോൾ മറ്റൊരു വിഭാഗം പട്ടിണിയും ദാരിദ്രവും മൂലം വീർപ്പുമുട്ടുകയാണെന്നു കൂടി നാം തിരിച്ചറിയേണ്ടതുണ്ട്.

click me!