സ്‌പാനിഷ് സൂപ്പർ കപ്പ് കലാശപ്പോര് ഇന്ന്; മാഡ്രിഡ് ഡര്‍ബി തീപാറും

By Web TeamFirst Published Jan 12, 2020, 10:13 AM IST
Highlights

റയൽ മാഡ്രിഡ് പതിനൊന്നാം കിരീടം ലക്ഷ്യമിടുമ്പോൾ മൂന്നാം കിരീടം സ്വപ്‌നം കണ്ടാണ് അത്‍ലറ്റിക്കോ മാഡ്രിഡ് ഇറങ്ങുന്നത്

ജിദ്ദ: സ്‌പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ഇന്ന് മാഡ്രിഡ് ഡർബി. റയൽ മാഡ്രിഡ് രാത്രി പതിനൊന്നരയ്‌ക്ക് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ജിദ്ദയിലെ കിംഗ് അബ്‌ദുള്ള സ്‌പോർട്സ് സിറ്റിയിലാണ് സൂപ്പർ കപ്പിനായി മാഡ്രിഡ് നഗരവൈരികൾ നേർക്കുനേർ വരുന്നത്. 

റയൽ മാഡ്രിഡ് പതിനൊന്നാം കിരീടം ലക്ഷ്യമിടുമ്പോൾ മൂന്നാം കിരീടം സ്വപ്‌നം കണ്ടാണ് അത്‍ലറ്റിക്കോ മാഡ്രിഡ് ഇറങ്ങുന്നത്. പരുക്കേറ്റ ഗാരെത് ബെയ്‍ലിന്റെയും കരീം ബെൻസേമയുടെയും അഭാവത്തിൽ മധ്യനിരയിലേക്കാണ് റയൽ ഉറ്റുനോക്കുന്നത്. ഇസ്‌കോ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് ത്രയത്തെ മുൻനിർത്തിയാവും സിനദിൻ സിദാന്റെ തന്ത്രങ്ങൾ. സെമിയിൽ ഇതേ മധ്യനിരയുടെ കരുത്തില്‍ വലൻസിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്‌ത്തിയാണ് റയൽ ഫൈനലിന് ഇറങ്ങുന്നത്.

നിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണയെ വീഴ്‌ത്തിയ ആത്മവിശ്വാസത്തിലാണ് ഡീഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ മാഡ്രിഡ്. ഒരുഗോളിന് പിന്നിട്ടുനിന്നിട്ടും രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അത്‍ലറ്റിക്കോയുടെ വിജയം. കൊകെ, അൽവാരോ മൊറാട്ട, വിറ്റോളോ, ഏഞ്ചൽ കോറിയ തുടങ്ങിയവരിലാണ് അത്‍ലറ്റിക്കോയുടെ പ്രതീക്ഷ. 

പരിശീലകരായ സിദാന്റെയും സിമിയോണിയുടെയും തന്ത്രങ്ങളുടെ ഏറ്റുമുട്ടൽകൂടിയാവും സൂപ്പർകപ്പ് ഫൈനൽ. ഇരുടീമും ഇതുവരെ 222 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 110 കളിയിൽ റയലും 56 കളിയിൽ അത്‍ലറ്റിക്കോയും ജയിച്ചു. 56 മത്സരം സമനിലയിൽ. റയൽ 370 ഗോളും അത്‍ലറ്റിക്കോ 281 ഗോളും നേടിയിട്ടുണ്ട്. എന്നാൽ സൂപ്പർ കപ്പിൽ അത്‍ലറ്റിക്കോയെ തോൽപിക്കാൻ റയലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിൽ തോൽവിയും മറ്റൊരു മത്സരത്തിൽ സമനിലയുമാണ് റയലിന്റെ സമ്പാദ്യം.

click me!