കോഴിക്കോട് സ്റ്റേഡിയം മത്സരങ്ങള്‍ക്ക് സജ്ജമല്ലാത്തതിനാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടന്നേക്കും. 

കൊച്ചി: ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തന്നെ കളിക്കാന്‍ സാധ്യത. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കൊച്ചിയില്‍ നടന്നേക്കും കോഴിക്കോട് സ്റ്റേഡിയം സജ്ജമല്ലെന്ന് വിലയിരുത്തല്‍. കൊച്ചി സ്റ്റേഡിയത്തിലെ വാടകയില്‍ ഇളവ് നല്‍കാന്‍ ജിസിഡിഎ തീരുമാനം നാളെ ഉണ്ടായേക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറഷേന് താല്‍പര്യം കൊച്ചി സ്റ്റേഡിയം എന്ന് സൂചന. ഫെഡറേഷന്‍ പ്രതിനിധികള്‍ ജിസിഡിഎയുമായി സംസാരിച്ചു. കോഴിക്കോട് സ്റ്റേഡിയം ഇതു വരെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ബ്ലാസ്റ്റേഴ്സിന് കൈമാറിയിട്ടില്ല.

സൂപ്പര്‍ ക്രോസ് ബൈക്ക് റേസിംഗിനെ തുടര്‍ന്ന് മൈതാനം തകര്‍ന്നിരുന്നു. ഇത് പൂര്‍വ്വസ്ഥിതിയിലാക്കി കഴിഞ്ഞ ആഴ്ച കെഎഫ്എക്ക് കൈമാറുമെന്നായിരുന്നു സൂപ്പര്‍ ക്രോസ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഈ ധാരണ പാലിക്കപ്പെട്ടിട്ടില്ല. ചെറിയ അറ്റകുറ്റ പണികള്‍ മാത്രമേ ബാക്കിയുള്ളൂ എന്നാണ് അസോസിയേഷന്‍ നിലപാട്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22നാണ്. നേരത്തെ, കോഴിക്കോട്ട് മത്സരങ്ങള്‍ നടത്തും എന്നായിരുന്നു ഫെഡറഷന്‍ ആദ്യം തയാറാക്കിയ മത്സരക്രമത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം, മലയാളി താരം സലാഹുദ്ദീന്‍ അദ്‌നാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നാണ് ഈ വിങ്ങര്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മുമ്പ് ബ്ലാസ്റ്റേഴ്സ് യൂത്ത് സിസ്റ്റത്തിന്റെ ഭാഗമായിരുന്ന സലാഹുദ്ദീന്റെ പഴയ തട്ടകത്തിലേക്ക് ഉള്ള തിരിച്ചു വരവ് കൂടിയാണിത്, സലാഹുദ്ദീന്റെ വരവ് ടീമിന്റെ ആക്രമണനിരയ്ക്ക് പുതിയ ഉണര്‍വ് നല്‍കും. വേഗതയേറിയ കളിശൈലിയും കളിക്കളത്തിലെ കഠിനാധ്വാനവും ആണ് വിങ്ങുകളില്‍ സലാഹുദ്ദീനെ ശ്രദ്ധേയനാക്കുന്നത്. പ്രതിരോധക്കാരെ മറികടന്ന് മുന്നേറാനും അവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ടീമിന്റെ മുന്നേറ്റങ്ങളില്‍ ഗുണകരമാകും.

സലാഹുദ്ദീനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. കഠിനാധ്വാനം ചെയ്യാന്‍ താല്‍പര്യമുള്ള യുവതാരമാണ് അദ്ദേഹം. ഞങ്ങളോടൊപ്പം വളരാനും ടീമിന് മികച്ച സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിന് സാധിക്കുമെന്നുമാണ് വിശ്വസിക്കുന്നുവെന്നും അഭിക് ചാറ്റര്‍ജി വ്യക്തമാക്കി.

YouTube video player