FIFA World Cup Qualifiers | ഇറ്റലി, ഇംഗ്ലണ്ട്, ഡെൻമാർക്ക്; യൂറോപ്പില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍

By Web TeamFirst Published Nov 12, 2021, 2:16 PM IST
Highlights

മാർക്കോ വെറാറ്റി, സിറോ ഇമ്മോബൈൽ എന്നിവരില്ലാതെയാവും ഇറ്റലിയിറങ്ങുക. ഗോൾ പ്രതീക്ഷ കിയേസ-ഇൻസീൻ കൂട്ടുകെട്ടിലാണ്. 

റോം: യൂറോപ്യൻ മേഖലയിലെ ഫിഫ ലോകകപ്പ് യോഗ്യതാറൗണ്ടിൽ(2022 FIFA World Cup Qualification UEFA) ഇന്നും പ്രമുഖ ടീമുകൾക്ക് മത്സരമുണ്ട്. ഇറ്റലി(Italy vs Switzerland), ഇംഗ്ലണ്ട്(England vs Albania), ഡെൻമാർക്ക്(Denmark vs Faroe Islands) ടീമുകൾ ഇന്നിറങ്ങും.

യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയുടെ എതിരാളികൾ സ്വിറ്റ്സർലൻഡാണ്. 14 പോയിന്‍റുമായി ഒപ്പത്തിനൊപ്പമായതിനാൽ ഗ്രൂപ്പ് സിയിലെ ചാമ്പ്യൻമാർ ആരെന്ന് നിശ്ചയിക്കുന്ന പോരാട്ടം കൂടിയാവും ഇത്. മാർക്കോ വെറാറ്റി, സിറോ ഇമ്മോബൈൽ എന്നിവരില്ലാതെയാവും ഇറ്റലിയിറങ്ങുക. ഗോൾ പ്രതീക്ഷ കിയേസ-ഇൻസീൻ കൂട്ടുകെട്ടിലാണ്. 

ഗ്രൂപ്പ് ഐയിലെ ഒന്നാമൻമാരായ ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യതയ്ക്ക് അരികെയാണ്. അൽബേനിയയെ തോൽപിക്കുകയും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ട് അൻഡോറയ്ക്കെതിരെ ജയിക്കാതിരിക്കുകയും ചെയ്താൽ ഇംഗ്ലണ്ട് ഖത്തറിലേക്കുള്ള ടിക്കറ്റുറപ്പിക്കും. ഇംഗ്ലണ്ടിന് 20 ഉം റോബർട്ട് ലെവൻഡോവ്സ്‌കിയുടെ പോളണ്ടിന് 17 പോയിന്‍റാണുള്ളത്. എട്ട് കളിയും ജയിച്ച് ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ഡെന്‍മാര്‍ക്കിന് ഫറോ ഐലൻഡ്‌സാണ് എതിരാളികള്‍. ഹങ്കറി, സാൻമാരിനോയുമായും ഏറ്റുമുട്ടും. രാത്രി 1.15നാണ് എല്ലാ കളികളും തുടങ്ങുക.

ഇന്നലത്തെ മത്സര ഫലങ്ങള്‍ 

യോഗ്യതാ റൗണ്ടില്‍ ജർമനി എതിരില്ലാത്ത 9 ഗോളിന് ലിഷ്‍ടെൻസ്റ്റൈനെ മുക്കിയതാണ് പ്രധാന പ്രത്യേകത. 11-ാം മിനിറ്റിൽ ഗുണ്ടോഗനിലൂടെ തുടങ്ങിയ ഗോൾ വേട്ട 89-ാം മിനിറ്റ് വരെ നീണ്ടു. സെൽഫ് ഗോളടക്കം മൂന്ന് മിനിറ്റിനിടെ 3 ഗോളുകൾ ജർമൻ അക്കൗണ്ടിലെത്തിയത് കൗതുകമായി. ആദ്യപകുതിയിൽ എതിരില്ലാത്ത നാല് ഗോളിന് ജർമനി മുന്നിലെത്തിയിരുന്നു. ലിറോയ് സാനേ, തോമസ് മുള്ളർ എന്നിവര്‍ രണ്ട് ഗോളുകൾ നേടി. മാര്‍ക്കോ റൂസ്, റിഡിൽ ബകു എന്നിവരും വല ചലിപ്പിച്ചു. 

അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗല്‍ സമനിലക്കുരുക്കിലായി. അയർലൻഡാണ് പോ‍ർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. മറ്റൊരു മത്സരത്തിൽ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സ്പെയ്‌ൻ ലോകകപ്പ് യോഗ്യതയുടെ അരികിലെത്തി. 26-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പാബ്ലോ സറാബിയയാണ് വിജയഗോൾ നേടിയത്. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ ഒന്നിനെതിരെ ഏഴ് ഗോളിന് മാൽട്ടയെ തകർത്തു. 

സ്വീഡന്‍ അപ്രതീക്ഷിത തോൽവി വഴങ്ങിയതും ഇന്നലത്തെ സവിശേഷതയാണ്. ജോർജിയ എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെ തോൽപിക്കുകയായിരുന്നു. രണ്ടാംപകുതിയിലായിരുന്നു ജോർജിയയുടെ രണ്ട് ഗോളും. 

FIFA World Cup Qualifiers | ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ച് ബ്രസീല്‍; കൊളംബിയയെ തകര്‍ത്തു

click me!