
ദോഹ: മരണഗ്രൂപ്പില്ലാത്തൊരു ഫുട്ബോള്‍ ലോകകപ്പാണ് ഖത്തറില്‍ (2022 FIFA World Cup) ആരാധകരെ കാത്തിരിക്കുന്നത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് നറുക്കെടുപ്പ് (2022 World Cup draw) ഇന്നലെ നടന്നപ്പോള്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്‌തതും ഇക്കാര്യം തന്നെ. എന്നാല്‍ മരണഗ്രൂപ്പില്ല എന്നേയുള്ളൂ, ഖത്തർ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ ആരാധകരെ കാത്തിരിക്കുന്നുണ്ട്. ഈ മത്സരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ ലിയോണൽ മെസിയും സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കറായ റോബർട്ട് ലെവൻഡോവ്സ്‌കിയും ഗ്രൂപ്പ് സിയിൽ നേർക്കുനേർ വരും. ഫുട്ബോള്‍ ലോകത്തിന്‍റെ എല്ലാ കണ്ണുകളും അവസാന ലോകകപ്പിന് ബൂട്ടുകെട്ടുന്ന മെസിയിലാവും. ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യൻമാരായ സ്പെയ്‌നും ജർമ്മനിയും മുഖാമുഖം വരുന്നതാണ് മറ്റൊരു വമ്പന്‍ പോരാട്ടം. നവംബർ 27നാണ് ഈ മരണക്കളി. ഗ്രൂപ്പ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന പോരാട്ടം കൂടിയായിരിക്കും ഇത്.
മധ്യനിര മജീഷ്യന്‍മാരായ കെവിൻ ഡിബ്രൂയിന്‍റെ ബെൽജിയവും ലൂക്ക മോഡ്രിച്ചിന്‍റെ ക്രോയേഷ്യയും ഗ്രൂപ്പ് എഫിൽ മുഖാമുഖം വരുന്ന മത്സരവും ശ്രദ്ധേയം. ഗ്രൂപ്പ് എച്ചിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയിസ് സുവാരസും ഖത്തറിലെ അങ്കത്തട്ടില്‍ കോര്‍ക്കും. റോണോയുടെ അവസാന ലോകകപ്പുമാകുമിത്. 2010 ലോകകപ്പിൽ സുവാരസിന്‍റെ കുപ്രസിദ്ധമായ വഴിമുടക്കലിന് പകരംവീട്ടാനെത്തുന്ന ഘാനയും ഗ്രൂപ്പ് എച്ചിലുണ്ട്. എന്നാല്‍ നെയ്‌മറുടെ ബ്രസീലിനും ഹാരി കെയ്‌ന്‍റെ ഇംഗ്ലണ്ടിനും കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനും ഗ്രൂപ്പ് ഘട്ടത്തിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരില്ല.
ഈ വർഷത്തെ ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം ചിത്രം ഇന്നലെ തെളിഞ്ഞിരുന്നു. ആതിഥേയരായ ഖത്തർ ഉദ്ഘാടന മത്സരത്തിൽ നവംബർ 21ന് ഇക്വഡോറിനെ നേരിടും. മൂന്ന് ടീമുകൾ യോഗ്യത ഉറപ്പിക്കും മുൻപായിരുന്നു ഇത്തവണത്തെ ലോകകപ്പ് നറുക്കെടുപ്പ്. ബ്രസീല്‍ മുൻ നായകൻ കഫു, ജർമ്മനിയുടെ മുൻ നായകൻ ലോതർ മത്തേയൂസ്, ഖത്തറിന്‍റെ മുൻ താരം ആദിൽ അഹമ്മദ് മലാല, ഇറാൻ ഇതിഹാസം അലി ദേയി, സെർബിയന്‍ മുൻതാരം ബോറ മിലുറ്റനോവിച്ച്, നൈജീരിയന്‍ മുൻ താരം ജയ്ജയ് ഒകോച്ച, അൾജീരിയയുടെ റബാ മജെർ, ഓസ്ട്രേലിയയുടെ ടിം കാഹിൽ എന്നിവരാണ് നറുക്കെടുപ്പിൽ ടീമുകളുടെ വിധി നിശ്ചയിച്ചത്.
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്/ സ്‌കോട്‌ലന്‍ഡ്/ യുക്രയ്ന്‍
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ/ യുഎഇ/ പെറു
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
ന്യൂസിലന്‍ഡ്/ കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
Qatar World Cup : ജര്‍മനിയും സ്‌പെയ്‌നും ഒരേ ഗ്രൂപ്പില്‍; മെസി- ലെവന്‍ഡോസ്‌കി നേര്‍ക്കുനേര്‍