
ഡാളസ്: ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് പുറത്തായപ്പോൾ, ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്നത് നായകൻ കിലിയൻ എംബാപ്പെയുടെ മോശം ഫോമാണ്. നാല് വർഷം മുമ്പ് ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്‍റീനയ്ക്കെതിരെ ഹാട്രിക് ഗോളുകളോടെ മാന്ത്രിക പ്രകടനം പുറത്തെടുത്ത എംബാപ്പെയുടെ നിഴൽ മാത്രമാണ് ഡാളസ് സ്റ്റേഡിയത്തിൽ കാണാൻ കഴിഞ്ഞത്. സ്പാനിഷ് പ്രതിരോധ കോട്ടയ്ക്ക് മുന്നിൽ ഫ്രഞ്ച് പടയുടെ ആക്രമണങ്ങളെല്ലാം തകർന്നടിഞ്ഞപ്പോൾ എംബാപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.
മത്സരത്തിന് ശേഷം പുറത്തുവന്ന എംബാപ്പെയുടെ മാച്ച് കണക്കുകൾ ഫ്രഞ്ച് ക്യാമ്പിലെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. മത്സരത്തിലാകെ ആകെ 34 ടച്ചുകൾ മാത്രമാണ് എംബാപ്പെക്കുണ്ടായിരുന്നത്. ലക്ഷ്യത്തിലേക്കുള്ള ഒറ്റ ഷോട്ട് ഉതിര്‍ക്കാൻ പോലും ഫ്രഞ്ച് ക്യാപ്റ്റനായില്ല. ആറ് ഡ്രിബ്ലിംഗ് ശ്രമങ്ങളില്‍ വിജയിച്ചതാകട്ടെ ഒരെണ്ണം മാത്രം. ഇതിനിടെ 14 തവണ പന്ത് കാലില്‍ നിന്ന് നഷ്ടപ്പെടുത്തി. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ വെറും 14 തവണ മാത്രമാണ് എംബാപ്പെ പന്തിൽ തൊട്ടത്. കളിയിലുടനീളം ആകെ മൂന്ന് ഷോട്ടുകൾ മാത്രമാണ് താരം ഉതിർത്തത്. എന്നാൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ ഒന്ന് പരീക്ഷിക്കാൻ പോന്ന ഒന്നുപോലും അതിലുണ്ടായിരുന്നില്ല. ആറ് തവണ ഡ്രിബ്ലിംഗിന് ശ്രമിച്ചെങ്കിലും ഒരൊറ്റ തവണ മാത്രമാണ് സ്പാനിഷ് ഡിഫൻഡർമാരെ മറികടക്കാൻ ഫ്രഞ്ച് നായകന് കഴിഞ്ഞത്.
എംബാപ്പെ മാത്രമല്ല, ഒസ്മാൻ ഡെംബെലെ, മികേൽ ഒലീസെ, ബ്രാഡ്‌ലി ബാർകോള എന്നിവരടങ്ങിയ ഫ്രാൻസിന്‍റെ വമ്പൻ ആക്രമണനിരയെ സ്പെയിൻ പൂർണ്ണമായും പൂട്ടിയിട്ടു. ടൂർണമെന്‍റിൽ ഇതുവരെ 16 ഗോളുകളുമായി തകർപ്പൻ ഫോമിലായിരുന്ന ഫ്രാൻസിന്, ഈ മത്സരത്തിൽ പ്രതീക്ഷിച്ച ഗോളുകളുടെ നിരക്ക് വെറും 0.3 മാത്രമായിരുന്നു. ഇതിൽ ഭൂരിഭാഗവും എംബാപ്പെയുടെ വ്യക്തിഗത ശ്രമങ്ങളായിരുന്നു താനും. മുന്നേറ്റനിരയിൽ ഡെംബെലെയും ഒലീസെയും ബാർകോളയും തീർത്തും നിരാശപ്പെടുത്തിയപ്പോൾ ഒലീസെ 20 തവണയും ഡെംബെലെ 17 തവണയും പന്ത് നഷ്ടപ്പെടുത്തി വലിയ പിഴവുകൾ വരുത്തി.
മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ഫ്രഞ്ച് നായകന്‍റെ നിരാശ ഗ്രൗണ്ടിൽ പ്രകടമായിരുന്നു. 86-ാം മിനിറ്റിൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണുമായി ഉണ്ടായ കൂട്ടയിടിക്ക് എംബാപ്പെയ്ക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. പന്ത് കൈക്കലാക്കാൻ കുനിഞ്ഞ സിമോണിന് നേരെ എംബാപ്പെ ഓടിയടുത്തതാണ് ഫൗളിൽ കലാശിച്ചത്.
ക്വാർട്ടറിൽ മൊറോക്കോയ്ക്കെതിരെ 2-0 ന് ജയിച്ച മത്സരത്തിൽ ഈ ലോകകപ്പിലെ തന്‍റെ എട്ടാം ഗോളും നേടി ടൂർണമെന്‍റിലെ ടോപ്പ് സ്കോറർ പദവിയിൽ നിൽക്കവെയാണ് എംബാപ്പെയ്ക്കും ഫ്രാൻസിനും ഈ ദയനീയ പതനം നേരിടേണ്ടി വന്നത്. തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ടിറങ്ങിയ ഫ്രാൻസിന് ഈ തോൽവി വലിയ ആഘാതമാണ് നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!