'ഈ കളി വെച്ച് ഞങ്ങള്‍ ഫൈനൽ അർഹിക്കുന്നില്ല'; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് എംബാപ്പെ

Published : Jul 15, 2026, 09:31 AM IST
Kylian Mbappe

Synopsis

കളിയിൽ ഫ്രാൻസ് പൂർണ്ണ പരാജയമായിരുന്നുവെന്ന് എംബാപ്പെ തുറന്നുപറഞ്ഞു. തന്ത്രപരമായിട്ടോ സാങ്കേതികമായിട്ടോ ഞങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു കളിയല്ല ഗ്രൗണ്ടിൽ പുറത്തെടുത്തത്.

ഡാളസ്: ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് പുറത്തായതിന് പിന്നാലെ സഹതാരങ്ങളെയും ടീമിന്‍റെ തന്ത്രങ്ങളെയും പരസ്യമായി തള്ളിപ്പറഞ്ഞ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. ഫ്രാൻസിന്‍റെ കളി ഒട്ടും നിലവാരമില്ലാത്തതായിരുന്നുവെന്നും ലോകകപ്പ് ഫൈനലിൽ എത്താൻ തങ്ങൾ ഒട്ടും അർഹരായിരുന്നില്ലെന്നും എംബാപ്പെ തോല്‍വിക്കുശേഷം തുറന്നുപറഞ്ഞു. മത്സരത്തിലുടനീളം തന്ത്രപരമായി സ്പെയിൻ ഫ്രാൻസിനെ അടിച്ചമർത്തുകയായിരുന്നു. ഫ്രാൻസിന്‍റെ കരുത്തുറ്റ ആക്രമണനിരയെ പൂർണമായും പൂട്ടിയ സ്പെയിൻ, ഫ്രഞ്ച് പ്രതിരോധത്തിന്‍റെ പിഴവുകൾ കൃത്യമായി മുതലെടുക്കുകയും ചെയ്തു. മത്സരശേഷമുള്ള പത്രസമ്മേളനത്തിലാണ് എംബാപ്പെ സഹതാരങ്ങൾക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

കളിയിൽ ഫ്രാൻസ് പൂർണ്ണ പരാജയമായിരുന്നുവെന്ന് എംബാപ്പെ തുറന്നുപറഞ്ഞു. തന്ത്രപരമായിട്ടോ സാങ്കേതികമായിട്ടോ ഞങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു കളിയല്ല ഗ്രൗണ്ടിൽ പുറത്തെടുത്തത്. ഒരു ലോകകപ്പ് സെമി ഫൈനലിൽ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങൾ പോലും ചെയ്യാതിരുന്നാൽ നിങ്ങൾക്ക് ഒരിക്കലും ജയിക്കാൻ കഴിയില്ല. ഞങ്ങളുടെ പന്തടക്കവും നീക്കങ്ങളും ഒരു സെമി ഫൈനലിന് ഒട്ടും യോഗ്യമായിരുന്നില്ല-എംബാപ്പെ വ്യക്തമാക്കി. സ്പെയിനെ ഉയർന്ന പ്രെസ്സിങ്ങിലൂടെ പ്രതിരോധിക്കാനായിരുന്നു തങ്ങളുടെ പദ്ധതിയെന്നും എന്നാൽ കളി നിയന്ത്രിക്കുന്നതിൽ സ്പെയിൻ തങ്ങളേക്കാൾ എത്രയോ മുന്നിലായിരുന്നുവെന്നും എംബാപ്പെ സമ്മതിച്ചു.

മധ്യനിരയിൽ സ്പെയിൻ തങ്ങളെ തന്ത്രപരമായി പൂട്ടിയതാണ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് എംബാപ്പെ ചൂണ്ടിക്കാട്ടി. മധ്യനിരയിൽ സ്പെയിൻ നിരന്തരം മൂന്ന് കളിക്കാരെ വെച്ച് ഞങ്ങളുടെ രണ്ട് കളിക്കാരെ പ്രതിരോധിക്കുകയായിരുന്നു. സ്പെയിനെപ്പോലൊരു ടീമിനെതിരെ അത് വലിയ അപകടമാണ്. ഇതോടെ കളി പൂർണ്ണമായും കൈവിട്ടുപോയി. ഫൈനലിലെത്തി രാജ്യത്തെ വീണ്ടും ഒരു ചരിത്ര നിമിഷത്തിലേക്ക് നയിക്കുക എന്ന സ്വപ്നമാണ് തകർന്നതെന്നും എംബാപ്പെ പറഞ്ഞു.

ഈ ലോകകപ്പിൽ എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുണ്ടായിരുന്ന എംബാപ്പെയുടെ കരിയറിലെ ഏറ്റവും മോശം മത്സരങ്ങളിലൊന്നായിരുന്നു ഇത്. കളിയിൽ 34 തവണ പന്ത് തൊട്ടതൊഴിച്ചാൽ സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ ഫ്രഞ്ച് സൂപ്പർതാരത്തിന് കഴിഞ്ഞില്ല. വിമർശനങ്ങൾ ശക്തമാണെങ്കിലും ഈ പരാജയം ഉൾക്കൊണ്ട് തലയുയർത്തിപ്പിടിച്ച് തന്നെ മുന്നോട്ട് പോകുമെന്നും എംബാപ്പെ പറഞ്ഞു. ഇനി അവധി ആഘോഷങ്ങൾക്ക് ശേഷം റയൽ മാഡ്രിഡിനൊപ്പമുള്ള പുതിയ ക്ലബ്ബ് സീസണിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എംബാപ്പെയുടെ തീരുമാനം. ഫുട്ബോൾ ആർക്കും വേണ്ടി കാത്തുനിൽക്കില്ലെന്നും ഈ പരാജയത്തിൽ നിന്ന് പഠിച്ച് വീണ്ടും ആദ്യം മുതൽ തുടങ്ങുമെന്നും എംബാപ്പെ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

2030ൽ കപ്പ് എടുക്കാനുള്ള പണി തുടങ്ങി ഫ്രാൻസ്, ദിദിയർ ദെഷാംപ്സിന് പകരം ഇതിഹാസം എത്തുന്നു; സിദാന് കീഴിൽ പന്തുതട്ടാൻ ഫ്രഞ്ച് പട
കളി മറന്ന് എംബാപ്പെയും ഒലീസെയും ഡെംബലെയും; ഫ്രാന്‍സിനെ പൂട്ടി സ്‌പെയ്ന്‍ ഫൈനലില്‍