
സിനിമകളില്‍ കണ്ടിട്ടുള്ള ഫുട്ബോള്‍ ആരാധനയുടെ നേര്‍ക്കാഴ്ചയായി മലപ്പുറത്തെ ഒരു ഗ്രാമം. ലോകകപ്പ് ആവേശത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ മലപ്പുറത്തിനും ആവേശം വാനോളമാണ്. മഞ്ചേരിയിലെ പാലക്കുളം എന്ന സ്ഥലത്തെത്തിയാൽ സംഗതിയുടെ കിടപ്പുവശം പെട്ടന്ന് മനസ്സിലാക്കാനാകും. ഈ നാട്ടുകാരുടെ നെഞ്ചിൽ മാത്രമല്ല, കെട്ടിടത്തിലും ഫുട്‌ബോൾ ആരാധന നിറഞ്ഞ് നിൽക്കുകയാണ്. പ്രദേശത്തെ കെട്ടിടങ്ങൾ മുഴുവനായും വിവിധ ടീമുകളുടെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ബ്രസീൽ, അർജൻറിന, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഘാന എന്നീ ടീമുകളുടെ പതാകയുടെ നിറത്തിലുള്ള പെയിൻറുകള്‍ കെട്ടിടത്തിന് മുഴുവനായും അടിച്ച കാഴ്ചയാണ് ഇവിടെ കാണാനാവുക.
റോഡിലൂടെ പോകുമ്പോൾ ലോകകപ്പ് നടക്കുന്ന ഖത്തറിലെത്തിയോ എന്ന ചിന്തയായിരിക്കും ആദ്യം മനസ്സിലെത്തുക. അത്രക്ക് മനോഹരമായി ഇവർ കൊടികൾ പകർത്തിയിട്ടുണ്ട്. അങ്ങാടിയുടെ ഹൃദയഭാഗത്തായിട്ടാണ് കൊടികളുടെ നിറഞ്ഞുള്ള കെട്ടിടങ്ങൾ. എഫ്.സി പാലക്കുളം ക്ലബ് അംഗങ്ങളാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ കൊടികൾ വരച്ചത്. അർജന്റീന ആരാധകരാണ് ആദ്യം ചുമരിൽ തങ്ങളുടെ ആരാധന തെളിയിച്ചത്. ആകാശനീലയും വെള്ളയും കലർന്ന തങ്ങളുടെ പതാക അവർ ഹൃദയത്തിനൊപ്പം കെട്ടിട ചുമരിലും തീർത്തു. ബ്രസീൽ ആരാധകർ വിട്ടുകൊട്ടുക്കുമോ..? ഇല്ല, പിന്നാലെ വന്നു ബ്രസീലിന്റെ കൊടിയും. മറ്റൊരു കെട്ടിടം മുഴുവനും അവരും ഏറ്റെടുത്തു. പച്ചയും മഞ്ഞയും കലർന്ന തങ്ങളുടെ കൊടിയുടെ നിറം മുഴുവനായും അടിച്ചുതീർത്തു.
ഇതോടെ പോർചുഗൽ ഫാൻസും ഇംഗ്ലണ്ട് ആരാധകരും വെറുതെയിരുന്നില്ല. തങ്ങളുടെ ടീമിന്റെ കൊടിയുടെ നിറം അവരും വരച്ചിട്ടു.ആഫ്രിക്കൻ കരുത്തരായ ഘാനയുടെ ആരാധകരും ചുവരിൽ ഇടം പിടിച്ചിട്ടുണ്ട്. പാലക്കുളത്തെ മുതിർന്നവർ മുതൽ ചെറിയ കുട്ടികൾ വരെ ഈ 'കൊടിയുദ്ധ'ത്തിൽ പങ്കുചേർന്നു. മത്സരം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ഇനി ലയണൽ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി പ്രധാന താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് അവർ. ചുവരിലും താരങ്ങളുടെ ചിത്രങ്ങൾ വരക്കാൻ ശ്രമം നടത്തുന്നുണ്ട്.
ടീമിനെ പ്രഖ്യാപിക്കുന്നതോടെ ഫ്‌ളക്‌സ് സ്ഥാപിച്ച് ലോകകപ്പിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് നാടുള്ളത്. ബ്രസീലിനും അർജന്റീനക്കുമാണ് കൂടുതൽ ആരാധകരെന്ന് ക്ലബ് അംഗങ്ങൾ പറഞ്ഞു. അങ്ങാടിയിലെ ചെറിയ മൈതാനത്ത് ലോകകപ്പ് മത്സരങ്ങൾ മുഴുവൻ ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരവും ഒരുക്കാനുള്ള ശ്രമത്തിലാണ് ക്ലബ് അംഗങ്ങൾ.