ഫിഫ നിയമപ്രകാരം ലോകകപ്പില്‍ നിന്ന് ഒരു രാജ്യം പിൻമാറിയാൽ ആ കോൺഫെഡറേഷനിലെ ഏറ്റവും ഉയർന്ന റാങ്കുള്ള, യോഗ്യത നേടാത്ത ടീമിന് അവസരം നൽകാം.

ടെഹ്റാൻ: ഈ വര്‍ഷം അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറാൻ ഒരുങ്ങുന്നു. ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് മെഹ്ദി താജ് രാജ്യം ലോകകപ്പിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന സൂചന നൽകിയത്. ഇതോടെ ജൂണിൽ അമേരിക്കയിൽ നടക്കേണ്ട ഇറാന്‍റെ മത്സരങ്ങൾ അനിശ്ചിതത്വത്തിലായി.

അമേരിക്കയും ഇസ്രയേലും ഇറാനില്‍ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്ബോൾ ലീഗുകൾ ഇതിനകം തന്നെ നിർത്തിവെച്ചിട്ടുണ്ട്. ഇന്ന് സംഭവിച്ച കാര്യങ്ങളും അമേരിക്കയുടെ ആക്രമണവും കണക്കിലെടുക്കുമ്പോൾ, ഇനി ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുക എന്നത് അസാധ്യമാണ്. എങ്കിലും കായിക മേധാവികളാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്- മെഹ്ദി താജ് ഇറാനിയൻ ടെലിവിഷനോട് പറഞ്ഞു.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ യാത്രാ വിലക്ക് നേരിടുന്ന 39 രാജ്യങ്ങളിൽ ഇറാനും ഉൾപ്പെടുന്നുണ്ട്. 2025-ൽ നടന്ന ലോകകപ്പ് ഡ്രോ ചടങ്ങിൽ പോലും വിസ ലഭിക്കാത്തതിനെത്തുടർന്ന് മെഹ്ദി താജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ജി-യിൽ ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായിരുന്നു ഇറാന്‍റെന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയും, 21-ന് ബെൽജിയത്തിനെതിരെയും, 26-ന് സിയാറ്റിലിൽ ഈജിപ്തിനെതിരെയുമാണ് അമേരിക്കയിലെ ഇറാന്‍റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

പകരക്കാരായി യുഎഇയോ ഇറാഖോ?

ഫിഫ നിയമപ്രകാരം ലോകകപ്പില്‍ നിന്ന് ഒരു രാജ്യം പിൻമാറിയാൽ ആ കോൺഫെഡറേഷനിലെ ഏറ്റവും ഉയർന്ന റാങ്കുള്ള, യോഗ്യത നേടാത്ത ടീമിന് അവസരം നൽകാം. അങ്ങനെ വന്നാൽ ഇറാന് പകരം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ലോകകപ്പിലേക്ക് എത്തിയേക്കാം. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇറാഖിനോട് പരാജയപ്പെട്ട യുഎഇക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല. മറ്റൊരു സാധ്യതയനുസരിച്ച് ഇറാഖിനെ നേരിട്ട് ഇറാന്‍റെ സ്ഥാനത്തേക്ക് മാറ്റുകയും, ഇറാഖിന് പകരം യുഎഇയെ ഇന്‍റര്‍ കോണ്ടിനെന്‍റൽ പ്ലേ-ഓഫ് കളിപ്പിക്കുകയും ചെയ്യുക എന്നതാണ്. എല്ലാ ടീമുകളെയും പങ്കെടുപ്പിച്ചുകൊണ്ട് സുരക്ഷിതമായ ഒരു ലോകകപ്പ് നടത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും നിലവിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഫിഫ ജനറൽ സെക്രട്ടറി മാറ്റിയാസ് ഗ്രാഫ്സ്ട്രോം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക