AFCON 2021 : ആരാവും വന്‍കരയുടെ രാജാക്കന്‍മാര്‍; ആഫ്രിക്കൻ ഫുട്ബോൾ കാർണിവലിന് ഇന്ന് കിക്കോഫ്

By Web TeamFirst Published Jan 9, 2022, 9:49 AM IST
Highlights

യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ, സാദിയോ മാനേ, റിയാദ് മെഹറസ്, അഷ്റഫ് ഹക്കീമി, ഒബമയാംഗ്, എഡ്വാർഡ് മെൻഡി തുടങ്ങിയവർ വിവിധ ടീമുകളിലായി കളിത്തട്ടിലെത്തും

യുവാൻഡേ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിന് (Africa Cup of Nations 2021) ഇന്ന് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ കാമറൂൺ, ബുർകിനോ ഫാസോയെ (Cameroon vs Burkina Faso) നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ ആണ് ആകെ മത്സരിക്കുന്നത്. ഫൈനൽ ഫെബ്രുവരി ആറിന് നടക്കും.

ആഫ്രിക്കൻ ഫുട്ബോൾ കാർണിവിലിന് കാമറൂൺ സജ്ജം. അഞ്ച് നഗരങ്ങളിലെ ആറ് വേദികളിൽ ഇനി പോരാട്ടത്തിന്‍റെ നാളുകൾ. കിരീപ്പോരിനിറങ്ങുന്നത് ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ. ആകെ 52 മത്സരങ്ങൾ അരങ്ങേറും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും നാല് മികച്ച മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടറിലേക്ക് ചേക്കേറും. ഫെബ്രുവരി ആറിനാണ് കിരീടപ്പോരാട്ടം. 

യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ, സാദിയോ മാനേ, റിയാദ് മെഹറസ്, അഷ്റഫ് ഹക്കീമി, ഒബമയാംഗ്, എഡ്വാർഡ് മെൻഡി തുടങ്ങിയവർ വിവിധ ടീമുകളിലായി കളിത്തട്ടിലെത്തും. 16 പ്രീമിയർ ലീഗ് ക്ലബുകളിലെ 34 താരങ്ങളാണ് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ കളിക്കുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് കൊവിഡ് കാരണം 2022ലേക്ക് മാറ്റുകയായിരുന്നു. 

ടൂർണമെന്‍റിന്‍റെ അവസാന ആറ് പതിപ്പുകളിൽ ആറ് വ്യത്യസ്‌ത ചാമ്പ്യൻമാരായതിനാൽ പ്രവചനം അസാധ്യം. അൾജീരിയയാണ് നിലവിലെ ചാമ്പ്യൻമാർ. ഏഴ് തവണ ജേതാക്കളായ മുഹമ്മദ് സലായുടെ ഈജിപ്റ്റാണ് ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായത്. കാമറൂൺ അഞ്ച് തവണയും ഘാന നാല് തവണയും നൈജീരിയ മൂന്ന് തവണയും കിരീടം നേടിയിട്ടുണ്ട്.  

La Liga 2021-22 : ബാഴ്‌സയ്‌ക്ക് ഗ്രാനാഡയുടെ ഷോക്ക്; ബെൻസേമ- വിനീഷ്യസ് ഷോയില്‍ റയലിന്‍റെ ഗോള്‍മേളം
 

click me!