'മെസിയുടെ ചവിട്ടിന് ചുവപ്പ് കാര്‍ഡ് തന്നെ വേണം'; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി അല്‍ജീരിയ

Published : Jun 20, 2026, 12:20 PM IST
Messi Foul

Synopsis

2026 ലോകകപ്പ് മത്സരത്തിൽ അർജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ റഫറിയിങ്ങിനെതിരെ അൽജീരിയ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകി. ലയണൽ മെസിയുടെ ഒരു ഫൗളിന് ചുവപ്പ് കാർഡ് നൽകാത്തതിലും മറ്റ് വിവാദ തീരുമാനങ്ങളിലും റഫറി നടപടിയെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. മെസിയുടെ ഹാട്രിക് മികവിലാണ് അർജന്റീന 3-0ന് വിജയിച്ചത്.

കന്‍സാസ് സിറ്റി: 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയോട് 3-0 ന് പരാജയപ്പെട്ട മത്സരത്തിലെ റഫറിയിങ്ങിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അല്‍ജീരിയ ഔദ്യോഗികമായി ഫിഫയെ സമീപിച്ചു. ആദ്യ പകുതിയില്‍ ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നും, മറ്റ് നിരവധി വിവാദ സംഭവങ്ങളില്‍ റഫറി നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു. കന്‍സാസ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ മെസിയുടെ ഹാട്രിക് മികവിലാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തിന് ശേഷം, അര്‍ജന്റീന ക്യാപ്റ്റനും അല്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മാന്‍ഡിയും ഉള്‍പ്പെട്ട ഒരു ഫൗളിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്.

പോളിഷ് റഫറി സൈമണ്‍ മാര്‍സിനിയാക്കിന്റെ നേതൃത്വത്തിലുള്ള റഫറിയിങ് പാനലിനെതിരെ ആശങ്കകള്‍ ഉന്നയിച്ച് അല്‍ജീരിയ ഫിഫയുടെ റഫറിയിങ് കമ്മീഷന് കത്തെഴുതിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'മെസ്സിയുടെ ഫൗളാണ് പരാതിയിലെ പ്രധാന വിഷയം, അതിന് തീര്‍ച്ചയായും ഒരു ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നു.' അല്‍ജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൃത്തങ്ങള്‍ എഎഫ്പിയോട് പറഞ്ഞു. 'അര്‍ജന്റീന മികച്ച ടീമല്ല എന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ ചില സംഭവങ്ങള്‍ അന്യായമായി കൈകാര്യം ചെയ്യപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ഞങ്ങള്‍ക്ക് മിണ്ടാതിരിക്കാനാവില്ല. കര്‍ശന നടപടി അര്‍ഹിക്കുന്ന മൂന്ന് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു, അതിലൊന്നില്‍ പോലും വിഎആര്‍ ഇടപെട്ടില്ല.' പരാതിയില്‍ വ്യക്തമാക്കി..

മെസ്സിയുടെ ഫൗള്‍ മാത്രമല്ല അല്‍ജീരിയ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാം പകുതിയില്‍ പന്തിനായുള്ള ശ്രമത്തിനിടെ അര്‍ജന്റീന താരം അലക്‌സിസ് മാക് അലിസ്റ്റര്‍, ഇബ്രാഹിം മാസ്സയെ കൈമുട്ട് ഉപയോഗിച്ച് ഇടിച്ച സംഭവവും ഫെഡറേഷന്‍ എടുത്തുകാണിച്ചു.

മെസി ചുവപ്പ് കാര്‍ഡ് അര്‍ഹിച്ചിരുന്നോ?

ആദ്യ പകുതിയുടെ പകുതിയോടെയാണ് മെസി ഉള്‍പ്പെട്ട വിവാദ സംഭവം നടന്നത്. പിന്നില്‍ നിന്ന് ഉയര്‍ന്ന ബൂട്ടുമായി വന്ന മെസി മാന്‍ഡിയുടെ കാലില്‍ ഇടിക്കുകയായിരുന്നു. അല്‍ജീരിയന്‍ കളിക്കാര്‍ ഉടന്‍ തന്നെ കാര്‍ഡിനായി വാദിച്ചു. എന്നാല്‍, റഫറിയോ വിഎആര്‍ ടീമോ ഈ സംഭവം കൂടുതല്‍ പരിശോധിക്കാന്‍ തയ്യാറായില്ല. ഈ വിഷയം പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറി. ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ ഹ്യൂഗോ ബ്രൂസും ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

ടൂര്‍ണമെന്റില്‍ നേരത്തെ തന്റെ ടീമിലെ മിഡ്ഫീല്‍ഡര്‍ തെംബ സ്വാന്റെക്ക് സമാനമായ ഒരു ഫൗളിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മെസ്സിയുടെ കാര്യത്തില്‍ സംഭവിച്ചത് കാണുമ്പോള്‍, എന്റെ കളിക്കാരന് ലഭിച്ച ശിക്ഷയോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. മെസ്സിയെപ്പോലുള്ള മികച്ച കളിക്കാര്‍ മൈതാനത്ത് തുടരണമെന്നാണ് എന്റെയും ആഗ്രഹം, എന്നാല്‍ ഈ രണ്ട് സംഭവങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നില്ല,' ബ്രൂസ് പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പത്ത് പേരായി ചുരുങ്ങിയിട്ടും തുര്‍ക്കിയെ വീഴ്ത്തി പരാഗ്വേ; തുര്‍ക്കി പുറത്തേക്ക്
ലോകകപ്പ് ചരിത്രത്തിലാദ്യം, വായ പൊത്തി സംസാരിച്ചതിന് പരാഗ്വേ താരം മിഗ്വല്‍ അല്‍മിറോണിന് ചുവപ്പ് കാര്‍ഡ്