
പാരീസ്: ഫിഫ ലോകകപ്പ് നേടിയ ശേഷം അര്‍ജന്‍റീന ഗോൾ കീപ്പർ എമി മാര്‍ട്ടിനസിന്‍റെ എംബാപ്പെയോടുള്ള പരിഹാസം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി ആഘോഷിച്ചത്. മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ച പാവയുമായിട്ടായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ ആഘോഷം.
എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമര്‍ശനം ഉയർന്നിരുന്നു.
മുൻ താരങ്ങൾ ഉൾപ്പെടെ വിമർശങ്ങളുമായി രംഗത്ത് വരികയും ചെയ്തു. എന്നാൽ, ഫ്രാൻസിന്റെ പ്രതിരോധ നിര താരം ആദിൽ റാമി കടുത്ത ഭാഷയിലാണ് എമിയെ വിമർശിച്ചത്. വളരെ മോശം ഭാഷയിലുള്ള ആ വിമർശനത്തിന് എമിയുടെ സഹതാരം ഏയ്ഞ്ചൽ ഡി മരിയ ചുട്ട മറുപടി തന്നെ കൊടുക്കുകയും ചെയ്തു. എമിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്നും വേറെ എവിടെയെങ്കിലും പോയി കരയൂ എന്നുമായിരുന്നു മരിയയുടെ മറുപടി.
ഏയ്ഞ്ചൽ എന്താ തന്നെ പഠിപ്പിക്കാൻ വരുവാണോ എന്ന് റാമി തിരികെയും ചോദിച്ചിട്ടുണ്ട്. അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഡ്രെസിംഗ് റൂമിലും എംബാപ്പെയെ എമി മാര്‍ട്ടിനസ് കളിയാക്കിയിരുന്നു. അര്‍ജന്‍റീന ഡ്രസിംഗ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെയ്‌ക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ എമി ആവശ്യപ്പെടുന്നതിന്‍റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ശേഷമുള്ള എമിയുടെ അശ്ലീല ആംഗ്യം വിവാദമാവുകയും ചെയ്തു. പാശ്ചാത്യ മാധ്യമങ്ങള്‍ എമിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഖത്തര്‍ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അര്‍ജന്‍റീനയുടെ വിജയത്തിലെ മുഖ്യ വിജയശില്‍പ്പിയായ എമി മാർട്ടിനെസിന്‍റെ അതിരുകടന്ന ആഘോഷ പ്രകടനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!