
തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുന്നതിന്‍റെ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാകും അർജന്റീന ടീം നടത്തുന്ന കേരള സന്ദർശനമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണെന്നും സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പിണറായി വിവരിച്ചു. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ
ഫുട്ബോളിനെ ഹൃദയത്തോട് ചേർത്ത നാടാണ് കേരളം. ദേശരാഷ്ട്രങ്ങളുടെ അതിർവരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്നേഹമാണ് നമുക്ക് ഫുട്ബോളിനോടുള്ളത്. ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വർഷം ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദർശനം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക സ്പോർട്സ് ഭൂപടത്തിൽ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ഒരു നിമിഷമായിരിക്കുമത്. കേരളത്തിന്റെ കായിക സംസ്കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ് പകരാൻ അർജന്റീന ടീമിന്റെ സന്ദർശനത്തിനു സാധിക്കും. മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പു സമ്മാനിക്കാൻ നാടാകെ ആവേശപൂർവ്വം ഒരുമിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!