ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റത്തെ സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവന്റെ രൂക്ഷമായി വിമര്‍ശിച്ചു. അര്‍ജന്റീന കളിക്കാരുടെ നടപടികള്‍ അംഗീകരിക്കാനാവാത്തതാണെന്ന് പറഞ്ഞ അദ്ദേഹം, സംയമനം പാലിച്ച തന്റെ കളിക്കാരെ അഭിനന്ദിച്ചു. സംഭവത്തില്‍ ഫിഫ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാഴ്‌സലോണ: ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം നടന്ന സംഘര്‍ഷത്തില്‍ അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റത്തെ കടുത്ത ഭാഷയില്‍ അപലഭിച്ച് സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവന്റെ. അര്‍ജന്റീന കളിക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ സഹിക്കാനാവാത്തതും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌പെയ്ന്‍ 1-0 എന്ന സ്‌കോറിന് അര്‍ജന്റീനയെ പരാജയപ്പെടുത്തി ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആവേശത്തിനൊടുവിലാണ് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ ഇരു ടീമുകളും തമ്മില്‍ വലിയതോതില്‍ ഉരസലുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫിഫ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.
മത്സരം അവസാനിച്ച ഉടന്‍ തന്നെ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേഡെസ്, സ്‌പെയ്ന്‍ താരങ്ങളായ എറിക് ഗാര്‍സിയ, ഗാവി എന്നിവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇത് പെട്ടെന്ന് തന്നെ വലിയൊരു കൂട്ടത്തല്ലിലേക്ക് വഴിമാറുകയും ഇരു ടീമുകളിലെയും കളിക്കാര്‍ പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് ഒഫിഷ്യലുകളും കോച്ചിങ് സ്റ്റാഫുകളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടയില്‍ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി തന്റെ കളിക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.
ഫൈനലിന് തലേദിവസം ഈ താരങ്ങളെയും അവരുടെ മികച്ച പരിശീലകനെയും താന്‍ പ്രശംസിച്ചതാണെന്നും, എന്നാല്‍ അത്തരത്തിലുള്ള കളിക്കാരില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ''ആ പ്രതിഭകളായ കളിക്കാരില്‍ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം സഹിക്കാനാവാത്തതും അംഗീകരിക്കാനാവാത്തതുമാണ്. ഫൈനലിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഞാന്‍ അവരെ പ്രശംസിച്ചതാണ്. മാത്രമല്ല, അവര്‍ക്ക് മികച്ചൊരു പരിശീലകനുമുണ്ട്.'' ഫുവന്റെ പറഞ്ഞു.
എന്നാല്‍, എതിരാളികളുടെ ഭാഗത്തുനിന്നും പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടായിട്ടും അതില്‍ പതറാതെ സംയമനം പാലിച്ച തന്റെ കളിക്കാരെ 64 കാരനായ ലൂയിസ് ഡി ലാ ഫുവന്റെ അഭിനന്ദിച്ചു. പ്രൊഫഷണലുകളെപ്പോലെയാണ് സ്പാനിഷ് താരങ്ങള്‍ പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിഫ അന്വേഷണം ആരംഭിച്ചു
ഫൈനലിനുശേഷമുള്ള ഈ അനിഷ്ട സംഭവങ്ങള്‍ ഫിഫയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുന്നതിനായി ഫിഫ ഒരു ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. ഇതുവരെ ഔദ്യോഗിക നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഉണ്ടായേക്കാം.

