രണ്ടും കല്‍പ്പിച്ചു തന്നെ, ഡി മരിയ ആദ്യ ഇലവനില്‍, അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനായി

By Web TeamFirst Published Dec 18, 2022, 7:20 PM IST
Highlights

എമിലിയാനോ മാര്‍ട്ടിനെസ് കാവല്‍ നില്‍ക്കുന്ന ഗോള്‍ പോസ്റ്റിന് മുന്നിലായി മൊളിന, റൊമേോ, ഒട്ടമെന്‍ഡി, അക്യുന എന്നിവര്‍ അണിനിരക്കുമ്പോള്‍ മധ്യനിരയില്‍ ഡി മരിയ, ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, മക് അലിസ്റ്റര്‍ എന്നിവരാണുള്ളത്.

ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനിറങ്ങുന്ന അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു. ആരാധകര്‍ പ്രതീക്ഷിച്ചപോലെ ഏയ്ഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലാണ് അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണി ഇന്ന് ടീമിനെ വിന്യസിക്കുന്നത്.

എമിലിയാനോ മാര്‍ട്ടിനെസ് കാവല്‍ നില്‍ക്കുന്ന ഗോള്‍ പോസ്റ്റിന് മുന്നിലായി മൊളിന, റൊമേോ, ഒട്ടമെന്‍ഡി, അക്യുന എന്നിവര്‍ അണിനിരക്കുമ്പോള്‍ മധ്യനിരയില്‍ ഡി മരിയ, ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, മക് അലിസ്റ്റര്‍ എന്നിവരാണുള്ളത്.

മുന്നേറ്റനിരയില്‍ ജൂലിയന്‍ ആല്‍വാരസിനൊപ്പം ലിയോണല്‍ മെസിയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തുടക്കത്തില്‍ മധ്യനിരയില്‍ ക്രൊയേഷ്യക്കെതിരെ ആധിപത്യം നേടാന്‍ അര്‍ജന്‍റീനക്കായിരുന്നില്ല. ആദ്യ ഗോള്‍ വീണശേഷമാണ് അര്‍ജന്‍റീന മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. അതുപോലെ ഇന്ന് ആദ്യ ഗോള്‍ നേടുക എന്നതാണ് അര്‍ജന്‍റീനക്ക് മുന്നിലുള്ള വെല്ലുവിളി.

കിരീടപ്പോരിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്

ഈ ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ കുതിപ്പിന് ഇന്ധനമായി മധ്യനിരയിലും പിന്‍നിരയിലും മുന്നേറ്റനിരയിലുമെല്ലാം കളിക്കുന്ന ഗ്രീസ്‌മാനൊപ്പം നില്‍ക്കാനുള്ള ചുമതല എന്‍സോ ഫെര്‍ണാണ്ടസിനെയാണ് സ്കലോണി ഏല്‍പ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിന്‍റെ ഓരോ ഗോളിന് പിന്നിലും ഗ്രീസ്മാന്‍റെ ബുദ്ധിയുണ്ട്. മധ്യനിരയില്‍ ഗ്രീസ്‌മാനൊപ്പം നില്‍ക്കുന്ന പ്രകടം പുറത്തെടുക്കുന്ന എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് എന്‍സോ ഫെര്‍ണാണ്ടസിന് ഇന്നുള്ളത്.

എംബാപ്പെയുടെ അതിവേഗ ഓട്ടം തടയാന്‍ അര്‍ജന്‍റീനക്കാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അത് തടയാനുള്ള ചുമതല നാഹ്യുവെല്‍ മൊളീനയെ ആണ് ഏല്‍പ്പിച്ചിരിക്കുന്നത്. മറുവശത്ത് മെസിയുടെ കാലില്‍ പന്തെത്താതിരിക്കാനുള്ള ചുമതല ഫ്രാന്‍സ് ഏല്‍പ്പിച്ചിരിക്കുന്നത് ചൗമനിയെയാണെന്നതും ശ്രദ്ധേയം.

അര്‍ജന്‍റീന സ്റ്റാര്‍ട്ടിംഗ് ഇലവന്‍: (4-4-2): Martínez; Molina, Romero, Otamendi, Acuña; Di María, De Paul, Enzo Fernández, Mac Allister; Messi, Álvarez.

click me!