കോപ്പ അമേരിക്കയിൽ സ്വപ്‌ന സെമി: വെനസ്വലയെ തകർത്ത അർജന്റീന ബ്രസീലിനോട് ഏറ്റുമുട്ടും

By Web TeamFirst Published Jun 29, 2019, 5:05 AM IST
Highlights

മരകാനയിലെ മൈതാനത്ത് നടന്ന് വാശിയേറിയ ക്വാർട്ടർ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് അർജന്റീന വിജയിച്ചു

മരകാന: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആരാധകര്‍ കാത്തിരുന്ന സ്വപ്‌ന സെമി ഫൈനലിന് കളമൊരുങ്ങി. വെനസ്വലയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തതോടെ സെമിയിൽ ബ്രസീലുമായി  അർജന്റീന ഏറ്റുമുട്ടും. 2008 ബീജിങ് ഒളിംപിക്സിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നേർക്കുനേർ വരുന്നത് ഇതാദ്യമാണ്. ബുധനാഴ്‌ച രാവിലെ ആറു മണിക്കാണ് ഈ സ്വപ്‌ന സെമി.

ക്വാർട്ടറിൽ വെനസ്വേലയ്ക്ക് എതിരെ മികച്ച കളിയാണ് അർജന്റീന പുറത്തെടുത്തത്. കളി തുടങ്ങി 10-ാം മിനിറ്റില്‍ തന്നെ അവർ മുന്നിലെത്തി. ലൗട്ടാറൊ മാര്‍ട്ടിനെസാണ് ഗോൾ നേടിയത്. 74-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയും വല ചലിപ്പിച്ചു. ലയണല്‍ മെസ്സിയെടുത്ത കോര്‍ണര്‍ കിക്കില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. 

വെനസ്വേല പ്രതിരോധത്തിന്റെ വിള്ളല്‍ മുതലെടുത്തായിരുന്നു അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. ഡി പോള്‍ നല്‍കിയ പാസില്‍ ബോക്‌സിന് തൊട്ടുപുറത്ത് വെച്ച് അഗ്യൂറോ അടിച്ച ഷോട്ട് ഗോളി തടുത്തിട്ടു. ബോക്‌സിലേക്ക് ഓടിക്കയറിയ സെല്‍സോ പന്ത് തട്ടി വലയിലാക്കി. 68-ാം മിനിറ്റില്‍ അക്യൂനയ്ക്ക് പകരം സെല്‍സോയെ ഇറക്കിയത് വെറുതെയായില്ല. അര്‍ജന്റീന 2-0 വെനസ്വേല.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച അർജന്റീനയ്ക്ക്, നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴായി. മെസ്സി നിരവധി ഗോൾ അവസരങ്ങൾ ഒരുക്കിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവർക്ക് തിരിച്ചടിയായി.

2008 ബെയ്ജിങ് ഒളിമ്പിക്‌സ് സെമിഫൈനലിലാണ്അര്‍ജന്റീനയും ബ്രസീലും അവസാനമായി മുഖാമുഖം വന്നത്.  2007ല്‍ വെനസ്വേലയില്‍ നടന്ന ഫൈനലിലായിരുന്നു കോപ്പയിലെ അവസാന പോരാട്ടം. മെസ്സി കളിച്ച ആ മത്സരത്തില്‍ അര്‍ജന്റീന 3-0ത്തിന് പരാജയപ്പെടുകയാണ് ഉണ്ടായത്.

click me!