ഇംഗ്ലണ്ട് ഗോള്‍ കീപ്പറുടെ പെനൽറ്റി 'രഹസ്യം' കൈയോടെ പൊക്കി അർജന്‍റീന താരങ്ങൾ; പൊട്ടിച്ചിരിച്ച് മെസിയും എൻസോയും

Published : Jul 16, 2026, 01:32 PM ISTUpdated : Jul 16, 2026, 01:42 PM IST
Pickford Penalty Cheat Sheet

Synopsis

ബുധനാഴ്ച രാത്രി അറ്റ്‌ലാന്‍റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിലായിരുന്ന ഇംഗ്ലണ്ട് ഫൈനൽ ഉറപ്പിച്ചിരിക്കെയാണ് അവസാന നിമിഷങ്ങളിൽ അർജന്‍റീന കളി തിരിച്ചുപിടിച്ചത്.

അറ്റ്‌ലാന്‍റ: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ആവേശപ്പോരാട്ടത്തിൽ വീഴ്ത്തി അർജന്‍റീന ഫൈനലിലെത്തിയതിന് പിന്നാലെ വൈറലായി മൈതാനത്തെ മറ്റൊരു കൗതുകകാഴ്ച. മത്സരത്തിന് ശേഷം ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡിന്‍റെ വാട്ടർ ബോട്ടിൽ കയ്യിൽ കിട്ടിയ അർജന്‍റീനിയൻ താരങ്ങൾ അത് നോക്കി പരസ്പരം ട്രോളി ചിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അർജന്‍റീനിയൻ കളിക്കാരുടെ പെനൽറ്റി ശൈലികൾ അടയാളപ്പെടുത്തിയ 'ചീറ്റ് ഷീറ്റ്' ഒട്ടിച്ചതായിരുന്നു ഈ വെള്ള കുപ്പി.

ബുധനാഴ്ച രാത്രി അറ്റ്‌ലാന്‍റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിലായിരുന്ന ഇംഗ്ലണ്ട് ഫൈനൽ ഉറപ്പിച്ചിരിക്കെയാണ് അവസാന നിമിഷങ്ങളിൽ അർജന്‍റീന കളി തിരിച്ചുപിടിച്ചത്. 86-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും ഇഞ്ചുറി ടൈമിൽ ലൗതാരോ മാർട്ടീനസും നേടിയ ഗോളുകളിലാണ് അർജന്‍റീന 2-1 ന് ജയം പിടിച്ചെടുത്തത്.

 

മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയില്ല, പക്ഷേ 'രഹസ്യരേഖ' പരസ്യമായി

മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഇംഗ്ലീഷ് ഗോള്‍ കീപ്പർ പിക്ഫോർഡ് തന്‍റെ വാട്ടർ ബോട്ടിലിൽ അർജന്‍റീന താരങ്ങളുടെ പെനൽറ്റി വിവരങ്ങൾ അടങ്ങിയ സ്റ്റിക്കർ പതിപ്പിച്ചത്. ഏത് താരം ഏത് വശത്തേക്ക് ഷോട്ടുതിർക്കാനാണ് സാധ്യതയെന്ന കൃത്യമായ ഡാറ്റയായിരുന്നു ഇതിലുണ്ടായിരുന്നത്. മുൻപ് യൂറോ കപ്പിൽ സ്വിറ്റ്സർലൻഡിന്‍റെ മാനുവൽ അകാഞ്ചിയുടെ പെനാൽറ്റി തടുക്കാൻ പിക്ഫോർഡിനെ സഹായിച്ചത് ഇതേ തന്ത്രമായിരുന്നു. എന്നാൽ മത്സരം നിശ്ചിത സമയത്ത് തന്നെ അർജന്‍റീന ജയിച്ചതോടെ പിക്ഫോർഡിന് ഈ കുപ്പി ഉപയോഗിക്കേണ്ടി വന്നില്ല. കളിക്ക് ശേഷമുള്ള വിജയാഘോഷത്തിനിടയിലാണ് അർജന്‍റീനിയൻ കോച്ചിംഗ് സ്റ്റാഫിലെ ഒരാൾക്ക് മൈതാനത്ത് നിന്ന് ഈ കുപ്പി ലഭിക്കുന്നത്.

 

ഈ ലോകകപ്പിൽ ഓസ്ട്രിയക്കെതിരെയും ഈജിപ്തിനെതിരെയും പെനാൽറ്റി നഷ്ടപ്പെടുത്തിയ നായകൻ ലിയോണൽ മെസിയെ കോച്ചിംഗ് സ്റ്റാഫ് ഈ കുപ്പി കാണിച്ചതോടെയാണ് ഗാലറിയിലും മൈതാനത്തും ചിരി പടർന്നത്. തുടർന്ന് കുപ്പിയുമായി താരം എൻസോ ഫെർണാണ്ടസിന്‍റെ അടുത്തേക്ക് ചെന്നു. കുപ്പിയിൽ തന്‍റെ പേരും താൻ അടിക്കാൻ സാധ്യതയുള്ള വശവും രേഖപ്പെടുത്തിയത് നോക്കി ചെൽസി മിഡ്ഫീൽഡറായ എൻസോ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇംഗ്ലണ്ടിനെതിരെയുള്ള നാടകീയ വിജയത്തിന് ശേഷം അർജന്‍റീനിയൻ ക്യാമ്പിലെ വലിയ ആശ്വാസത്തിന്‍റെ തെളിവായി ഈ ദൃശ്യങ്ങൾ മാറി. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സ്പെയിനെ നേരിടാനൊരുങ്ങുന്ന അർജന്‍റീന തങ്ങളുടെ നാലാം ലോകകിരീടമാണ് ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എനിക്ക് അവരെ നന്നായി അറിയാം'; സ്പെയിനിന് എതിരായ സ്വപ്ന ഫൈനലിന് മുമ്പ് മനസുതുറന്ന് മെസി
മൈതാനത്തെ മെസി മാജിക് നേരിൽ കണ്ട് ഗാലറിയില്‍ 'ലാലേട്ടനും ഫഫയും'; അർജന്‍റീന-ഇംഗ്ലണ്ട് സെമി കാണാനെത്തി താരക്കൂട്ടം