തന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും ചെലവഴിച്ച സ്പെയിനിലെ ഫുട്ബോൾ ശൈലി തനിക്ക് കൃത്യമായി അറിയാമെന്ന് ബാഴ്സലോണ മുൻ ഇതിഹാസം കൂടിയായ മെസി പറഞ്ഞു.

അറ്റ്‌ലാന്‍റ: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോപ്യൻ ചാമ്പ്യന്മാരും നേർക്കുനേർ വരുന്ന കലാശപ്പോരാട്ടത്തിന് വേദിയൊരുങ്ങുമ്പോൾ ഫൈനല്‍ പ്രതീക്ഷകള്‍ പങ്കുവെച്ച് അർജന്‍റീനിയൻ നായകൻ ലിയോണൽ മെസി. ഫൈനലിൽ തങ്ങളുടെ എതിരാളികളായ സ്പെയിനിന്‍റെ കളിശൈലിയെയും കരുത്തിനെയും പ്രകീർത്തിച്ച മെസി, അത് തനിക്ക് ഏറെ സവിശേഷമായ ഒരു മത്സരമായിരിക്കുമെന്നും ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിനുശേഷം വ്യക്തമാക്കി. സെമിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്‍റീന ഫൈനലിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മെസി.

തന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും ചെലവഴിച്ച സ്പെയിനിലെ ഫുട്ബോൾ ശൈലി തനിക്ക് കൃത്യമായി അറിയാമെന്ന് ബാഴ്സലോണ മുൻ ഇതിഹാസം കൂടിയായ മെസി പറഞ്ഞു. മികച്ച കളിക്കാരും തികച്ചും വ്യത്യസ്തമായ കളിശൈലിയുമുള്ള കരുത്തുറ്റ ടീമാണ് സ്പെയിൻ. വർഷങ്ങളായി അവർ പിന്തുടരുന്ന ഫുട്ബോൾ ഫിലോസഫി എനിക്ക് വളരെ നന്നായി അറിയാം. അവരുടെ കളിക്കാരെയും എനിക്കറിയാം. അതിൽ പലർക്കെതിരെയും ഞാൻ കളിച്ചിട്ടുണ്ട്, ഇപ്പോഴും ഞാൻ അവരുടെ മത്സരങ്ങൾ പിന്തുടരുന്നുമുണ്ട്. നിരവധി കളിക്കാർ ഞാൻ ഇപ്പോഴും സ്നേഹിക്കുന്ന ബാഴ്സലോണയിലാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ലോകകപ്പ് ഫൈനലിലാണ് എന്നതിനപ്പുറം എനിക്ക് വളരെ സവിശേഷമായ ഒരു മത്സരമായിരിക്കും. കടുത്ത പോരാട്ടമായിരിക്കും ഫൈനലിൽ നടക്കുകയെന്നും മെസി പറഞ്ഞു.

യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ, ആദ്യ സെമിഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് 16 വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2019 കോപ്പ അമേരിക്കയിൽ ബ്രസീലിനോട് തോറ്റതിന് ശേഷം കളിച്ച പ്രധാന ടൂർണമെന്‍റുകളിലെല്ലാം അർജന്‍റീന ഫൈനലിലെത്തിയതിനെക്കുറിച്ചും മെസി വാചാലനായി.

ഈ ടീം ചെയ്തുകൊണ്ടിരിക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്. ഇത് ഞങ്ങളുടെ അഞ്ചാമത്തെ ഫൈനലാണ് (വിവിധ ടൂർണമെന്റുകളിലായി). ഞങ്ങൾ ലോകകപ്പ് ജേതാക്കളായി ഇവിടെയെത്തി, കഴിഞ്ഞ നാല് വർഷമായി മികച്ച ടീമായി തുടർന്നു, ഇതാ ഇപ്പോൾ വീണ്ടും ലോകത്തെ ഏറ്റവും മികച്ച രണ്ട് ടീമുകളിൽ ഒന്നായി ഫൈനലിലെത്തിയിരിക്കുന്നു. ആളുകൾ എന്ത് തന്നെ പറഞ്ഞാലും, മൈതാനത്ത് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് ഈ സംഘം വീണ്ടും തെളിയിക്കുകയാണെന്നും മെസി വ്യക്തമാക്കി.

ടൂർണമെന്‍റിൽ ഇതുവരെ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ഗോൾഡൻ ബോൾ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടങ്ങളിലും മുന്നിലാണ് 39-കാരനായ മെസി. ഈ ലോകകപ്പിനായി താൻ ഒരു വർഷത്തോളമായി കഠിനമായി തയ്യാറെടുക്കുകയായിരുന്നുവെന്നും മെസി വെളിപ്പെടുത്തി. ഡിസംബറിൽ അർജന്‍റീനയിലായിരുന്നപ്പോൾ രാവിലെയും വൈകുന്നേരവും താൻ പരിശീലനത്തിലായിരുന്നുവെന്നും ഏറ്റവും മികച്ച ഫോമിൽ ലോകകപ്പിനെത്താൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും മെസി കൂട്ടിച്ചേർത്തു. ഞായറാഴ്ച ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന അർജന്‍റീന-സ്പെയിൻ കിരീട പോരാട്ടം നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക