'പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി'; കേരളത്തിലെ ആരാധകരെ ചേര്‍ത്തുപ്പിടിച്ച് അര്‍ജന്റൈന്‍ എംബസി

By Web TeamFirst Published Jul 20, 2021, 10:26 PM IST
Highlights

കേക്കുകള്‍ മുറിച്ചും ബൈക്ക് റാലി നടത്തിയുമൊക്കെയായിരുന്നു ആരാധകരുടെ ആഘോഷം. ഇപ്പോള്‍ ടീമിനെ പിന്തുണച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി അറിയിച്ചിരിക്കുകയാണ് ഇന്ത്യയിലെ അര്‍ജന്റീനയുടെ എംബസി.
 

ദില്ലി: അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടം ആഘോഷമാക്കിയവരാണ്് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ഒരു പ്രധാന കിരീടം സ്വന്തമാക്കുന്നത്. മാത്രമല്ല, കരിയറില്‍ അവസാനകാലത്ത് എത്തിനില്‍ക്കുന്ന ഇതിഹാസതാരം ലിയോണല്‍ മെസിക്കും അന്താരാഷ്ട്ര ജേഴ്‌സിയില്‍ ഒരു കിരീടം അനിവാര്യമായിരുന്നു. സ്വപ്‌നനേട്ടം സ്വന്തമായപ്പോള്‍ ലോകമെമ്പാടമുള്ള അര്‍ജന്റീന ആരാധകര്‍ ആഘോഷിച്ചു. അതും ബ്രസീലില്‍ പോയി അവരെ തോല്‍പ്പിച്ചുകൊണ്ട്.

ലോകത്തോടൊപ്പം കേരളത്തിലെ അര്‍ജന്റൈന്‍ ആരാധകരും കോപ്പ നേട്ടം ആഘോഷമാക്കി. കേക്കുകള്‍ മുറിച്ചും ബൈക്ക് റാലി നടത്തിയുമൊക്കെയായിരുന്നു ആരാധകരുടെ ആഘോഷം. ഇപ്പോള്‍ ടീമിനെ പിന്തുണച്ചതിനും പ്രോത്സാഹിപ്പിച്ചതിനും നന്ദി അറിയിച്ചിരിക്കുകയാണ് ഇന്ത്യയിലെ അര്‍ജന്റീനയുടെ എംബസി. നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ പറയുന്നതിങ്ങനെ... ''കോപ്പ അമേരിക്കയില്‍ അര്‍ജന്റീയെ പിന്തുണച്ച കേരളത്തിലെ ആരാധകരോട് കൃതജ്ഞത രേഖപ്പെടുത്തുകയാണ്. ടൂര്‍ണമെന്റ് തുടക്കം മുതല്‍ നിങ്ങള്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഉപാധിയില്ലാത്ത നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവുമെല്ലാം കിരീടനേട്ടത്തില്‍ പങ്കുവഹിച്ചു.'' എംബസി വക്താക്കള്‍ വ്യക്തമാക്കി. 

മരക്കാനയില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ഡി പോളിന്റെ പാസില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.

click me!