അച്ഛന്‍ തിളങ്ങിയത് ഗ്രൗണ്ടില്‍, മകന്‍ കളത്തിന് പുറത്ത്; ആരോമല്‍ വിജയന്‍ ഇനി ഗോകുലം കേരളയ്‌ക്കൊപ്പം

By Web TeamFirst Published Nov 22, 2020, 2:05 PM IST
Highlights

മുംബൈയില്‍ നിന്ന് പ്രൊഫഷണലായി വീഡിയോ പെര്‍ഫോമന്‍സ് അനാലിസിസ് കോഴ്‌സ് പഠിച്ച ആരോമല്‍ ഇപ്പോള്‍ ഗോകുലം കേരളയുടെ വീഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റാണ്.

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളില്‍ ഐഎം വിജയന്‍ തിളങ്ങിയത് കളത്തിലാണെങ്കില്‍ മകന്‍ ആരോമല്‍ പേരെടുക്കാനൊരുങ്ങുന്നത് കളിക്കളത്തിന് പുറത്താണ്. ഫുട്‌ബോളിലെ വിലയിരുത്തല്‍ സംവിധാനമായ വിഡിയോ പെര്‍ഫോമന്‍സ് അനാലിസിസാണ് ആരോമലിന്റെ മേഖല. ക്ലബുകള്‍ അവരുടെ പിഴവും മികവും പരിശോധിക്കാനാണ് വീഡിയോ അനലിസ്റ്റുകളെ നിയമിക്കുന്നത്. മുംബൈയില്‍ നിന്ന് പ്രൊഫഷണലായി വീഡിയോ പെര്‍ഫോമന്‍സ് അനാലിസിസ് കോഴ്‌സ് പഠിച്ച ആരോമല്‍ ഇപ്പോള്‍ ഗോകുലം കേരളയുടെ വീഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റാണ്.

താരങ്ങള്‍ക്ക് ചുവടും അടവും പിഴക്കുന്നിടത്താണ് ഫുട്‌ബോളില്‍ വിഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റിന്റെ റോള്‍. പിഴവു മാത്രമല്ല മികവും വിലയിരുത്തും. മത്സരം തുടങ്ങുമ്പോള്‍ തന്നെ അനലിസ്റ്റിന്റെ  ജോലിയും തുടങ്ങും. വിഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റായി എഫ്‌സി തൃശൂരിലായിരുന്നു ആരോമലിന്റെ തുടക്കം. കഴിഞ്ഞ ദിവസമാണ് ഗോകുലത്തില്‍ എത്തിയത്. സ്വന്തം ടീമിന്റെ കളി മാത്രം വിലയിരുത്തുന്നതില്‍ ഒതുങ്ങുന്നതല്ല വീഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റിന്റെ ജോലി. 

അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ കളികള്‍ കാണണം. എങ്കിലേ ഈ രംഗത്ത് ശോഭിക്കാനാവൂ.ഫുട്‌ബോള്‍ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നു വരുന്നതിനാല്‍ ചെറുപ്പം മുതലേ കളി കാണാനും കളിക്കാനും ആരോമലിന് അവസരം കിട്ടിയിട്ടുണ്ട്. കുറച്ച് കാലം മുന്‍പ് വരെ കളിക്കളത്തില്‍ സജീവമായിരുന്ന ആരോമല്‍ പുതിയ ജോലിയില്‍ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

click me!